Latest News

കൊവിഡ്: ഒന്നും രണ്ടും തരംഗത്തിലെ മരണനിരക്ക് സമാനമെന്ന് ഐസിഎംആര്‍

കൊവിഡ്: ഒന്നും രണ്ടും തരംഗത്തിലെ മരണനിരക്ക് സമാനമെന്ന് ഐസിഎംആര്‍
X

ന്യൂഡല്‍ഹി: കൊവിഡ് ഒന്നും രണ്ടും തരംഗത്തില്‍ മരണനിരക്കില്‍ പറയത്തക്ക മാറ്റമൊന്നുമില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ മെഡിക്കല്‍ വിദഗ്ധര്‍. ശ്വാസതടസ്സത്തിന്റെ കാര്യത്തില്‍ പുതിയ കൊവിഡ് ബാധ പഴയതില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും മറ്റെല്ലാം സമാനമാണ്. കഴിഞ്ഞ തരംഗത്തിലെപ്പോലെ മരണസാധ്യത ഇപ്പോഴും 60 വയസ്സിനു മുകളിലുള്ളവരിലാണ് കൂടുതല്‍ കാണപ്പെടുന്നത്.

20 വയസ്സിനു താഴെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ ചെറിയ വര്‍ധനയുണ്ടായിട്ടുണ്ട്. ഒന്നാം തരംഗത്തില്‍ 4.2 ശതമാനമായിരുന്നത് ഇപ്പോള്‍ 5.8 ശതമാനമായിട്ടുണ്ട്. 20-40 വയസ്സിനിടയിലുള്ളവരിലെ രോഗബാധ നേരത്തെ 25.5 ശതമാനമായിരുന്നത് ഇപ്പോള്‍ 23.7 ശതമാനമായി.

47 ശതമാനം രോഗലക്ഷണങ്ങളുള്ള രോഗികളിലും ചെറിയ തോതിലാണെങ്കിലും ഇത്തവണ ശ്വാസതടസ്സം അനുഭവപ്പെട്ടതായി ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബാല്‍റാം ഭാര്‍ഗവ പറഞ്ഞു. ഇത് ആദ്യ തരംഗത്തില്‍ 41 ശതമാനമായിരുന്നു.

ചുമ, പേശീവേദന, സന്ധിവേദന, തളര്‍ച്ച എന്നിവയിലും ചെറിയ വ്യത്യാസമുണ്ട്. ആദ്യ തരംഗത്തിലെ 6,642 രോഗികളെയും രണ്ടാം തരംഗത്തിലെ 1,405 രോഗികളെയും പരിശോധിച്ചതില്‍ നിന്ന് എത്തിയ നിഗമനമാണെന്നതാണ് ഈ കണക്കുകളുടെ ഒരു പോരായ്മ.

2020 സപ്തംബര്‍- നവംബര്‍ മാസത്തില്‍ പ്രവേശിപ്പിക്കപ്പെട്ട 650 രോഗികളില്‍ 9.6 ശതമാനംപേര്‍ക്ക് ജീവഹാനിയുണ്ടായി. മാര്‍ച്ച് ഏപ്രില്‍ മാസത്തില്‍ 351 പേരുടെ ഒരു ഗ്രൂപ്പിനെ പരിശോധിച്ചപ്പോള്‍ മരണനിരക്ക് 9.7 ശതമാനമായിരുന്നു.

ആദ്യ തരംഗത്തില്‍ നിന്ന് വ്യത്യസ്തമായ ഈ തരംഗത്തില്‍ ഓക്‌സിജന്റെ ആവശ്യകത അധികമാണ്. ഓക്‌സിജന്‍ ക്ഷാമം രാജ്യത്ത് അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.

അതേസമയം മരണനിരക്കില്‍ ഈ രണ്ട് തരംഗങ്ങള്‍ക്കിടയില്‍ വലിയ അന്തരമില്ലെന്ന് കൊവിഡ് വാക്‌സിന്‍ എംപവേര്‍ഡ് കമ്മിറ്റിയിലെ ഡോ. വി കെ പോള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it