Latest News

അഞ്ചുദിവസം കനത്ത മഴ; ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

അഞ്ചുദിവസം കനത്ത മഴ; ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. പലയിടത്തും നദികളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. തോടുകള്‍ പലതും കരകവിഞ്ഞു. കൊല്ലം ജില്ലയിലെ പുനലൂര്‍ താലൂക്കില്‍ ആര്യങ്കാവ് വില്ലേജില്‍ അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ വീണു തമിഴ്‌നാട് സ്വദേശികളായ നാല് സഞ്ചാരികള്‍ അപകടത്തില്‍പ്പെട്ടു.

മൂന്ന് പേര്‍ രക്ഷപ്പെടുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു. കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ മൂന്നിലവ് വില്ലേജില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് മൂന്നിലവ് ടൗണില്‍ വെള്ളം കയറുകയും ഉരുള്‍പൊട്ടിലില്‍ ഒരാളെ കാണാതാവുകയും പിന്നീട് രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം വിതുര പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കല്ലാര്‍ ഭാഗത്തുനിന്നും മീന്‍മുട്ടി വെള്ളച്ചാട്ടത്തിലേക്ക് പോവുന്ന വഴിയിലുള്ള ചപ്പാത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ മറുകരയില്‍ അകപ്പെട്ടു. വിതുര വില്ലേജില്‍ കല്ലാര്‍ സമീപം വിനോദത്തിനായെത്തിയ രണ്ട് യുവാക്കള്‍ പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ അകപ്പെട്ടുപോവുകയും, അവരെ വിതുര പോലിസ് സ്‌റ്റേഷനില്‍ നിന്നും പോലിസുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തുകയും ചെയ്തു.

മഴ കനക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. പോലിസ്, അഗ്‌നിരക്ഷാസേന, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവരോട് ജാഗരൂഗരായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടങ്ങള്‍ സംഭവിച്ച സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി. പൊന്‍മുടി, കല്ലാര്‍, മങ്കയം വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു.

മല്‍സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോവരുത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ക്യാംപുകളിലേക്ക് മാറ്റണം. ക്യാംപുകളില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കണം. നദികള്‍, ജലാശയങ്ങള്‍, തോടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുത്. രാത്രി യാത്രകള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ദുരന്തനിവാരണ അതോറിറ്റി അതത് സമയങ്ങളില്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കാന്‍ എല്ലാവരും തയ്യാറാവണമെന്ന് മുഖമന്ത്രി അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it