Latest News

'സിദ്ധാർഥൻ SFIക്കാരൻ',വീടിന് മുന്നിൽ ഫ്‌ളക്‌സ് വച്ച് DYFI; മരണം മുതലെടുക്കുന്നുവെന്ന് പിതാവ്

സിദ്ധാർഥൻ SFIക്കാരൻ,വീടിന് മുന്നിൽ ഫ്‌ളക്‌സ് വച്ച് DYFI; മരണം മുതലെടുക്കുന്നുവെന്ന് പിതാവ്
X

തിരുവനന്തപുരം: പരസ്യവിചാരണയെത്തുടര്‍ന്ന് ജീവനൊടുക്കിയ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ വീടിന് മുന്നില്‍ ഫ്‌ലെക്‌സ് ബോര്‍ഡ് സ്ഥാപിച്ച് ഡിവൈഎഫ്‌ഐ . സിദ്ധാര്‍ഥന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്‌ലെക്‌സ്.

അതേസമയം, ഡിവൈഎഫ്‌ഐ യുടെ ഫ്‌ലെക്‌സിനെതിരെ രൂക്ഷവിമര്‍ശനവുമായി സിദ്ധാര്‍ഥന്റെ പിതാവ് ടി ജയപ്രകാശ് രംഗത്തെത്തി. മരണം പോലും മുതലെടുക്കുന്നവരാണ് ഡിവൈഎഫ്‌ഐയെന്ന് അദ്ദേഹം പറഞ്ഞു. പലതവണ ഫ്‌ലെക്‌സ് ബോര്‍ഡ് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ലെന്നാണ് ജയപ്രകാശ് പറയുന്നത്.

എസ്എഫ്‌ഐ പ്രവര്‍ത്തകനായ സിദ്ധാര്‍ഥന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ക്രിമിനലുകളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ഫ്‌ലെക്‌സ്. വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെടുന്നു. സിദ്ധാര്‍ഥിനെ എസ്എഫ്‌ഐയില്‍ ചേരാന്‍ നിര്‍ബന്ധിച്ചെങ്കിലും അതിന് തയ്യാറായിരുന്നില്ലെന്നാണ് സഹപാഠികളും കുടുംബവും പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് സിദ്ധാര്‍ഥന്‍ സംഘടനാംഗമാണെന്ന് അവകാശപ്പെടുന്ന ഫ്‌ളെക്‌സ് ബോര്‍ഡ് വിവാദമാകുന്നത്.

ബിവിഎസ്‌സി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥ(21)നെ ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലെന്റൈന്‍സ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജില്‍വെച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി. മൂന്നുദിവസം ഭക്ഷണംപോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചെന്നും ആരോപണമുണ്ടായിരുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഈ ആരോപണങ്ങള്‍ സാധൂകരിക്കുന്നതായിരുന്നു.

Next Story

RELATED STORIES

Share it