Latest News

വിദേശ വായ്പ സ്വീകരിക്കാമെന്ന നിലപാടില്‍ തീരുമാനമെടുക്കും മുമ്പ് സിപിഎം കേരളീയ സമൂഹത്തോട് പൊതുമാപ്പ് പറയണം:വി ഡി സതീശന്‍

പുനസംഘടനയുമായി ബന്ധപ്പെട്ട് വരുന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ പേരില്‍ ഒരു ഗ്രൂപ്പും ഉണ്ടാകില്ല

വിദേശ വായ്പ സ്വീകരിക്കാമെന്ന നിലപാടില്‍ തീരുമാനമെടുക്കും മുമ്പ് സിപിഎം കേരളീയ സമൂഹത്തോട് പൊതുമാപ്പ് പറയണം:വി ഡി സതീശന്‍
X

കണ്ണൂര്‍:നിബന്ധനകളോടെ വിദേശ വായ്പ സ്വീകരിക്കാമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം സ്വീകരിക്കാമെന്നുമുള്ള നിലപാടില്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് സിപിഎം കേരളീയ സമൂഹത്തോട് പൊതുമാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.യുഡിഎഫ് ഭരണകാലത്ത് എഡിബി ഉദ്യോഗസ്ഥരുടെ മേല്‍ കരി ഓയില്‍ ഒഴിച്ചതിനും സ്വകാര്യമേഖലയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ എസ്എഫ്‌ഐക്കാരെ വിട്ട് മുന്‍ അംബാസിഡര്‍ ടി പി ശ്രീനിവാസന്റെ കരണത്ത് അടിച്ചതിനുമാണ് സിപിഎം മാപ്പ് പറയേണ്ടത്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയപ്പോള്‍ കണ്ണൂരില്‍ കലാപ സമാനമായ അന്തരീക്ഷമുണ്ടാക്കി വെടിവയ്പ്പുണ്ടാക്കി സഖാക്കള്‍ കൊല്ലപ്പെട്ടതിനും മാപ്പ് പറയണംമെന്നും സതീശന്‍ പറഞ്ഞു.

സിപിഎം പഴയ നിലപാട് മാറ്റിയത് നല്ലതാണ്. വൈകി മാത്രമെ സിപിഎമ്മിന് വിവേകം ഉദിക്കൂവെന്നതിന്റെ അവസാന ഉദാഹരണമാണിത്.1.5 ശതമാനം പലിശയ്ക്ക് വിദേശ വായ്പ വാങ്ങിയാണ് കൊച്ചി മെട്രോ യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. വിദേശ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ രംഗത്ത് അത്ഭുതകരമായ മാറ്റങ്ങള്‍ നടപ്പാക്കാന്‍ യുഡിഎഫ് ശ്രമിച്ചപ്പോള്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്ന ടി പി ശ്രീനിവാസനെ കരണത്തടിച്ച് അപമാനിച്ചവര്‍ ഇന്ന് തെറ്റ് തിരുത്തുകയാണ്. തെറ്റ് തിരുത്തുമ്പോള്‍ പഴയകാല കാര്യങ്ങള്‍ കൂടി ഓര്‍ത്ത് അതിന് മാപ്പ് പറയണമെന്നും സതീശന്‍ വ്യക്തമാക്കി.

ഇപ്പോള്‍ നടത്തുന്ന മാറ്റങ്ങളെല്ലാം വലതുപക്ഷ തീരുമാനങ്ങളെന്നാണ് നേരത്തെ അവര്‍ പറഞ്ഞിരുന്നത്. ഇത് സിപിഎമ്മിന്റെ വലതു പക്ഷത്തേക്കുള്ള നിലപാട് മാറ്റം കൂടിയാണോയെന്ന് ഈ രേഖ അവതരിപ്പിക്കുന്ന പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പുനസംഘടനയുമായി ബന്ധപ്പെട്ട് വരുന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ പേരില്‍ ഒരു ഗ്രൂപ്പും ഉണ്ടാകില്ല. ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമാകേണ്ട സാഹചര്യം വന്നാല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരു സ്ഥാനങ്ങളിലും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഗ്രൂപ്പ് ഉണ്ടെന്ന് പറഞ്ഞ് വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. എല്ലാ വാര്‍ത്തകളും വരുന്നത് ഒരേ കേന്ദ്രത്തില്‍ നിന്നാണ്. മനപൂര്‍വമായി കോണ്‍ഗ്രസിലെ സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാനുള്ള വെറും കുത്തിത്തിരുപ്പുകളാണ് ഈ വാര്‍ത്തകളെല്ലാം.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചിലര്‍ പരാതി ഉന്നയിച്ചു. ഇക്കാര്യങ്ങള്‍ പരിഹരിക്കാന്‍ എല്ലാവരുമായും സംസാരിച്ചു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചേര്‍ന്നാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത്. സുചിന്തിതമായ തീരുമനങ്ങള്‍ എത്രയും പെട്ടന്ന് സ്വീകരിക്കും. തിരുവനന്തപുരത്ത് തിരിച്ചെത്തിയാലുടന്‍ കെപിസിസി പ്രസിഡന്റുമായുള്ള ചര്‍ച്ച തുടരും. രണ്ടു ദിവസത്തിനുള്ളില്‍ ചര്‍ച്ച പൂര്‍ത്തിയാക്കി ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുണ്ട്. അവിടെ ആര്‍ക്കും ഏകാധിപത്യമില്ല. സംഘര്‍ഷമോ ഭിന്നതയോ ഇല്ലാതെ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ചേര്‍ന്ന് കേന്ദ്ര നേതൃത്വം ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം ഭംഗിയായി പൂര്‍ത്തിയാക്കും.കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി ചില പണിയില്ലാത്ത ആളുകള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് ഇതെല്ലാം. കെ സുധാകരന്‍ നേതൃത്വം കൊടുക്കുന്ന കേരളത്തിലെ കെപിസിസിക്ക് ഈ കുത്തിത്തിരിപ്പുകളെ മറികടക്കാനുള്ള ശക്തിയുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it