Latest News

ഹിന്ദു യുവതിയോട് സംസാരിച്ചെന്ന്; മലയാളി യുവാവിന് നേരെ ശ്രീരാമസേനാ ആക്രമണം

ഹിന്ദു യുവതിയോട് സംസാരിച്ചെന്ന്; മലയാളി യുവാവിന് നേരെ ശ്രീരാമസേനാ ആക്രമണം
X

മംഗളൂരു: കര്‍ണാടകയില്‍ മലയാളി യുവാവിനും വനിതാ സുഹൃത്തിനും നേരെ ശ്രീരാമസേനാ ആക്രമണം. നാല് പേര്‍ അറസ്റ്റില്‍. മംഗളൂരുവിലെ പനമ്പൂര്‍ ബീച്ചില്‍ വെച്ചാണ് മലയാളി യുവാവിനും സുഹൃത്തിനുമെതിരെ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസം നടന്നത്. ഹിന്ദു യുവതി മുസ്‌ലിം യുവാവിനോടു സംസാരിക്കുന്നത് തെറ്റാണെന്നും അതിനെ ചോദ്യം ചെയ്യാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ആക്രോശിച്ചായിരുന്നു സംഘം യുവാവിനെയും സുഹൃത്തായ യുവതിയെയും തടഞ്ഞ് നിര്‍ത്തി ആക്രമിച്ചത്. പനമ്പൂര്‍ ബീച്ചില്‍ കഴിഞ്ഞ ദിവസം വൈകീട്ട് 4.30നായിരുന്നു സംഭവം. അക്രമി സംഘം ഇരുവരുടെയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. സംഭവം കണ്ട് ആരോ അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് എത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.

ബണ്ട്വാള്‍ സ്വദേശിയായ മലയാളി യുവാവും ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന യുവതിയും സുഹൃത്തുക്കളാണ്. വൈകീട്ട് ബീച്ചിലൂടെ നടക്കുമ്പോഴാണ് ആക്രമണത്തിന് ഇരയായത്. കഴുത്തിലും തലയിലും കാവി ഷാള്‍ അണിഞ്ഞെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. മുസ്‌ലിം വിഭാഗക്കാരനായ യുവാവിനൊപ്പം എന്തിനാണ് നടക്കുന്നത് എന്ന് ചോദിച്ചാണ് അക്രമി സംഘം യുവതിയെ കൈയേറ്റം ചെയ്തത്. സംഘത്തില്‍പ്പെട്ടവര്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തെട്ടുകാരിയായ യുവതിയുടെ പരാതിയില്‍ നാല് യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബല്‍ത്തങ്ങാടി സ്വദേശികളായ ഉമേഷ്(23), സുധീര്‍(26), കീര്‍ത്തന്‍ പൂജാരി(20), ബണ്ട്വാള്‍ സ്വദേശി പ്രശാന്ത് ഭണ്ഡാരി(38) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ മൂന്നു പേര്‍ ശ്രീരാമസേനാ പ്രവര്‍ത്തകരാണെന്ന് പോലിസ് പറഞ്ഞു. ഞങ്ങള്‍ രണ്ട് മതവിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്ന് മനസ്സിലായതോടെയാണ് അക്രമികള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്ന് യുവതി ആരോപിച്ചു. സംഭവത്തില്‍ പോലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it