Latest News

ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് സ്വന്തം ചെലവില്‍ കൊവിഡ് ടെസ്റ്റ്; സര്‍ക്കാര്‍ തീരുമാനം ക്രൂരമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് സ്വന്തം ചെലവില്‍ കൊവിഡ് ടെസ്റ്റ്; സര്‍ക്കാര്‍ തീരുമാനം ക്രൂരമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍, പുറപ്പെടുന്ന രാജ്യത്തു നിന്ന് സ്വന്തം ചെലവില്‍ കൊവിഡ് പരിശോധന നടത്തി രോഗബാധയില്ലെന്നുള്ള സാക്ഷ്യപത്രം സഹിതം മാത്രമേ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ സ്വദേശത്തേക്കു യാത്ര ചെയ്യാവൂ എന്ന പിണറായി സര്‍ക്കാരിന്റെ പുതിയ തീരുമാനം തൊഴില്‍ നഷ്ടപ്പെട്ടും സാമ്പത്തികമായും തകര്‍ന്ന പ്രവാസികളുടെ നെഞ്ചത്തേക്കുള്ള കുത്താണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്‌റ്റേറ്റ് കമ്മിറ്റി ആരോപിച്ചു.

പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കാത്ത കേന്ദ്ര സര്‍ക്കാരും അതേസമയം കേരളീയരായ പ്രവാസികള്‍ നാടണയുന്നതു തടയുന്ന നടപടികളുമായി നില്‍ക്കുന്ന ഇടതു സര്‍ക്കാരും കഷ്ടതയനുഭവിക്കുന്ന പ്രവാസികളെ ഒരേപോലെ ദുരിതത്തിലാക്കുകയാണെന്നും സോഷ്യല്‍ ഫോറം ഭാരവാഹികള്‍ കുറ്റപ്പെടുത്തി. എന്നാല്‍ പ്രാസികള്‍ നാടിന്റെ നട്ടെല്ലാണെന്നും അവരെ ഇരുകൈകളും നീട്ടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നുമുള്ള വാചകക്കസര്‍ത്തുകള്‍ പ്രവാസികളില്‍ നിന്നുള്ള വരുമാനം മാത്രം ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്നാണ് ദുരിതക്കാലത്തു പ്രവാസികളോട് സര്‍ക്കാരുകള്‍ തുടരുന്ന ക്രൂരമായ നടപടികള്‍ തെളിയിക്കുന്നത്. പ്രവാസികള്‍ സ്വന്തം നാട്ടിലേക്കു വരേണ്ടതില്ല എന്ന് നേരിട്ട് പറയുന്നതിനു പകരം പ്രവാസികളുടെ നട്ടെല്ലൊടിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് സര്‍ക്കാരുകള്‍ കൈക്കൊള്ളുന്നത്.

ജോലി നഷ്ടപ്പെട്ടതിനാല്‍ വരുമാനമില്ലാതെ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കാനും സര്‍ക്കാരുകളുടെ ക്രൂരനടപടികളാല്‍ സ്വന്തം നാട്ടിലേക്ക് പോകാനും വയ്യാത്ത അവസ്ഥയിലായ പതിനായിരക്കണക്കിന് പ്രവാസികള്‍ ഇനിയെന്ത് ചെയ്യുമെന്നറിയാതെ പകച്ചു നില്‍ക്കുന്ന സാഹചര്യമാണുള്ളതെന്നും സോഷ്യല്‍ ഫോറം ഭാരവാഹികള്‍ പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍ ദുരിതംപേറി മരിച്ചുവീഴുന്ന പ്രവാസികളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാന്‍ കേന്ദ്ര കേരള സര്‍ക്കാരുകള്‍ മനസ്സ് കാട്ടണമെന്ന് ഓണ്‍ലൈന്‍ മീറ്റിംഗിലൂടെ നടത്തിയ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഹനീഫ കിഴിശ്ശേരി, ജനറല്‍ സെക്രട്ടറി കോയിസ്സന്‍ ബീരാന്‍കുട്ടി, മുഹമ്മദ്കുട്ടി തിരുവേഗപ്പുറ, ഷാഫി കോണിക്കല്‍, സി വി അഷ്‌റഫ്, ഷാഹുല്‍ ഹമീദ് മേടപ്പില്‍, ഫൈസല്‍ തമ്പാറ, യാഹു പട്ടാമ്പി, അയ്യൂബ് അഞ്ചച്ചവിടി, ജാഫര്‍ കാളികാവ്, നൗഫല്‍ താനൂര്‍, ഹസ്സന്‍ മങ്കട, അബ്ദുള്ളക്കോയ, നാസര്‍ വേങ്ങര, സൈനുല്‍ ആബിദീന്‍ പി.എ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it