Latest News

കോഴിമുട്ടയിലെ വര്‍ഗീയത: മധ്യപ്രദേശിലെ ബിജെപിയും കേന്ദ്ര ആരോഗ്യവകുപ്പും രണ്ട് തട്ടില്‍

വര്‍ഗീയമായ വാദങ്ങള്‍ നിരത്തി കുട്ടികളുടെ ആരോഗ്യകരമായ ജീവിതത്തിന് പോലും തടസ്സമാവുകയാണ് ഹിന്ദുത്വവാദം.

കോഴിമുട്ടയിലെ വര്‍ഗീയത: മധ്യപ്രദേശിലെ ബിജെപിയും കേന്ദ്ര ആരോഗ്യവകുപ്പും രണ്ട് തട്ടില്‍
X

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ മുട്ട ഉള്‍പ്പെടുത്തിയെന്നതാണ് മധ്യപ്രദേശിലെ വലിയ പ്രശ്‌നങ്ങളിലൊന്ന്. കൊച്ചുകുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു വിദ്യാലയങ്ങള്‍ വഴി മുട്ട വിതരണം ചെയ്യുക എന്നത്. കാലാകാലങ്ങളായി നടന്നുവരുന്നതുമാണ് അത്. പക്ഷേ, 2015 ല്‍ അന്നത്തെ ശിവരാജ് സിങ് ചൗഹന്‍ സര്‍ക്കാര്‍ ഉച്ചഭക്ഷണപദ്ധതിയില്‍ നിന്ന് മുട്ട ഒഴിവാക്കി. പകരം മറ്റു തരം പച്ചക്കറികള്‍ ഉള്‍പ്പെടുത്തി. ഈ അടുത്ത കാലത്ത് മധ്യപ്രദേശ് സര്‍ക്കാര്‍ കുട്ടികളുടെ ആരോഗ്യനില പരിശോധിച്ചപ്പോള്‍ അത് ശോചനീയമായി കണ്ടു. പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം 42 ശതമാനമാണ് വര്‍ധിച്ചത്. പുതുതായി അധികാരത്തിലെത്തിയ കമല്‍നാഥ് സര്‍ക്കാര്‍ ഇത് പരിഗണിച്ച് കുട്ടികള്‍ക്ക് മുട്ട നല്‍കാന്‍ തീരുമാനിച്ചു. 500 കോടി രൂപ ആ ഇനത്തില്‍ മാറ്റിവക്കുകയും ചെയ്തു.

പക്ഷേ, ഹിന്ദുക്കളുടെ മതവികാരം വൃണപ്പെടുത്തുന്ന നീക്കമെന്നാരോപിച്ച് ബിജെപി രംഗത്തുവന്നു. ഹിന്ദു കുട്ടികളെ നിര്‍ബന്ധിച്ച് മുട്ട നല്‍കുകയാണെന്നും പ്രചരിപ്പിച്ചു. എങ്കിലും മധ്യപ്രദേശ് സര്‍ക്കാര്‍ ബിജെപിയുടെ എതിര്‍പ്പ് തള്ളി പരിപാടിയുമായി മുന്നോട്ടുപോവുകയാണ്.

ഇത് ഒരു ഭാഗത്ത് നടക്കുമ്പോള്‍ കേന്ദ്ര ആരോഗ്യവകുപ്പിന്റെ പഠനം പുറത്തുവന്നിരിക്കുന്നു. കുട്ടികളിലെ ആരോഗ്യത്തെ കുറിച്ച് നടത്തിയ പഠനത്തില്‍ മുട്ട കഴിക്കുന്ന കുട്ടികള്‍ക്കിടയില്‍ പോഷകാഹാരത്തിന്റെ അളവ് തുലോം മെച്ചപ്പെട്ടതാണെന്ന് കണ്ടെത്തി. 2016-18 കാലത്താണ് പഠനം നടന്നത്. ഡല്‍ഹിയിലെയും മറ്റ് 29 സംസ്ഥാനങ്ങളിലെയും 0-19 നും വയസ്സിനിടയിലുള്ള 1.1 ലക്ഷം കുട്ടികളെ പഠനവിധേയമാക്കി. അതില്‍ സസ്യേതരഭക്ഷണം കഴിക്കുന്ന കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ന്നതായി കാണപ്പെട്ടു. മുട്ടയും പോഷകാഹാരനിലവാരവും തമ്മില്‍ ശക്തമായ ബന്ധമുണ്ട്. മുട്ടയടക്കമുള്ള സസ്യേതര ഭക്ഷണം കഴിക്കുന്ന അമ്മമാരുടെ കുട്ടികളുടെ അവസ്ഥ മെച്ചപ്പെട്ടതായിരുന്നു. മുട്ട കഴിക്കുന്നതില്‍ പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളുടെ പോഷകാഹാരനിലവാരവും മോശമായിരുന്നു.

Next Story

RELATED STORIES

Share it