Latest News

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കൂടുതല്‍ സാമ്പത്തിക സഹായം നല്‍കണമെന്ന് എളമരം കരീം എംപി

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കൂടുതല്‍ സാമ്പത്തിക സഹായം നല്‍കണമെന്ന് എളമരം കരീം എംപി
X

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കൂടുതല്‍ സാമ്പത്തിക സഹായം നല്‍കണമെന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി. രാജ്യത്തെ കൊവിഡ് സാഹചര്യത്തെക്കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് പ്രതിരോധത്തില്‍ ഏറ്റവും കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നത് അതാത് സംസ്ഥാന സര്‍ക്കാറുകളാണ്. ആ സര്‍ക്കാറുകളോട് കേന്ദ്രത്തിന്റെ നിലപാടെന്താണ്? നിയമപ്രകാരം ലഭിക്കേണ്ട ജിഎസ്ടി കൊമ്പന്‍സേഷന്‍ തുക പോലും സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ കേന്ദ്രം തയ്യാറാവുന്നില്ല. കൊവിഡ് പ്രതിരോധത്തിനായി സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി രൂപം കൊടുത്ത സ്വകാര്യ ട്രസ്റ്റ് പിഎം കെയറില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് സഹായം ലഭിക്കുന്നില്ല. എംപി മാരുടെ പ്രാദേശിക വികസന ഫണ്ട് മരവിപ്പിച്ചതു വഴി പാര്‍ലമെന്റ് അംഗങ്ങള്‍ എന്ന നിലയില്‍ കൊവിഡ് പ്രതിരോധത്തിനായുള്ള പശ്ചാത്തല സൗകര്യവികസനത്തിന് എംപിമാര്‍ക്ക് നല്‍കാന്‍ കഴുയുമായിരുന്ന സഹായം പോലും ഇല്ലാതാക്കി. ഒരു തയ്യാറെടുപ്പുമില്ലാതെ പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണിന്റ ഫലമായി സാധാരണക്കാരും തൊഴിലാളികളും ദുരിതത്തിലായി. ഇത് കുടിയേറ്റ തൊഴിലാളികളെ പെരുവഴിയിലാക്കി. തൊഴിലില്ലായ്മയും തൊഴില്‍നഷ്ടവും ജനങ്ങളെ ദുരിതക്കയത്തിലേക്ക് നയിക്കുകയാണ്. ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ അംഗീകരിച്ച കൊവിഡ് പ്രതിരോധത്തിലെ കേരളാ മോഡലിനെക്കുറിച്ച് മന്ത്രിയുടെ പ്രസ്താവനയില്‍ ഒരു വാക്കുപോലും പറയുന്നില്ല.

ജനുവരി അവസാനത്തോടു കൂടിയാണ് ഇന്ത്യയില്‍ ആദ്യത്തെ കൊവിഡ് കേസ് റിപോര്‍ട്ട് ചെയ്യുന്നത്. പക്ഷേ, അമേരിക്കന്‍ പ്രസിഡന്റിന് സ്വീകരണമൊരുക്കുന്നതിലും മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി അധികാരം പിടിക്കുന്നതിലും മാത്രമായിരുന്നു ആ സമയങ്ങളില്‍ ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിനെല്ലാം ശേഷം അപ്രതീക്ഷിതമായി ഒരു ദിവസം രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നു. വെറും നാല് മണിക്കൂര്‍ നേരം മാത്രമാണ് ജനങ്ങള്‍ക്ക് തയ്യാറെടുപ്പിനായി ലഭിച്ചത്. ഇത്തരം നടപടികള്‍ രാജ്യത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത് അത്യന്തം ഗുരുതരമായ സാഹചര്യത്തിലേക്കാണ്. കൊവിഡ് പാക്കേജ് എന്ന നിലയില്‍ പ്രഖ്യാപിക്കപ്പെട്ട 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് വെറും തട്ടിപ്പാണ്. മറ്റ് രാജ്യങ്ങള്‍ ജിഡിപിയുടെ 21 ശതമാനം വരെ സാമ്പത്തിക പാക്കേജായി നീക്കിവച്ചപ്പോള്‍ ഇന്ത്യയില്‍ ജിഡിപിയുടെ ഒരു ശതമാനം പോലും കേന്ദ്രം ജനങ്ങള്‍ക്കായി ചെലവഴിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ കൃത്യമായ പരിഹാരം കാണാന്‍ ആവശ്യമായ നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത് എന്നും അദ്ദേഹം സൂചിപ്പിച്ചു.

Next Story

RELATED STORIES

Share it