Latest News

ബീഹാര്‍ മെഡിക്കല്‍ കോളജില്‍ 87 ഡോക്ടര്‍മാര്‍ക്ക് കൊവിഡ്

ബീഹാര്‍ മെഡിക്കല്‍ കോളജില്‍ 87 ഡോക്ടര്‍മാര്‍ക്ക് കൊവിഡ്
X

നളന്ദ: ബീഹാറിലെ നളന്ദ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 87 ഡോക്ടര്‍മാര്‍ക്ക് ഒറ്റയടിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പട്‌ന ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖര്‍ സിങ് പറഞ്ഞു. ഡോക്ടര്‍മാരില്‍ മിക്കവര്‍ക്കും രോഗലക്ഷണങ്ങളില്ല. ഉള്ളവരുടേത് തന്നെ ലഘുവായ ലക്ഷണങ്ങളാണ്.

എല്ലാ ഡോക്ടര്‍മാരെയും ആശുപത്രി കാംപസില്‍ ക്വാറന്റീനിലാക്കി.

ബീഹാറില്‍ കഴിഞ്ഞ ദിവസം നടന്ന ഐഎംഎയുടെ ഒരു പരിപാടിക്കിടയില്‍നിന്നായിരിക്കും ഡോക്ടര്‍മാര്‍ക്ക് രോഗബാധയുണ്ടായിട്ടുണ്ടാവുകയെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കം നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ശനിയാഴ്ച പട്‌ന എഐഐഎംഎസില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഞായറാഴ്ച ബീഹാറില്‍ 352 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 71 എണ്ണം കൂടുതലാണ് അത്. സജീവ രോഗികളുടെ എണ്ണം 1,074 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ശനിയാഴ്ചയും വെള്ളിയാഴ്ചയും ബീഹാറില്‍ യഥാക്രമം 281ഉം 158 ഉം പേര്‍ക്കാണ് രോഗബാധയുണ്ടായത്. കൊവിഡ് ബാധിച്ച് ഈ ദിവസങ്ങളില്‍ ആരും മരിച്ചിട്ടില്ല. സംസ്ഥാനത്തെ മരണനിരക്ക് 12,096 ആയി.

പട്‌നയിലും ഗയയിലുമാണ് സംസ്ഥാനത്ത് രോഗവ്യാപനം തീവ്രമായ ചില സ്ഥലങ്ങള്‍. പട്‌നയില്‍ 544ഉം ഗയയില്‍ 277ഉം പേര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്. സംസ്ഥാനത്തെ 80 ശതമാനം കൊവിഡ് രോഗികളും ഈ രണ്ട് ജില്ലകളിലാണ്.

Next Story

RELATED STORIES

Share it