Latest News

വഖ്ഫ് ബില്ല് പിന്തുണ: കെസിബിസിയുടേത് സാമൂഹിക അവിവേകവും രാഷ്ട്രീയ നിരക്ഷരതയും; കാരണം വിശ്വാസികള്‍ക്ക് അറിയണം: ഫാദര്‍ അജി പുതിയ പറമ്പില്‍

വഖ്ഫ് ബില്ല് പിന്തുണ: കെസിബിസിയുടേത് സാമൂഹിക അവിവേകവും രാഷ്ട്രീയ നിരക്ഷരതയും; കാരണം വിശ്വാസികള്‍ക്ക് അറിയണം: ഫാദര്‍ അജി പുതിയ പറമ്പില്‍
X

കോഴിക്കോട്: വഖ്ഫ് നിയമഭേദഗതിയെ പിന്തുണച്ച കെസിബിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫാദര്‍ അജി പുതിയപറമ്പില്‍. കെസിബിസിയുടെ നിലപാടിന് കാരണം വിശ്വാസികള്‍ക്ക് അറിയണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


''വഖഫ് ബില്ലിനെ പരസ്യമായി പിന്തുണച്ചതും അങ്ങനെ ചെയ്യാന്‍ കേരളത്തിലെ എം.പി. മാരോട് ആവശ്യപ്പെട്ടതും തികഞ്ഞ രാഷ്ട്രീയ പാപ്പരത്തമായെന്ന കാര്യത്തില്‍ സംശയമേതുമില്ല. അതീവ സെന്‍സിറ്റീവായ വഖഫ് വിഷയത്തില്‍ ഇങ്ങനെയായിരുന്നോ ഇടപെടേണ്ടിയിരുന്നത്? കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഇനിയെങ്കിലും ആത്മപരിശോധന നടത്തണം.

വഖഫ് ബില്ലിന്റെ സ്ഥാനത്ത് ചര്‍ച്ച് ബില്‍ ആയിരുന്നു എന്ന് കരുതുക. മെത്രാന്‍ സമിതി ചെയ്തതുപോലെ ഇവിടുത്തെ മുസ്ലീം നേതൃത്വം പെരുമാറിയാല്‍ ക്രിസ്ത്യന്‍ സമൂഹത്തിന് എന്താണ് തോന്നുക? എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ!!

ആ ബില്ലില്‍ സഭാ സ്വത്തുക്കളുടെ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ അെ്രെകസ്തവരായ രണ്ടു പേര്‍ ഉണ്ടാകുമെന്നറിഞ്ഞിട്ടും മുസ്ലീം സമൂഹം അതിനെ ശക്തമായി പിന്തുണച്ചാല്‍ അവരോട് ഇവിടുത്തെ ക്രിസ്ത്യന്‍ സമൂഹത്തിന് സൗഹൃദം തോന്നുമോ?

ഇനി മുതല്‍ അെ്രെകസ്തവരായ ആരും െ്രെകസ്തവര്‍ക്ക് സ്വത്ത് ദാനം ചെയ്യാന്‍ പാടില്ല എന്ന വ്യവസ്ഥ ആ നിയമത്തില്‍ ഉണ്ടെന്നറിഞ്ഞിട്ടും അവര്‍ അതിനെ പിന്തുണച്ചാല്‍ എന്തായിരിക്കും നമ്മുടെ നിലപാട് ?

എന്നാല്‍ മനസ്സിലാക്കുക; നിലവില്‍ പാസായ വഖഫ് ബില്ലില്‍ (UMEED)) മേല്പറഞ്ഞ ഭരണഘടനാ വിരുദ്ധമായതും മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായ വകുപ്പുകള്‍ ഉണ്ട്. നിയമത്തിന്റെ കരട് വായിക്കാതെയാണോ മെത്രാന്‍മാര്‍ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചത്? ആകാന്‍ വഴിയില്ല.

ബില്ലിനെ പിന്തുണയ്ക്കാന്‍ പരസ്യമായി ആവശ്യപ്പെട്ടതിലൂടെ വളരെ അപകടകരമായ ഒരു രാഷ്ട്രീയ സാമുദായിക വിഭജന ഫോര്‍മുലയാണ് കെസിബിസി പാര്‍ലമെന്റ് അംഗങ്ങളുടെ മുന്നില്‍ വച്ചത് : 'ഒന്നുകില്‍ ഞങ്ങളോടൊപ്പം; അല്ലെങ്കില്‍ അവരോടൊപ്പം' !!!!!! ഇങ്ങനെയൊരു വിഭജന സമവാക്യം വേണമായിരുന്നോ ?? രാഷ്ട്രീയ അക്ഷരജ്ഞാനം അശേഷമില്ലാത്ത ആരുടെയോ തലയിലുദിച്ച അവിവേകമാണിത്. കഷ്ടം!!!!

ഒന്നു ചിന്തിക്കുക...

ഒരു ദേശീയ പാര്‍ട്ടിക്ക് പ്രാദേശിക വിഷയങ്ങളെ മാത്രം അടിസ്ഥാനമാക്കി തീരുമാനം എടുക്കാന്‍ പറ്റുമോ? കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നിര്‍ദ്ദേശം ആഗോള കത്തോലിക്കാ സഭ അതുപോലെ കണക്കിലെടുക്കണം എന്നുണ്ടോ? പോട്ടെ, ഇവിടുത്തെ പ്രാദേശിക പാര്‍ട്ടികള്‍ പോലും മെത്രാന്‍ സമിതിയുടെ അഭ്യര്‍ഥന നിരസിച്ചു. (ഇങ്ങനെ ഒരു സാഹചര്യം തീര്‍ത്തും ഒഴിവാക്കേണ്ടതായിരുന്നു).

വഖഫ് ഭേദഗതി ബില്‍ ഒരു ക്രിസ്ത്യന്‍ മുസ്ലീം പ്രശ്‌നമായി കേരളത്തില്‍ അവതരിപ്പിക്കാനും അതിലൂടെ സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനും ആരൊക്കെയോ ആഗ്രഹിച്ചിരുന്നു എന്നു വേണം കരുതാന്‍ . അവരതിന്റെ സ്‌ക്രിപ്റ്റും സെറ്റും തയ്യാറാക്കി. അറിഞ്ഞോ അറിയാതെയോ , കെ. സി. ബി. സി. യും അതിന്റെ ഭാഗമായി.

വഖഫ് ബോര്‍ഡുമായി കേസുകള്‍ നടത്തുന്നത് ക്രിസ്ത്യാനികള്‍ മാത്രമാണോ? ഇന്ത്യയില്‍ വഖഫ് ബോര്‍ഡിനെതിരെ നാല്പതിനായിരത്തിലധികം കേസുകളുണ്ട് (40951). അതില്‍ പതിനായിരത്തോളം കേസുകള്‍ (9942) മുസ്ലീം കമ്മ്യൂണിറ്റിയില്‍ നിന്നാണ്. കേരളത്തിലും , വിവിധ മതങ്ങളിലും പാര്‍ട്ടികളിലും പെട്ടവര്‍ വഖഫ് ബോര്‍ഡുമായി കേസ് നടത്തുന്നുണ്ട്.

മുനമ്പത്തും ഉണ്ട് വിവിധ മതങ്ങളിലുള്ളവര്‍. നിലവിലെ വഖഫ് നിയമത്തില്‍ ചില ഭേദഗതികള്‍ വേണമെന്ന് ആഗ്രഹിച്ചിരുന്നവരാണ് അവരൊക്കെ. ഇതൊന്നും അറിയാതെയും പഠിക്കാതെയുമാണോ മെത്രാന്‍ സമിതി ഈ വിഷയത്തില്‍ ഇടപെട്ടത്?

ഇത്തരം രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ചതിന് പിന്നില്‍ മുനമ്പം ജനതയുടെ പ്രശ്‌നം പരിഹരിക്കുക മാത്രമായിരുന്നോ ലക്ഷ്യം എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ?

പ്രതിപക്ഷം എതിര്‍ത്താലും വഖഫ് ബില്‍ പാസാക്കാനുള്ള അംഗബലം ഭരണപക്ഷത്തിനുണ്ട് എന്നത് ഏത് രാഷ്ട്രീയ വിദ്യാര്‍ഥിക്കും അറിയുന്ന കാര്യമല്ലേ? എന്നിട്ടും എന്തുകൊണ്ടാണ് വളരെ അപകടം നിറഞ്ഞതും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ സാമുദായിക ധ്രുവീകരണ ഫോര്‍മുലമായി കെസിബിസി മുന്നോട്ട് വന്നത്??? അതറിയാന്‍ ഓരോ കത്തോലിക്കാ വിശ്വാസിയും താല്‍പര്യപ്പെടുന്നുണ്ട്.

ഫാ. അജി പുതിയാപറമ്പില്‍

05/04/2025

Next Story

RELATED STORIES

Share it