Sub Lead

നെയ്യാറ്റിന്‍കരയില്‍ ഭാര്യയും മക്കളും ''സമാധി'' ഇരുത്തിയ വയോധികന്റെ മൃതദേഹം പുറത്തെടുക്കും; മരണകാരണം അറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണം

ഗോപന്‍ സ്വാമി(78)യെ സമാധി ഇരുത്തിയ മണ്ഡപത്തിന് പോലിസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നെയ്യാറ്റിന്‍കരയില്‍ ഭാര്യയും മക്കളും സമാധി ഇരുത്തിയ വയോധികന്റെ മൃതദേഹം പുറത്തെടുക്കും; മരണകാരണം അറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണം
X

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആറാലുമൂട്ടില്‍ വയോധികനെ ഭാര്യയും മക്കളും ഹിന്ദു വിശ്വാസപ്രകാരം 'സമാധി' ഇരുത്തിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കി പോലിസ്. മരണകാരണം അറിയാന്‍ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തണമെന്നാണ് റിപോര്‍ട്ടിലെ ആവശ്യം. ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമി(78)യെ സമാധി ഇരുത്തിയ മണ്ഡപത്തിന് പോലിസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുക്കണമെന്നാണ് പോലിസിന്റെ നിലപാട്. മൃതദേഹത്തില്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തിയാലേ മരണകാരണം അറിയാനാവൂയെന്നാണ് പോലിസ് പറയുന്നത്. ജില്ലാ കലക്ടറാണ് റിപോര്‍ട്ടില്‍ അന്തിമതീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞദിവസം രാവിലെ 11 മണിയോടെ ഗോപന്‍ സ്വാമി മരിച്ചെന്നും അതിനുശേഷം രാത്രിയോടെ മരണാന്തര ചടങ്ങുകള്‍ ചെയ്തു സമാധി ആക്കിയെന്നുമാണ് ഭാര്യയും മക്കളും നാട്ടുകാരോടും മാധ്യമപ്രവര്‍ത്തകരോടും പറയുന്നത്. പിതാവ് സമാധിയായെന്ന് വ്യാഴാഴ്ച മക്കള്‍ ബോര്‍ഡ് വച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. ഗോപന്‍ സ്വാമി സമാധി ആയതാണെന്നും അത് പരസ്യമാക്കാന്‍ പാടില്ലെന്നുമാണ് ഭാര്യയും മക്കളും പറഞ്ഞുകൊണ്ടിരിക്കുന്നത്. താന്‍ സമാധി ആകാന്‍ പോകുന്ന കാര്യം പിതാവ് മുന്‍കൂട്ടി പറഞ്ഞിരുന്നുവെന്നും സമാധിയാകുന്ന വ്യക്തിയെ അടക്കം ചെയ്യുന്നത് ആരും അറിയാന്‍ പാടില്ലെന്നും കുടുംബം വിശദീകരിക്കുന്നു.

എന്നാല്‍, ബന്ധുക്കളെയോ നാട്ടുകാരെയോ വാര്‍ഡ് അംഗത്തെയോ അറിയിക്കാതെയാണ് മണ്ഡപം കെട്ടി പിതാവിന്റെ ഭൗതികശരീരം പീഠത്തിലിരുത്തി സ്‌ലാബിട്ട് മൂടിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. രാജസേനന്‍, സനന്തന്‍ എന്നീ രണ്ട് ആണ്‍മക്കളും മരണപ്പെട്ട സ്വാമിയുടെ ഭാര്യ സുലോചനയും മരുമകളും മാത്രമാണ് മരണാന്തര ചടങ്ങുകള്‍ ചെയ്യാന്‍ ഉണ്ടായിരുന്നത് എന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പോസ്റ്റര്‍ കണ്ട് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലിസ് എത്തി വിവരങ്ങള്‍ ശേഖരിച്ച് കലക്ടര്‍ക്കു റിപോര്‍ട്ട് നല്‍കിയത്.

വീടിനോട് ചേര്‍ന്ന് ഒരു ശിവക്ഷേത്രം പണിഞ്ഞ് പൂജാ കര്‍മ്മങ്ങള്‍ ചെയ്തു വരികയായിരുന്നു ഗോപന്‍ സ്വാമി. മൂന്ന് മാസങ്ങള്‍ക്കുമുമ്പ് അസുഖബാധിതനായതോടെ നാട്ടുകാരില്‍ ചിലരോടും വാര്‍ഡ് മെമ്പറോടും താന്‍ മരിച്ചാല്‍ സമാധി ഇരുത്തണമെന്ന് അറിയിച്ചിരുന്നതായി പറയപ്പെടുന്നു. സമാധിയായി അടക്കം ചെയ്യാനുള്ള സ്ഥലം ഒരുക്കുകയും അവിടെ കല്ലുകൊണ്ട് സമാധി പണിയുകയും ചെയ്തിരുന്നു. താന്‍ മരിച്ചതിന് ശേഷം ഈ സ്ഥലത്ത് സമാധി ഇരുത്തണമെന്നും അതിനുശേഷം മാത്രമേ നാട്ടുകാരെ അറിയിക്കാന്‍ പാടുള്ളൂ എന്നും ഗോപന്‍ സ്വാമി ഭാര്യയോടും മക്കളോടും പറഞ്ഞിരുന്നതായാണ് അവര്‍ പറയുന്നത്.

ശിവനെ ആരാധിക്കുന്നതിനാല്‍ ഇപ്രകാരം ചെയ്താല്‍ മാത്രമേ ദൈവത്തിന്റെയടുത്ത് പോകാനാകൂ എന്ന വിശ്വാസമാണ് പിതാവിന് ഉണ്ടായിരുന്നതെന്നും അതുകൊണ്ടാണ് നാട്ടുകാരെയും വാര്‍ഡ് മെമ്പറെയും പോലും അറിയിക്കാതെ 'സമാധി' ചടങ്ങുകള്‍ നടത്തിയത് എന്നുമാണ് രണ്ടുമക്കളും പോലിസിന് മൊഴി നല്‍കിയിരിക്കുന്നത്. ഗോപന്‍ സ്വാമി പണികഴിപ്പിച്ച ക്ഷേത്രത്തില്‍ രാത്രി രണ്ടും മൂന്നും മണിക്കാണ് പൂജകള്‍ നടന്നിരുന്നതെന്നും ഇവര്‍ ദുര്‍മന്ത്രവാദം നടത്തുന്നവരാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it