Latest News

സോഷ്യല്‍ മീഡിയ പരസ്യം നിരീക്ഷണം കര്‍ശനമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

സോഷ്യല്‍ മീഡിയ പരസ്യം നിരീക്ഷണം കര്‍ശനമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍
X

എറണാകുളം: സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സോഷ്യല്‍ മീഡിയവഴിയുള്ള അനധികൃത പരസ്യങ്ങള്‍ക്കെതിരെ നിരീക്ഷണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമാക്കി. പരസ്യങ്ങളുടെയും പെയ്ഡ് ന്യൂസിന്റെയും നിരീക്ഷണത്തിനായി രൂപീകരിച്ച മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മീഡിയ മോണിറ്ററിംഗ് കമ്മറ്റിക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം ജില്ലാതിരഞ്ഞെടുപ്പ ഓഫിസറും കമ്മറ്റി ചെയര്‍മാനുമായി ജില്ല കളക്ടര്‍ എസ്. സുഹാസ് നല്‍കി.

മുന്‍കൂര്‍ അനുമതി വാങ്ങാത്ത പരസ്യങ്ങള്‍ കണ്ടെത്തി രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും തിരഞ്ഞെടുപ്പ് ചെലവില്‍ വകയിരുത്താനും കളക്ട്രേറ്റില്‍ ചേര്‍ന്ന കമ്മറ്റി യോഗത്തില്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ മെമ്പര്‍ സെക്രട്ടറിയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ ബി. സേതുരാജ്, കമ്മറ്റി അംഗങ്ങളായ എ.ഡി.എം മുഹമ്മദ് ഷാഫി, ദി ഹിന്ദു ദിനപ്പത്രത്തിന്റെ എറണാകുളം ബ്യൂറോ ചീഫ്, എസ്. ആനന്ദന്‍, ദൂരദര്‍ശന്‍ മുന്‍ ന്യൂസ് എഡിറ്റര്‍ വി.എം അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നല്‍കുന്നതിന് കമ്മറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. ടെലിവിഷന്‍, ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹ്യമാധ്യമങ്ങള്‍, എസ്.എം.എസ്, സിനിമാ ശാലകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ദൃശ്യ ശ്രാവ്യ മാധ്യമസങ്കേതങ്ങള്‍, പൊതുസ്ഥലങ്ങളിലെ വീഡിയോ ഓഡിയോ പ്രദര്‍ശനം, വോയ്‌സ് മെസെജുകള്‍, എസ്.എം.എസുകള്‍, ദിനപ്പത്രങ്ങളുടെ ഇ പേപ്പറുകള്‍ തുടങ്ങിയവയിലെ പരസ്യങ്ങള്‍ക്കെല്ലാം മുന്‍കൂര്‍ അനുമതി തേടിയിരിക്കണം. മാധ്യമ സ്ഥാപനങ്ങള്‍ കളക്ടേറ്റിലെ എം.സി.എം.സിയുടെ അനുമതിയുള്ള പരസ്യ മാറ്ററുകള്‍ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ.

പാര്‍ട്ടികളുടെ പ്രതിനിധികളും സ്ഥാനാര്‍ഥികളും പരസ്യങ്ങള്‍ സംപ്രേഷണമോ പ്രക്ഷേപണമോ ചെയ്യുന്നതിന് മൂന്നു ദിവസം മുന്‍പെങ്കിലും വിശദവിവരങ്ങളോടെ നിശ്ചിത ഫോമില്‍ അപേക്ഷ എം.സി.എം.സി സെല്ലില്‍ സമര്‍പ്പിക്കണം. അച്ചടി മാധ്യമങ്ങളില്‍ സ്ഥാനാര്‍ഥിയുടെ അറിവോടെയും അനുമതിയോടെയും വരുന്ന പരസ്യങ്ങളുടെ ചെലവ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. സ്ഥാനാര്‍ഥിയുടെ അറിവില്ലാതെയാണ് പരസ്യം പ്രസിദ്ധീകരക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പ്രസാധകനെതിരെ നിയമ നടപടിക്ക് ശുപാര്‍ശ ചെയ്യും. അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടുന്ന പരസ്യങ്ങള്‍ വിലയിരുത്തി കമ്മിറ്റി 48 മണിക്കൂറിനകം തീരുമാനമറിയിക്കും. മീഡിയ സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 94960 03208, 94960 03217 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Next Story

RELATED STORIES

Share it