Latest News

കാലിത്തീറ്റ കുംഭകോണക്കേസ്; ലാലു പ്രസാദ് യാദവ് അഞ്ചാമത്തെ കേസിലും കുറ്റക്കാരന്‍

കാലിത്തീറ്റ കുംഭകോണക്കേസ്; ലാലു പ്രസാദ് യാദവ് അഞ്ചാമത്തെ കേസിലും കുറ്റക്കാരന്‍
X

റാഞ്ചി; ആര്‍ജെഡി നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെ അഞ്ചാമത്തെ കാലിത്തീറ്റ കുംഭകോണക്കേസിലും സിബിഐ പ്രത്യേക കോടതി കുറ്റക്കാരനെന്ന് വിധിച്ചു. അനധികൃതമായി 139.95 കോടി രൂപ ഡോറണ്ട ട്രഷറിയില്‍ നിന്ന് പിന്‍വലിച്ചുവെന്നാണ് കേസ്.

ജഡ്ജി വിധിന്യായം വായിക്കുമ്പോള്‍ ലാലു പ്രസാദ് കോടതിയില്‍ സന്നിഹിതനായിരുന്നു. ഇതോടെ അഞ്ച് കാലിത്തീറ്റ കുംഭകോണക്കേസിലും ലാലു കുറ്റക്കാരനായിരിക്കുകയാണ്. ജഡ്ജി സി കെ ഷാഷിയാണ് വിധി പറഞ്ഞത്. ഈ മാസം 18ന് കോടതി ശിക്ഷ വിധിക്കും.

കേസില്‍ ഉള്‍പ്പെട്ട 98 പ്രതികളും കോടതിയില്‍ സന്നിഹിതരായിരുന്നു. 24 പേരെ വിട്ടയച്ചു. ഇതില്‍ ആറ് പേര്‍ സ്ത്രീകളാണ്. ലാലു പ്രസാദ് യാദവ് അടക്കം 39 പേരെയാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ആരോഗ്യനില മോശമായതിനാല്‍ ലാലു യാദവിനെ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഉച്ചയ്ക്ക് 2 മണിക്ക് കോടതി അപേക്ഷ പരിഗണിക്കും- ലാലുവിന്റെ അഭിഭാഷകന്‍ പ്രഭാത് കുമാര്‍ പറഞ്ഞു.

ഇതുവരെയുള്ള നാല് കാലിത്തീറ്റ കുംഭകോണക്കേസിലും ലാലു കുറ്റക്കാരനാണ്. ആകെ 950 കോടിയുടെ തട്ടിപ്പ് കേസാണ് ഇത്.

1996ലെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ആകെ 56 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 5 എണ്ണത്തില്‍ ലാലു പ്രതിയാണ്.

നാല് കേസിലായി ലാലു 2017 മുതല്‍ മൂന്നര വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു. അതിനുശേഷം ജാമ്യത്തിലാണ്.

ലാലു മുഖ്യമന്ത്രിയായിരിക്കെയാണ് കാലിത്തീറ്റ കുംഭകോണം നടന്നത്. ദേശീയ തലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ട കേസാണ് ഇത്.

Next Story

RELATED STORIES

Share it