Latest News

വിദ്വേഷ വീഡിയോ പ്രചരിപ്പിച്ച അധ്യാപികക്കെതിരേ ഡല്‍ഹി വിദ്യാര്‍ത്ഥിനി; അഭിനന്ദനവുമായി മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍

വിദ്വേഷ വീഡിയോ പ്രചരിപ്പിച്ച അധ്യാപികക്കെതിരേ ഡല്‍ഹി വിദ്യാര്‍ത്ഥിനി; അഭിനന്ദനവുമായി മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍
X

ന്യൂഡല്‍ഹി; വിദ്വേഷപ്രചാരണം ലക്ഷ്യമിട്ട് വ്യാജ വാര്‍ത്തയും വീഡിയോയും പ്രചരിപ്പിച്ച അധ്യാപികക്കെതിരേ നിലപാടെടുത്ത വിദ്യാര്‍ത്ഥിയുടെ ബ്ലോഗ് പങ്കുവച്ച് എന്‍ഡിടിവി മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍. മതംമാറാന്‍ ആവശ്യപ്പെട്ട് കൊലപാതകമെന്നും ഹിന്ദുക്കള്‍ ഉണരണമെന്നും ശീര്‍ഷകം നല്‍കി വീഡിയോ പ്രചരിപ്പിച്ച സംഭവത്തിലാണ് പെണ്‍കുട്ടി രംഗത്തുവന്നത്. സംഭവം പുറത്തുവന്നതോടെ അധ്യാപിക മാപ്പ് പറഞ്ഞ് തലയൂരി.

ഏതാനും ദിവസം മുമ്പ് പുറത്തുവന്ന വീഡിയോയാണ് അധ്യാപിക പങ്കുവച്ചത്. ഒരു പെണ്‍കുട്ടിയെ അവരുടെ കുടുംബത്തിനു മുന്നില്‍വച്ച് ഒരു യുവാവ് കത്തിയെടുത്ത് കൊലപ്പെടുത്തുന്നതാണ് വീഡിയോയിലുള്ളത്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം നടന്നത്.

ഈ വീഡിയോയാണ് ഇസ് ലാമിലേക്ക് മതം മാറാനുള്ള ആവശ്യം നിരസിച്ചതിനെത്തുടര്‍ന്ന് യുവാവ് യുവതിയെ കൊലപ്പെടുത്തിയെന്ന കുറിപ്പോടെ അധ്യാപിക സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഹിന്ദു ഒന്നിക്കാനും നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും അധ്യാപിക വീഡിയോയ്‌ക്കൊപ്പമുളള കുറിപ്പില്‍ ആവശ്യപ്പെട്ടു.

യഥാര്‍ത്ഥത്തില്‍ പട്ടേല്‍ വിഭാഗത്തിലുള്ള ആണ്‍കുട്ടിയാണ് കൊലനടത്തിയത്. പെണ്‍കുട്ടിയും അതേ ജാതിക്കാരിയാണ്. റിപോര്‍ട്ട് അനുസരിച്ച ഫെനില്‍ ഗൊയാനിയെന്നാണ് ആണ്‍കുട്ടിയുടെ പേര്. ഈ വീഡിയോയാണ് മുസ് ലിം ആണ്‍കുട്ടിയെന്ന് ആരോപിച്ച് പ്രചരിപ്പിച്ചത്.

വീഡിയോ എന്‍ഡിടിവി മാധ്യമപ്രവര്‍ത്തനായ രവീഷ് കുമാറിന് പെണ്‍കുട്ടി അയച്ചുകൊടുത്തു. ഇടപെടണമെന്നും ആവശ്യപ്പെട്ടു. അങ്ങനെയാണ് തന്റെ ബ്ലോോഗിലൂടെ ഈ വിഷയം രവീഷ് പ്രസിദ്ധപ്പെടുത്തുന്നത്. തുടര്‍ന്ന് വീഡിയോ പങ്കുവയ്ക്കാന്‍ ഇടയായതില്‍ അധ്യാപിക ഖേദം പ്രകടിപ്പിച്ചു. കൂടാതെ നിലപാടെടുത്ത പെണ്‍കുട്ടിയെയും അദ്ദേഹം അഭിനന്ദിച്ചു.

മാപ്പ് പറയാന്‍ അവസരം നല്‍കിയാലും അവരോ മറ്റേതെങ്കിലും അധ്യാപികയോ മുമ്പ് ക്ലാസ് മുറികളിലും ഗ്രൂപ്പുകളിലും എന്തെങ്കിലും വര്‍ഗീയ സന്ദേശങ്ങളോ പരാമര്‍ശങ്ങളോ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പിന്നീട് തന്റെ ബ്ലോഗില്‍ കുറിച്ചു.

Next Story

RELATED STORIES

Share it