Latest News

വയനാട്ടില്‍ വയറിളക്ക രോഗം; ജാഗ്രതാ നിര്‍ദേശം

ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍മാരായ ഡോ. നൂനമര്‍ജ, ഡോ.സാവന്‍, ഡോ. പ്രിയ എന്നിവരുടെ നേതൃത്വത്തിലുളള ആരോഗ്യസംഘം പ്രദേശത്ത് സന്ദര്‍ശനം നടത്തിയ ശേഷമാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

വയനാട്ടില്‍ വയറിളക്ക രോഗം; ജാഗ്രതാ നിര്‍ദേശം
X

കല്‍പറ്റ: മീനങ്ങാടി അപ്പാട് യൂക്കാലി കോളനിയില്‍ മുപ്പതോളം പേര്‍ക്ക് വയറിളക്ക രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍മാരായ ഡോ. നൂനമര്‍ജ, ഡോ.സാവന്‍, ഡോ. പ്രിയ എന്നിവരുടെ നേതൃത്വത്തിലുളള ആരോഗ്യസംഘം പ്രദേശത്ത് സന്ദര്‍ശനം നടത്തിയ ശേഷമാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ആഗസ്ത് 11നാണ് അപ്പാട് യൂക്കാലി കോളനി വാസികള്‍ക്ക് വയറിളക്ക രോഗമുണ്ടായത്. ജലജന്യ രോഗങ്ങള്‍, കൊതുക് ജന്യ രോഗങ്ങള്‍, എലിപ്പനി എന്നിവ വ്യാപകമാകുന്ന സാഹചര്യം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. തിളപ്പിച്ചാറ്റിയ വെളളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. പൊതു ഇടങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം പാടില്ല. ആളുകള്‍ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കോളനിയിലെ 133 ആളുകളുടെ ആന്റിജന്‍ ടെസ്റ്റ് നടത്തി കൊവിഡ് ബാധിതരില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ 41 പേര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റും നടത്തി. കോളറ, മഞ്ഞപ്പിത്തം, ടൈഫോയിഡ് എന്നിവയുണ്ടോ എന്നറിയുന്നതിനായി നാല് പേരുടെ മലപരിശോധന നടത്തിയിട്ടുണ്ട്. മൂന്ന് കുടിവെള്ള സ്രോതസുകളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. പ്രദേശത്ത് മൂന്ന് മെഡിക്കല്‍ ക്യാംപുകളും സംഘടിപ്പിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 60 വീടുകളില്‍ ക്ലോറിന്‍ ഗുളികകള്‍, ഒആര്‍എസ് ലായനി മിശ്രിതം എന്നിവയും വിതരണം ചെയ്തു.

സിഎച്ച്‌സി മെഡിക്കല്‍ ഓഫിസര്‍ ഡോ.നിമ്മി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ പി ബാബുരാജ്, ജെഎച്ച്‌ഐ അമാനുല്ല, ബൈജു, ജെപിഎച്ച്എന്‍ ഷീജ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ എം ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.


Next Story

RELATED STORIES

Share it