Latest News

കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണം; മാളയില്‍ യുഡിഎഫ് രാപ്പകല്‍ സമരം നടത്തി

കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണം; മാളയില്‍ യുഡിഎഫ് രാപ്പകല്‍ സമരം നടത്തി
X

മാള: പൊയ്യ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ഗ്രാമപഞ്ചായത്തംഗങ്ങളടക്കം രാപ്പകല്‍ സമരം നടത്തി. ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സാബു കൈതാരന്‍ അധ്യക്ഷത വഹിച്ചു. പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ കുട്ടന്‍, എം ബി സുരേഷ്, വര്‍ഗ്ഗീസ് കാഞ്ഞുത്തറ, ജോളി സജീവ്, സൗമ്യ രഞ്ജിത്ത്, റീന സേവ്യര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി ഡി ജോസ് മുഖ്യാതിഥിയായിരുന്നു. കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വി എ അബ്ദുല്‍ കരീം, മാള മണ്ഡലം പ്രസിഡന്റ് ജോഷി കാഞ്ഞൂത്തറ, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് വക്കച്ചന്‍ അമ്പൂക്കന്‍, സോയി കോലഞ്ചേരി, എം എ ജോജോ, കുരുവിലശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോഷി പെരേപ്പാടന്‍, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ടി എ തോമസ്, സി കെ വിത്സണ്‍, ദിലീപ് പരമേശ്വരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അതേസമയം പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ രാപകല്‍ സമരം എംഎല്‍എ ഓഫിസിന്റെ മുന്നില്‍ നടത്തിയത് വെറും രാഷ്ട്രീയക്കളിയാണെന്ന് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു. മാള മേഖലയില്‍ വരുന്ന ആറ് ഗ്രാമപഞ്ചായത്തുകളില്‍ ജലവിതരണം നടത്തുന്നത് ജലനിധിയാണ്. വാട്ടര്‍ അതോറിറ്റി വെള്ളം കൊടുക്കുന്ന അളവില്‍ വലിയ കുറവ് ഉണ്ട് എന്ന പരാതി പരക്കെ കേള്‍ക്കുന്ന സാഹചര്യത്തില്‍ എംഎല്‍എ എന്ന നിലയില്‍ താന്‍ നേരിട്ട് മാള ഗ്രാമപഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ആറ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികള്‍, ജലനിധി ഭാരവാഹികള്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉള്‍പ്പെടെ ഉള്ള ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു യോഗം വിളിച്ചു ചേര്‍ത്ത് ചര്‍ച്ച ചെയ്തു പരിഹാര നിര്‍ദ്ദേശം ഉണ്ടായതാണ്.

നിലവിലെ 12.99 എംഎല്‍ഡി വെള്ളം പരമാവധി ഉത്പാദിപ്പിക്കുന്നത് അനുപാതികമായി കൊടുക്കാവുന്ന കണക്കുകള്‍ ഉള്‍പ്പെടെ എല്ലാവരും സമ്മതിക്കുകയും തീരുമാനിക്കുകയും ചെയ്തതാണ്. മാര്‍ച്ച് രണ്ടിന് തീരുമാനങ്ങള്‍ നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വീണ്ടും യോഗം കൂടാന്‍ തീരുമാനിച്ചിരുന്നു. ശാശ്വത പരിഹാരത്തിന് ജലജീവന്‍ മിഷന്‍ മുഖേന നടപ്പാക്കുന്ന പദ്ധതി വേഗത്തില്‍ ആക്കുവാന്‍ സര്‍ക്കാരില്‍ ഇടപെടാമെന്നും വെള്ളത്തിന്റെ കുടിശിക അടക്കാന്‍ പറഞ്ഞ് വാട്ടര്‍ അതോറിറ്റി ഗ്രാമപഞ്ചായത്തുകള്‍ക്ക് കൊടുത്ത നോട്ടീസിന്‍മേല്‍ ജലവിഭവ വകുപ്പ് മന്ത്രിയുമായി എംഎല്‍എ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് ചേരാന്‍ സമയവും നിശ്ചയിച്ചിട്ടുണ്ട്. അത് യോഗത്തില്‍ അറിയിച്ചിരുന്നു. യോഗത്തില്‍ വന്നു തീരുമാനങ്ങള്‍ അംഗീകരിക്കുകയും പിന്നീട് പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ ഉള്ള ജനപ്രതിനിധികള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് ശരിയല്ലെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it