Sub Lead

ഗൗരി ലങ്കേഷിന്റെ കൊലപാതകം: പ്രതികള്‍ തോക്കുപരിശീലനം നടത്തിയ വനത്തില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നതായി സാക്ഷി; ഉന്നപരിശീലനം നടത്തിയ മരത്തിന് സമീപത്ത് നിന്നാണ് വെടിയുണ്ടകള്‍ ലഭിച്ചത്

ഹിന്ദുത്വര്‍ സ്‌ഫോടകവസ്തു പരിശീലനം നടത്തിയ ബെല്‍ഗാമിലെ ഒരു തോട്ടത്തിലും പ്രതികളുമായി തെളിവെടുപ്പ് നടത്തിയിരുന്നതായി സാക്ഷി കോടതിയെ അറിയിച്ചു. സര്‍ക്ക്യൂട്ട് ബോംബാണ് പ്രതികള്‍ ഇവിടെ പരീക്ഷിച്ചത്.

ഗൗരി ലങ്കേഷിന്റെ കൊലപാതകം: പ്രതികള്‍ തോക്കുപരിശീലനം നടത്തിയ വനത്തില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നതായി സാക്ഷി; ഉന്നപരിശീലനം നടത്തിയ മരത്തിന് സമീപത്ത് നിന്നാണ് വെടിയുണ്ടകള്‍ ലഭിച്ചത്
X

ബംഗളൂരു: മാധ്യമപ്രവര്‍ത്തകയും സാമൂഹികപ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊല്ലുന്നതിന് മുമ്പ് ഹിന്ദുത്വര്‍ തോക്കുപരിശീലനം നടത്തിയ പ്രദേശത്തു നിന്ന് വെടിയുണ്ടകള്‍ ലഭിച്ചിരുന്നതായി സാക്ഷി കോടതിയെ അറിയിച്ചു. ബെല്‍ഗാമിലെ കിനിയെ വനത്തില്‍ നിന്ന് 12 വെടിയുണ്ടകളും കേസുകളും കണ്ടെത്തിയെന്നാണ് കേസിലെ സാക്ഷി വിചാരണക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഗൗരിയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.

കേസിലെ മുഖ്യപ്രതിയായ ശരത് കലസ്‌കറുമായി 2018 സെപ്റ്റംബറില്‍ വനത്തില്‍ തെളിവെടുപ്പിന് പോയപ്പോഴാണ് ഒരു മരത്തിനു സമീപത്ത് നിന്നും വെടിയുണ്ടയും കേസും കണ്ടെത്തിയത്. ഗൗരിയെ വെടിവെച്ച സംഘത്തിലുണ്ടായിരുന്ന പരശുറാം വാഗ്മാറെയ്ക്കാണ് ഇവിടെ വെച്ച് ശരത് കലസ്‌കര്‍ തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കിയിരുന്നത്. പ്രതികള്‍ ഉന്നപരിശീലനം നല്‍കിയ മരത്തിന് സമീപത്തുനിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ശ്രീരാമസേനയുടെ പ്രവര്‍ത്തകനായ പരശുറാം വാഗ്മാറെയെ ഹിന്ദു ജനജാഗൃത സമിതി അംഗമായ കലസ്‌കറാണ് തോക്കുപയോഗിക്കാന്‍ പഠിപ്പിച്ചതെന്ന് പ്രത്യേക അന്വേഷണ സംഘവും കോടതിയെ അറിയിച്ചു.

ഹിന്ദുത്വര്‍ സ്‌ഫോടകവസ്തു പരിശീലനം നടത്തിയ ബെല്‍ഗാമിലെ ഒരു തോട്ടത്തിലും പ്രതികളുമായി തെളിവെടുപ്പ് നടത്തിയിരുന്നതായി സാക്ഷി കോടതിയെ അറിയിച്ചു. സര്‍ക്ക്യൂട്ട് ബോംബാണ് പ്രതികള്‍ ഇവിടെ പരീക്ഷിച്ചത്. ബെല്‍ഗാമിലെ വനത്തില്‍ നിന്നും ലഭിച്ച 7.65എംഎം വെടിയുണ്ടകളും ഗൗരിയെ കൊല്ലാന്‍ ഉപയോഗിച്ച തോക്കും തമ്മില്‍ ബന്ധമുണ്ടെന്ന് കര്‍ണാടക ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ വിദഗ്ദരും കോടതിയെ അറിയിച്ചു.

2017 സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷിനെ ഹിന്ദുത്വവാദികള്‍ വെടിവെച്ചു കൊന്നത്. മൂന്നുതവണ വെടിയേറ്റ ഗൗരി തല്‍ക്ഷണം മരിച്ചു. ഒരു വെടിയുണ്ട പരിസരത്തെ ചുമരില്‍ നിന്നും കണ്ടെടുത്തു. ഈ വെടിയുണ്ടകള്‍ക്ക് 2013ല്‍ മഹാരാഷ്ട്രയിലെ യുക്തിവാദിയായിരുന്ന നരേന്ദ്ര ദബോല്‍ക്കറെ വെടിവെച്ചു കൊല്ലാന്‍ ഉപയോഗിച്ച തോക്കുമായി ബന്ധമുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഈ കേസില്‍ ശരത് കലസ്‌കറെ അടുത്തിടെ വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. ശരത് കലസ്‌കറും സച്ചിന്‍ അന്തുറെ എന്ന ഹിന്ദുത്വനും ചേര്‍ന്നാണ് ദബോല്‍ക്കറെ വെടിവെച്ചു കൊന്നത്.

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് എതിരായ നിലപാടുള്ള പ്രമുഖരെ കൊലപ്പെടുത്താന്‍ പ്രതികളെല്ലാം ഗൂഡാലോചന നടത്തിയിരുന്നതായി പ്രത്യേക അന്വേഷണസംഘത്തിന്റെ റിപോര്‍ട്ട് പറയുന്നു. സനാതന്‍ സന്‍സ്ത എന്ന ഹിന്ദുത്വസംഘടന പ്രസിദ്ധീകരിച്ച 'ക്ഷത്ര ധര്‍മ സാധന' എന്ന പുസ്തകപ്രകാരമാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.


ഗൗരിയെ വെടിവെച്ചു കൊല്ലാന്‍ ഉപയോഗിച്ച തോക്കു തന്നെയാണ് എം എം കല്‍ബുര്‍ഗിയെ കൊല്ലാനും സംഘം ഉപയോഗിച്ചിരുന്നത്. ഇതേ തോക്കാണ് 2015 ഫെബ്രുവരി 16ന് മഹാരാഷ്ട്രയിലെ കൊല്‍ഹാപൂരില്‍ ഗോവിന്ദ് പന്‍സാരെയെ കൊല്ലാനും ഉപയോഗിച്ചത്.

Next Story

RELATED STORIES

Share it