Latest News

സോണിയയ്ക്കും രാഹുലിനുമെതിരെ ഇഡി: നാളെ എറണാകുളം, കോഴിക്കോട് ഇഡി ഓഫിസുകളിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

എറണാകുളം ഇഡി ഓഫിസിലേക്ക് നടക്കുന്ന മാര്‍ച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും കോഴിക്കോട് ഇഡി ഓഫിസിലേക്ക് നടക്കുന്ന മാര്‍ച്ച് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും

സോണിയയ്ക്കും രാഹുലിനുമെതിരെ ഇഡി: നാളെ എറണാകുളം, കോഴിക്കോട് ഇഡി ഓഫിസുകളിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്
X

തിരുവനന്തപുരം: ബിജെപിയുടെ രാഷ്ട്രീയ പ്രതികാരത്തിന്റെയും കുടിപ്പകയുടെയും ബാക്കിപത്രമാണ് നാഷനല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

കോണ്‍ഗ്രസിനെതിരെ കഴിഞ്ഞ എട്ട് വര്‍ഷമായി മോദി സര്‍ക്കാര്‍ നടത്തുന്ന നെറികെട്ട രാഷ്ട്രീയത്തിന്റെയും തുടര്‍ച്ചയാണിത്. തീവ്ര സംഘപരിവാര്‍ പക്ഷക്കാരനായ ഒരു വ്യക്തിനല്‍കിയ കേസില്‍ നാളിതുവരെ അന്വേഷിച്ചിട്ടും തെളിവുകള്‍ ശേഖരിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിയാതെ പോയത് ഈ കേസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സത്യത്തിന്റെ കണികപോലും ഇല്ലാത്തതിനാലാണ്. ബിജെപിയുമായി ഒരുവിധത്തിലും സന്ധി ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതിനാലാണ് ഈ കേസ് കഴിഞ്ഞ എട്ടുവര്‍ഷമായി നീട്ടിക്കാെണ്ടുപോകുന്നത്. അതേസമയം, ബിജെപിയുമായി രഹസ്യകരാര്‍ ഉണ്ടാക്കിയ കേസുകളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എങ്ങനെയെല്ലാം അട്ടിമറിക്കപ്പെടുന്നുയെന്ന് കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസ് ഉള്‍പ്പെടെയുള്ളവ പരിശോധിച്ചാല്‍ ബോധ്യമാകുമെന്ന് സുധാകരന്‍ പറഞ്ഞു.

മോദി സര്‍ക്കാരിനെതിരായ ജനരോഷം ഉയരുകയോ, ഭരണ പ്രതിസന്ധി നേരിടുകയോ ചെയ്യുന്ന ഘട്ടത്തിലെല്ലാം ജനശ്രദ്ധതിരിക്കാനും രാഷ്ട്രീയ നേട്ടത്തിനും ഈ കേസ് പൊടിതട്ടിയെടുക്കുക എന്ന നാടകപരമ്പരയുടെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡാണ് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ ഇഡിയുടെ സമന്‍സ്. ഈ നാടകം ഇതേ അവസ്ഥയില്‍ തുടരുകയും അത് അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടു പോകുകയും ചെയ്യുമെന്നത് ഉറപ്പാണ്.

നരേന്ദ്ര മോദിയുടെയും സംഘപരിവാര്‍ ശക്തികളുടെയും ഫാഷിസ്റ്റ് ശൈലിക്കെതിരെ നിരന്തരം ശബ്ദം ഉയര്‍ത്തുന്ന സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കേന്ദ്ര ഏജന്‍സികളുടെ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താമെന്നും നിശബ്ദരാക്കാമെന്നും മോദി കരുതുന്നത് അദ്ദേഹം മൂഢസ്വര്‍ഗത്തില്‍ ആയതുകൊണ്ടാണ്. ബ്രട്ടീഷ് സാമ്രാജ്യത്തെ മുട്ടുകുത്തിച്ച പാരമ്പര്യമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നത് ബിജെപി മറക്കരുത്. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ എട്ടുവര്‍ഷത്തെ ഭരണപരാജയവും ഫാഷിസ്റ്റ് വര്‍ഗീയ നിലപാടുകളും പൊതുജനമധ്യത്തില്‍ നിരന്തരം തുറന്ന് കാട്ടുന്ന കോണ്‍ഗ്രസ് നേതാക്കളോടുള്ള അസഹിഷ്ണുത കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടിയിലൂടെ പ്രകടമാണ്. മോദിയുടെ ഭരണ വൈകല്യം കാരണം രാജ്യം വന്‍ സാമ്പത്തിക തകര്‍ച്ച നേരിടുകയാണ്. തൊഴിലില്ലായ്മ പെരുകി. നികുതി ഭീകരത കാരണം ജനത്തിന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഏത് നിമിഷവും ജനരോഷം അണപൊട്ടിയൊഴുകുന്ന സ്ഥിതിയാണ്. കോണ്‍ഗ്രസിനെ രാഷ്ട്രീയമായി നേരിടാന്‍ തന്റേടമില്ലാത്തതിനാലാണ് ഇത്തരം തരംതാണ വേട്ടയാടല്‍ നാടകം മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും സുധാകരന്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സികളെ പലപ്പോഴും വൃത്തികെട്ട രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്രസര്‍ക്കാര്‍ ഉപയോഗിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് പുറമെ തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, എസ്.പി, ആര്‍.ജെ.ഡി തുടങ്ങി ഒട്ടുമിക്ക പ്രതിപക്ഷ പാര്‍ട്ടികളും ഇഡി വേട്ടക്ക് ഇരകളായവരാണ്. രാഷ്ട്രീയ പകയുടെ പേരില്‍ ഇത്തരം നടപടികള്‍ തുടരാനാണ് മോദിയും സംഘപരിവാര്‍ ശക്തികളും ശ്രമിക്കുന്നതെങ്കില്‍ കയ്യുംകെട്ടി വെറുതെയിരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാവില്ലെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കള്ളക്കേസെടുത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയേയും നെഹ്‌റു കുടുംബത്തേയും തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്താനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഐഎസിസി ആഹ്വാനമനുസരിച്ച് നാളെ എറണാകുളം, കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുകളിലേക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും സത്യാഗ്രഹവും സംഘടിപ്പിക്കും. എറണാകുളം ഇഡി ഓഫിസിലേക്ക് നടക്കുന്ന മാര്‍ച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും കോഴിക്കോട് ഇഡി ഓഫിസിലേക്ക് നടക്കുന്ന മാര്‍ച്ച് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള എട്ടു ജില്ലകളിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളും കെപിസിസി,ഡിസിസി നേതാക്കളും എറണാകുളത്തും പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള ആറ് ജില്ലകളിലെ നേതാക്കള്‍ കോഴിക്കോടും എന്‍ഫോഴ്‌സ്‌മെന്‍ ഡയറക്ടറേറ്റുകളിലേക്കുള്ള മാര്‍ച്ചുകളില്‍ പങ്കെടുക്കും. കോണ്‍ഗ്രസിന്റെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ മുഴുവന്‍ മാതേതര ജനാധിപത്യ വിശ്വാസികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് കെ സുധാകരന്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it