Latest News

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോക്ടര്‍ മുബാറക് പാഷയ്ക്ക് അനുമോദനവുമായി ഫോസ ജിദ്ദ ഘടകം

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോക്ടര്‍ മുബാറക് പാഷയ്ക്ക് അനുമോദനവുമായി ഫോസ ജിദ്ദ ഘടകം
X

ജിദ്ദ: ഡോക്ടര്‍ മുബാറക് പാഷയെ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍ ആയി നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തെ ഫോസ ജിദ്ദ ഘടകം അനുമോദിച്ചു. നിലവില്‍ ഒമാനിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ഹെഡ് ഓഫ് ഗവര്‍ണന്‍സ് ആന്‍ഡ് സ്ട്രാറ്റജിക് പ്ലാനിംഗ് ആയി സേവനം അനുഷ്ഠിക്കുകയാണ് ഡോ. പാഷ.

ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ള വൈവിധ്യമാര്‍ന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തന പരിചയം, മികവ് എന്നിവ പരിഗണിച്ചാണ് സര്‍ക്കാരിന്റെ ഈ നിയമനം. ഇന്ത്യയിലെ സ്‌പെഷ്യല്‍ ഗ്രേഡ് കോളേജുകളിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രിന്‍സിപ്പലായി ഫാറൂഖ് കോളേജില്‍ അദ്ദേഹം നിയമിതനാകുന്നത് മുപ്പത്തിമൂന്നാമത്തെ വയസ്സിലായിരുന്നു. കോളേജിന്റെ ആധുനികവല്‍ക്കരണത്തിന് നേതൃത്വം നല്‍കുക വഴി നാകിന്റെ ഫൈവ് സ്റ്റാര്‍ പദവി,യുജിസിയുടെ കോളേജ് വിത്ത് പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്‌സലന്‍സ് ഗ്രാന്‍ഡ്, സംസ്ഥാനത്തെ മികച്ച കോളേജിനുള്ള ആര്‍ ശങ്കര്‍ അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയ മലബാറിലെ ആദ്യത്തെ കോളേജായി ഫാറൂഖിനെ ഉയര്‍ത്തി. 2001-2004 കാലയളവിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള മൗലാനാ അബ്ദുല്‍ കലാം ആസാദ് ഫൗണ്ടേഷന്‍ അംഗീകാരം ലഭിച്ചതും, ഫാറൂഖ് കോളേജിന്റെ മുഖമുദ്രയായ ലൈബ്രറി സമുച്ഛയം സമര്‍പ്പിക്കാന്‍ ഭാരതത്തിന്റെ രാഷ്ട്രപതി ആയിരുന്ന ഡോക്ടര്‍ എ.പി.ജെ അബ്ദുല്‍ കലാം ഫാറൂഖ് കോളേജ് സന്ദര്‍ശിച്ചതും ഡോക്ടര്‍ മുബാറക്ക് പാഷ പ്രിന്‍സിപ്പലായിരുന്ന കാലയളവിലാണ്.

കാലിക്കറ്റ്‌സര്‍വ്വകലാശാലയില്‍ വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടറായി പ്രവര്‍ത്തിക്കുമ്പോഴാണ് ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ പരിശോധന പൂര്‍ത്തിയാക്കിയത്. ഡോ. പാഷ സര്‍വകലാശാലയില്‍ കോളേജ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ ആയിരിക്കുന്ന കാലഘട്ടത്തിലാണ് അഫിലിയേറ്റഡ് കോളേജുകളുടെ ഏകോപനം സംബന്ധിച്ച മാര്‍ഗ്ഗരേഖ ഉണ്ടാക്കിയതും അത് നടപ്പിലാക്കിയതും.

ഇംഗ്ലണ്ടിലെ ഗ്ലാസ്‌കോ- കാലിഡോണിയന്‍, അമേരിക്കയിലെ വെസ്റ്റ് വെര്‍ജീനിയ, സൗത്ത് കരോലിന എന്നീ സര്‍വകലാശാലകളുമായി അക്കാദമിക അഫിലിയേഷന്‍ ഉള്ള ഒമാനിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ഹെഡ് ഓഫ് ഗവര്‍ണന്‍സ് ആന്‍ഡ് സ്ട്രാറ്റജിക് പ്ലാനിംഗ് ആയി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ, വിദേശ സര്‍വ്വകലാശാലകളുമായുള്ള ബന്ധവും പരിചയസമ്പത്തും വിദേശ വിദ്യാഭ്യാസ രീതികളിലുള്ള അവഗാഹവും വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്കും സര്‍വ്വോപരി നമ്മുടെ നാടിനും ഗുണകരമാകുമെന്ന് പ്രാസംഗികര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

പ്രശസ്ത ചരിത്രപണ്ഡിതനായ ഡോക്ടര്‍ എം.ജി.എസ് നാരായണന്റെ മേല്‍നോട്ടത്തിലായിരുന്നു ഡോ. പാഷ ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.

പ്രമുഖ അറബിക് പണ്ഡിതനും പാലക്കാട് വിക്ടോറിയ കോളേജിലെ പ്രൊഫസറും ആയിരുന്ന, പരേതനായ മൗലവി മുഹമ്മദ്.പി. ഇടശ്ശേരിയുടെയും, കൊടുങ്ങല്ലൂര്‍, പടിയത്ത് ബ്‌ളാങ്ങാച്ചാലില്‍ പി.കെ. മറിയുമ്മയുടെയും പുത്രനാണ്, ഡോ. പാഷ. ഫാറൂഖ് കോളേജിലെ നിയമ വിഭാഗം അധ്യാപിക ജാസ്മിനാണ് ഭാര്യ. മക്കള്‍: മുഹമ്മദ് ഖൈസ് ജാസിര്‍, മുഹമ്മദ് സമീല്‍ ജിബ്രാന്‍.

അനുമോദന യോഗത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റ് അഷ്റഫ് മേലേവീട്ടില്‍ ആദ്ധ്യക്ഷം വഹിച്ചു. ബഷീര്‍ അംബലവന്‍, സി. എച്. ബഷീര്‍, അഷ്റഫ് കോമു, ഇഖ്ബാല്‍ സി കെ പള്ളിക്കല്‍, കെ.എം. മുഹമ്മദ് ഹനീഫ, ലിയാഖത്ത് കോട്ട എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സാഹിദ് കൊയപ്പത്തൊടി സ്വാഗതവും ഖജാന്‍ജി നാസര്‍ ഫറോക്ക് നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it