Latest News

സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹി ഒന്നാം സ്ഥാനത്ത്

രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഓരോ ദിവസവും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ വീതം ബലാല്‍സംഗത്തിനിരയായതായി കണക്കുകള്‍ വ്യക്തമാക്കുന്നു

സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹി ഒന്നാം സ്ഥാനത്ത്
X

ന്യൂഡല്‍ഹി:സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹി ഒന്നാം സ്ഥാനത്തെന്ന് നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ വെളിപ്പെടുത്തല്‍.രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഓരോ ദിവസവും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ വീതം ബലാല്‍സംഗത്തിനിരയായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളും,ആത്മഹത്യയും വര്‍ധിച്ച് വരുന്നതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.2021 ല്‍ ഇന്ത്യയില്‍ 1,64,033 ആത്മഹത്യകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടന്ന സംസ്ഥാനം മഹാരാഷ്ട്രയും,തൊട്ടു പിന്നില്‍ തമിഴ്‌നാടും മധ്യപ്രദേശുമാണ്. മഹാരാഷ്ട്രയില്‍ 22,207, തമിഴ്‌നാട്ടില്‍ 18,925 ആത്മഹത്യകളാണ് നടന്നത്, മധ്യപ്രദേശില്‍ 14,965 ആത്മഹത്യകള്‍ നടന്നു.ജോലി കരീര്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ഒറ്റപ്പെടല്‍, പീഡനം, അതിക്രമം, കുടുംബ പ്രശ്‌നങ്ങള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, മദ്യത്തിന് അടിമപ്പെടല്‍, സാമ്പത്തിക നഷ്ടം, ക്രോണിക് പെയിന്‍ ഇവയൊക്കെയാണ് രാജ്യത്ത് പ്രധാനമായും ആത്മഹത്യയ്ക്കുള്ള കാരണങ്ങളായി മാറുന്നതെന്നാണ് നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണ്ടെത്തല്‍.

കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 13,892 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 2020ല്‍ 9,782 ആയിരുന്നു കേസുകളുടെ എണ്ണം. ഒരു വര്‍ഷത്തിനുള്ളില്‍ 40 ശതമാനത്തിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയത്. എന്‍സിആര്‍ബി കണക്കുകള്‍ പ്രകാരം 19 മെട്രോപൊളിറ്റന്‍ നഗരങ്ങളിലെ മൊത്തം കുറ്റകൃത്യങ്ങളുടെ 32.20 ശതമാനവും ഡല്‍ഹിയിലെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളാണ്.

5,543 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മുംബൈയാണ് രണ്ടാമത്. 3,127 കേസുകളുമായ ബെംഗളൂരു തൊട്ടുപിന്നാലെയാണ്. 19 നഗരങ്ങളിലായി നടന്ന മൊത്തം കുറ്റകൃത്യങ്ങളില്‍ യഥാക്രമം 12.76 ശതമാനവും 7.2 ശതമാനവും മുംബൈയിലും ബെംഗളൂരുവിലുമാണ്. തട്ടിക്കൊണ്ടുപോകല്‍ (3948), ഭര്‍ത്താക്കന്മാരില്‍ നിന്നുള്ള ക്രൂരത (4674), പീഡനം (833) എന്നീ വിഭാഗങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ദേശീയ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

3948 കേസുകളാണ് സ്ത്രീകളെ തട്ടിക്കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഉണ്ടായിരിക്കുന്നത്. 4674 കേസുകളാണ് ഭര്‍ത്താവിന്റെ ക്രൂരത കാണിച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 833 പെണ്‍കുഞ്ഞുങ്ങള്‍ ഇവിടെ പീഡിപ്പിക്കപ്പെട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it