Latest News

ഇഎംഎസ് സ്റ്റേഡിയവും രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരവും

ഇഎംഎസ് സ്റ്റേഡിയവും രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരവും
X

എ പി കുഞ്ഞാമു

കോഴിക്കോട്: രാജ്യത്തെ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌നയുടെ പേര് മാറ്റി ധ്യാന്‍ചന്ദിന്റെ പേരിലാക്കിയ നടപടിയുടെ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് എഴുത്തുകാരനായ എ പി കുഞ്ഞാമു തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ. കളിയുടേയും കലയുടേയും മണ്ഡലങ്ങളിലെ അംഗീകാരങ്ങള്‍ അതാത് രംഗത്തുള്ളവരുടെ പേരില്‍ നല്‍കുക തന്നെയാണ് ഭേദം. എന്നാല്‍ ഇക്കാര്യത്തില്‍ എല്ലാവരും ഇരട്ടത്താപ്പ് കളിക്കുന്നവരാണെന്നാണ് അദ്ദേഹം എഴുതുന്നത്. കോഴിക്കോട്ടെ സ്‌റ്റേഡിയത്തിന് ഒളിംപ്യാന്‍ റഹ്മാന്‍ പേരിടണമെന്ന് പറഞ്ഞിട്ടും അത് തള്ളി ഇഎംഎസ്സിന്റഎ പേരിട്ട സാഹചര്യമാണ് അദ്ദേഹം ഓര്‍ത്തെടുക്കുന്നത്.

ഓര്‍മ്മകള്‍ ബാക്കിയാവുന്നത് സ്മാരകങ്ങളിലൂടെയല്ലെന്നും നാം ലോകത്തിന്ന് വേണ്ടി ബാക്കി വെച്ചതെന്തോ, അതിലൂടെയായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം


രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം ഇനിമേല്‍ ഹോക്കി മാന്ത്രികനായ ധ്യാന്‍ചന്ദിന്റെ പേരിലാണ്. നല്ലത്. കളിയുടേയും കലയുടേയും മണ്ഡലങ്ങളിലെ അംഗീകാരങ്ങള്‍ അതാത് രംഗത്തുള്ളവരുടെ പേരില്‍ നല്‍കുക തന്നെയാണ് ഭേദം. അതും അവരില്‍ നിന്ന് തട്ടിയെടുത്ത് രാഷ്ട്രീയക്കാര്‍ക്ക് നല്‍കുന്നതെന്തിന്?

പക്ഷേ, അഹമ്മദാബാദ് മൊട്ടേര സ്‌റ്റേഡിയത്തിന്റെ പേര് നരേന്ദ്ര മോദി സ്‌റ്റേഡിയം എന്ന് പുനര്‍നാമകരണം ചെയ്തതോ? നരേന്ദ്ര മോദിയെ വാഴ്ത്താം, രാജീവ് ഗാന്ധിയെ പാടില്ല എന്നതിന്റെ ന്യായമാണ് പിടികിട്ടാത്തത്.

ഇത് ബി.ജെ.പിയുടേയോ മോദിയുടേയോ മാത്രം പ്രശ്‌നമാണെന്ന് തോന്നുന്നില്ല കെട്ടോ. കോഴിക്കോട്ട് ഫുട്‌ബോള്‍ സ്റ്റേഡിയം നിര്‍മ്മിച്ചപ്പോള്‍ അതിന്നു കളിക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച ഒളിമ്പ്യന്‍ റഹ് മാന്റെ പേരിടണമെന്ന ആവശ്യമുയര്‍ന്നു. വളരെ ശക്തമായിരുന്നു ആവശ്യം. പക്ഷേ, റഹ് മാന്റെ കാലില്‍ നിന്ന് പന്തു തട്ടിക്കൊണ്ട് പോയി ഗോളടിച്ചത് ജീവിതത്തിലൊരിക്കലും ഫുട്ബാള്‍ കളിച്ചിരിക്കാനിടയില്ലാത്ത ഇ എം.എസ്.നമ്പൂതിരിപ്പാടാണ്. ഇ.എം.എസിന്റെ പേരിലാണ് സ്‌റ്റേഡിയം. ഇപ്പോഴത്തെ ഇന്‍ഡോര്‍ സ്‌റേറഡിയം വി കെ കൃഷ്ണമേനോന്റെ പേരിലാണ്. ഇനിയൊരു സ്‌റേറഡിയം വരുന്നുവെന്നും അതിന്നു് എന്തായാലും റഹ് മാന്റെ പേരിടുമെന്നും കേള്‍ക്കുന്നു. പക്ഷേ, പണി പൂര്‍ത്തിയാവുമ്പോള്‍ ഏതെങ്കിലുമൊരു നേതാവ് അത് തട്ടിക്കൊണ്ട് പോയേക്കാം.

കേരളത്തില്‍ ഏറ്റവുമധികം സ്മാരകങ്ങളുള്ളത് ഇ.എം.എസിന്റെ പേരിലാണെന്ന് തോന്നുന്നു. നാട്ടില്‍ ഞാന്‍ പഠിച്ച സ്‌കൂളിന്റെ പുതിയ കെട്ടിടം പോലും ഇ.എം.എസ്. സ്മാരകമാണ്്. പക്ഷേ, കാലം ചെല്ലുമ്പോള്‍ ഇ എം.എസ്.ഓര്‍മ്മിക്കപ്പെടുക കല്ലും സിമന്റും കൊണ്ടുണ്ടാക്കിയ ഈ കെട്ടിടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കുമോ, അതോ അദ്ദേഹം ലോകത്തിന്നു നല്‍കിയ സംഭാവനകളുടെ പേരിലോ?

ഒരു സ്മാരകവുമില്ലാഞ്ഞിട്ടും ഒളിമ്പ്യന്‍ റഹ് മാന്‍ ഓര്‍മ്മിക്കപ്പെടുന്നുണ്ടല്ലോ.

കോഴിക്കോട്ട് ഫ്രാന്‍സിസ് റോഡ് എന്നൊരു നിരത്തുണ്ട്. ഏതോ വെള്ളക്കാരന്‍ കലക്ടറുടെ പേരിലുള്ള നിരത്താണത്. പേരിട്ടിട്ടെന്ത്, ഇയാളാരാണെന്ന് ചോദിച്ചറിയാന്‍ പോലും വകുപ്പില്ലാത്ത അവസ്ഥയാണ്. വൈക്കം മുഹമ്മദ് ബഷീര്‍ അറിയപ്പെടുന്നത് ഏതായാലും വി എം ബഷീര്‍ റോഡ് എന്ന പീടിക ബോര്‍ഡിലെ വിലാസം കൊണ്ടല്ല. മഹാത്മാഗാന്ധിക്ക് എം.ജി.റോഡ് എന്ന അക്ഷരങ്ങള്‍ക്കടിയില്‍ ഒളിച്ചിരിക്കേണ്ടി വരുന്നുമില്ല.

ഓര്‍മ്മകള്‍ ബാക്കിയാവുന്നത് സ്മാരകങ്ങളിലൂടെയല്ല, നാം ലോകത്തിന്ന് വേണ്ടി ബാക്കി വെച്ചതെന്തോ, അതിലൂടെയായിരിക്കും. രാജീവ് ഗാന്ധിയായാലും ധ്യാന്‍ചന്ദായാലും മറ്റാരുമായാലും.


Next Story

RELATED STORIES

Share it