Latest News

സംവിധായകന്‍ വി കെ പ്രകാശിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

സംവിധായകന്‍ വി കെ പ്രകാശിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
X

കൊല്ലം: ലൈംഗികാതിക്രമണ കേസില്‍ സംവിധായകന്‍ വി കെ പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. കൊല്ലം പള്ളിത്തോട്ടം പോലിസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ ഹൈക്കോടതി വി കെ പ്രകാശിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി വി കെ പ്രകാശ് മൊഴി നല്‍കിയിരുന്നു. 2022-ല്‍ കൊല്ലത്തെ സ്വകാര്യ ഹോട്ടലില്‍ സിനിമയുടെ കഥ പറയാന്‍ എത്തിയപ്പോള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി.

അഭിനയത്തില്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് ഒരു സീന്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. പിന്നാലെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. പിറ്റേദിവസം ഫോണില്‍ വിളിച്ച് സംഭവിച്ച കാര്യങ്ങള്‍ പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടു. കാര്‍ വാടകയ്ക്ക് എന്ന പേരില്‍ ഡ്രൈവറുടെ അക്കൗണ്ടില്‍ നിന്ന് തനിക്ക് 10,000 രൂപ അയച്ചെന്നും യുവതി പറയുന്നു. ഈ വിവരങ്ങളടക്കം കാണിച്ച് കഥാകാരി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

സംഭവത്തില്‍ സത്യം തെളിയുമെന്നും കോടതിയുടെ മുമ്പാകെയുള്ള കേസില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും വി.കെ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ പരാതി വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി വി.കെ പ്രകാശ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പരാതിക്കാരിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും തന്റെ സുഹൃത്തായ നിര്‍മ്മാതാവിനെ മുമ്പ് പരാതിക്കാരി ബ്ലാക്ക്മെയില്‍ ചെയ്തിരുന്നുവെന്നും വി.കെ പ്രകാശ് നേരത്തേ ആരോപിച്ചു.

Next Story

RELATED STORIES

Share it