Latest News

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപീകരിക്കുന്നു

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപീകരിക്കുന്നു
X

തിരുവനന്തപുരം: സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപീകരിക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു. വയോജന കൗണ്‍സിലുകളെ സമര്‍ത്ഥമായി ഉപയോഗിച്ചും വയോജന ക്ലബ്ബുകള്‍ രൂപീകരിച്ചും വയോജന ഗ്രാമസഭകള്‍ ഉറപ്പാക്കിയും ഈ മേഖലയില്‍ മുന്നേറ്റം കാഴ്ചവെയ്ക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. അന്താരാഷ്ട്ര വയോജനദിന സംസ്ഥാനതല പരിപാടികളുടെ ഉദ്ഘാടനവും വയോസേവന അവാര്‍ഡ് സമര്‍പ്പണവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളില്‍ കര്‍മ്മശേഷി വിനിയോഗിച്ച് നിരവധി വയോജനങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു എന്നത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു.

എല്ലാ റവന്യൂ ഡിവിഷനുകളിലും മെയിന്റനന്‍സ് ട്രിബ്യൂണലുകള്‍ രൂപീകരിച്ച് വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനായെന്നത് അഭിമാനകരമാണ്. വയോരക്ഷ, വയോമിത്രം, വയോമധുരം തുടങ്ങി നിരവധി സുരക്ഷാ പദ്ധതികളാണ് വയോജനങ്ങള്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അര്‍ഹരായവര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്തുന്നതില്‍ സന്നദ്ധ സംഘടനകളുടെ ഉള്‍പ്പെടെ കൂട്ടായ പരിശ്രമം ആവശ്യമാണ് .

സര്‍ഗാത്മകതയും അധ്വാനശേഷിയും പഴയതു പോലെ ഉപയോഗിക്കാന്‍ ആകുന്നില്ലെന്ന വ്യാകുലത വയോധികരെ പലപ്പോഴും അലട്ടുന്നുണ്ട്. അത്തരം സാഹചര്യങ്ങളില്‍ അവരെ ചേര്‍ത്ത് നിര്‍ത്തുകയാണ് സാമൂഹ്യനീതി വകുപ്പെന്നും മന്ത്രി പറഞ്ഞു. 'തനിച്ചല്ല നിങ്ങള്‍; ഒപ്പമുണ്ട് ഞങ്ങള്‍' എന്ന വകുപ്പിന്റെ മുദ്രാവാക്യം അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് വകുപ്പിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരം പ്രശസ്ത നിരൂപക ഡോ. എം ലീലാവതിക്കും മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രനും മന്ത്രി സമ്മാനിച്ചു. ലീലാവതിക്ക് വേണ്ടി മകന്‍ വിനയകുമാര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച വയോജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ലാ പഞ്ചായത്തിനുള്ള ഒരു ലക്ഷം രൂപയുടെ വയോസേവന പുരസ്‌കാരത്തിന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അര്‍ഹമായി. മറ്റു പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു.

Next Story

RELATED STORIES

Share it