Latest News

ദ്രൗപതി മുര്‍മു: കൗണ്‍സിലറില്‍നിന്ന് രാഷ്ട്രപതിസ്ഥാനത്തേക്ക്

ദ്രൗപതി മുര്‍മു: കൗണ്‍സിലറില്‍നിന്ന് രാഷ്ട്രപതിസ്ഥാനത്തേക്ക്
X

ന്യൂഡല്‍ഹി: ദ്രൗപതി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ഒഡീഷയില്‍നിന്നുള്ള മുര്‍മു രാജ്യത്ത് ഈ പദവിയിലെത്തുന്ന ആദ്യ ഗോത്രവര്‍ഗക്കാരിയും രണ്ടാമത്തെ വനിതയുമാണ്.

നേരത്തെ ജാര്‍ഖണ്ഡിലെ ഗവര്‍ണറായിരുന്നിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ ബഹുദൂരം പിന്നിലാക്കിയാണ് മുര്‍മു ഈ സ്ഥാനത്തെത്തുന്നത്.

64 വയസ്സായി. രാഷ്ട്രപതിയാവുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും മുര്‍മുതന്നെ. ഇതുവരെ ഈ സ്ഥാനം ഇപ്പോഴത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനായിരുന്നു.

ജൂലൈ 25ന് മുര്‍മു രാഷ്ട്രപതിയായി സ്ഥാനമേല്‍ക്കും.

ആത്മീയസംഘമായ ബ്രഹ്മകുമാരിസിന്റെ പ്രവര്‍ത്തകയാണ്. ഭര്‍ത്താവും രണ്ട് മക്കളും അമ്മയും സഹോദരനും ആറ് വര്‍ഷത്തിനിടയില്‍ മരിച്ചശേഷമാണ് അവര്‍ ബ്രഹ്മകുമാരിസുമായി ബന്ധപ്പെടുന്നത്.

ജൂണ്‍ 21ന് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായശേഷം അവര്‍ പൊതുപ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.

ബിജെഡി, ശിവസേന, ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിഎസ്പി, ടിഡിപി തുടങ്ങിയ പാര്‍ട്ട്ികളുടെ പിന്തുണയോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

1997ല്‍ റായ്‌റംഗപൂര്‍ നോട്ടിഫൈഡ് ഏരിയ കൗണ്‍സിലില്‍ ബിജെപി കൗണ്‍സിലറായാണ് അവര്‍ തന്റെ രാഷ്ട്രീയജീവിതം തുടങ്ങിയത്. 2000-04 കാലത്ത് ബിജെപി-ബിജെഡി മന്ത്രിസഭയില്‍ മന്ത്രിയായി. 2015ല്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായി നിയമിതയായി.

സാന്താള്‍ കുടുംബത്തിലാണ് മുര്‍മു ജനിച്ചത്. സാന്താലി, ഒഡിയ ഭാഷകളില്‍ വിദഗ്ധയാണ്.

ഒഡീഷയില്‍ ബിജെഡിയുമായി സഖ്യം സ്ഥാപിച്ച് 2009മുതല്‍ ബിജെപി തുടങ്ങിവച്ച രാഷ്ട്രീയപരീക്ഷണത്തിന്റെ ഭാഗമായാണ് മുര്‍മു സജീവമാകുന്നത്. അതിന്റെ വിജയമാണ് ഇപ്പോള്‍ കാണുന്നതും.

2014 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ റായ്‌റംഗപൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്ന് മല്‍സരിച്ചെങ്കിലും വിജയിക്കാനായില്ല. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ ശേഷം സാമൂഹികപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകഴിയുകയായിരുന്നു. അതിനിടയിലാണ് രാഷ്ട്രപതിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.

''വിദൂരമായ മയൂര്‍ഭഞ്ച് ജില്ലയില്‍ നിന്നുള്ള ഒരു ആദിവാസി സ്ത്രീ എന്ന നിലയില്‍ ഇതുപോലൊരു ഉന്നത സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് ചിന്തിച്ചിരുന്നില്ല. അതില്‍ എനിക്ക് ആശ്ചര്യവും സന്തോഷവുമുണ്ട്''- സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുശേഷം അവര്‍ പറഞ്ഞു.

ഭുവനേശ്വറിലെ രമാദേവി വിമന്‍സ് കോളേജില്‍ നിന്ന് ബിരുദം നേടിയ മുര്‍മു ഒഡീഷ സര്‍ക്കാരില്‍ ജലസേചന, വൈദ്യുതി വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചു. 2007ല്‍ മികച്ച എംഎല്‍എക്കുള്ള നീല്‍കാന്ത് പുരസ്‌കാരം നേടി.

ഗതാഗതം, വ്യവസായം, മല്‍സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളില്‍ മന്ത്രിയായിരുന്നിട്ടുണ്ട്.

ബിജെപിയുടെ പോഷകസംഘടനയായ ആദിവാസി മോര്‍ച്ചയുടെ ഒഡീഷയിലെ നേതാവായിരുന്നു. 2010ല്‍ മയൂര്‍ബഞ്ച് ജില്ലയിലെ ബിജെപി ജില്ലാ പ്രസിഡന്റായി. 2013ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

മുര്‍മുവിന്റെ മകള്‍ ഇതിശ്രീ ഒഡീഷയിലെ ഒരു ബാങ്കില്‍ ജോലി ചെയ്യുന്നു.

Next Story

RELATED STORIES

Share it