Latest News

സൗജന്യ കൈത്തറി യൂനിഫോം പദ്ധതിക്കായി 20 കോടി അനുവദിച്ചു

2022-23ലേക്ക് സമര്‍പ്പിച്ചിട്ടുള്ള 120 കോടി വരുന്ന പദ്ധതിയുടെ ഭാഗമായാണ് ഇപ്പോള്‍ 20കോടി അനുവദിച്ചിട്ടുള്ളത്

സൗജന്യ കൈത്തറി യൂനിഫോം പദ്ധതിക്കായി 20 കോടി അനുവദിച്ചു
X

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള (2022-23) സൗജന്യ കൈത്തറി സ്‌കൂള്‍ യൂനിഫോം പദ്ധതിക്കായി 20 കോടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഒന്നു മുതല്‍ ഏഴ് വരെയുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങളിലേയും ഒന്നു മുതല്‍ നാലു വരെയുള്ള സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യ കൈത്തറി സ്‌കൂള്‍ യൂനിഫോം നല്‍കുന്നത്.

2022-23ലേക്ക് സമര്‍പ്പിച്ചിട്ടുള്ള 120 കോടി വരുന്ന പദ്ധതിയുടെ ഭാഗമായാണ് ഇപ്പോള്‍ 20 കോടി അനുവദിച്ചിട്ടുള്ളത്. കേരളത്തിലെ പ്രാഥമിക കൈത്തറി സംഘങ്ങളില്‍ ജോലിചെയ്യുന്ന ആറായിരത്തിലധികം കൈത്തറിത്തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

കേരളത്തിലെ പരമ്പരാഗത തൊഴില്‍ മേഖലയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൈത്തറി വസ്ത്ര മേഖല. കൈത്തറി തൊഴിലാളികള്‍ ഈ മേഖലയില്‍ നിന്നും കൊഴിഞ്ഞ് പോയികൊണ്ടിരുന്ന സാഹചര്യത്തിലാണ്, കൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമാക്കി സര്‍ക്കാര്‍ 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ സൗജന്യ കൈത്തറി സ്‌ക്കൂള്‍ യൂനിഫോം പദ്ധതി നടപ്പിലാക്കിയത്. ഈ പദ്ധതി നടപ്പിലാക്കിയതിനുശേഷം നെയ്ത്ത് തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങളും, മെച്ചപ്പെട്ട വേതനം ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ സംസ്ഥാനത്തെ സ്‌ക്കൂള്‍ കുട്ടികള്‍ക്ക് ഗുണമേന്മയേറിയ കൈത്തറി തുണി(രണ്ട് ജോടി വീതം) നല്‍കുന്നതിനും സാധിച്ചിട്ടുണ്ട്.

സൗജന്യ കൈത്തറി സ്‌ക്കൂള്‍ യൂണിഫോം പദ്ധതി നടപ്പില്‍ വരുത്തുന്നതിനു മുന്‍പ് 100 രൂപയില്‍ താഴെ ദിവസക്കൂലിയില്‍ ഏതാനും ദിവസങ്ങളില്‍ മാത്രമാണ് നെയ്ത്ത്കാര്‍ക്ക് തൊഴില്‍ ലഭ്യമായിരുന്നത്. എന്നാല്‍ ഈ പദ്ധതി നടപ്പിലാക്കിയതിനുശേഷം ഒരു നെയ്ത്തുകാരന് നെയ്യുന്നതിനനുസരിച്ച് 600ല്‍ അധികം രൂപ ദിവസ വരുമാനവും, 250ല്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങളും ലഭ്യമാകുന്നുണ്ട്. ഇതുവരെ 215 കോടിയോളം രൂപ നെയ്ത്ത് കൂലി ഇനത്തില്‍ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. നിലവില്‍ 6,200 നെയ്ത്തുകാര്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്നു. സംസ്ഥാനത്ത് പൂട്ടികിടന്നിരുന്ന 15 കൈത്തറി സംഘങ്ങള്‍ പദ്ധതിയുടെ ഭാഗമായി തുറന്നു പ്രവര്‍ത്തിപ്പിക്കാനും സാധിച്ചു.

കൈത്തറി യൂനിഫോം പദ്ധതി മൂലം കൈത്തറി നെയ്ത്തുകാര്‍ക്ക് മാത്രമല്ല, കേരളത്തിലെ സഹകരണ സ്പിന്നിങ് മില്ലുകള്‍ക്കും പുത്തന്‍ ഉണര്‍വാണ് കൈവന്നത്. സ്‌കൂള്‍ യൂനിഫോമിന് ആവശ്യമായ നൂല്‍ കേരളത്തിലെ സഹകരണ സ്പിന്നിങ് മില്ലുകളില്‍ നിന്നുമാണ് വാങ്ങുന്നത്. 2020 ലേയും 2021 ലേയും ലോക്ക് ഡൗണ്‍ കാലയളവില്‍ തൊഴില്‍ നഷ്ടപ്പെടുമായിരുന്ന ആറായിരത്തോളം നെയ്ത്ത് തൊളിലാളികള്‍ക്കും നൂല്‍ നിര്‍മ്മിക്കുന്ന സ്പിന്നിങ് മില്‍ തൊഴിലാളികള്‍ക്കും കൈത്തറി യൂനിഫോം പദ്ധതിയിലൂടെ തൊഴില്‍ നല്‍കാന്‍ കഴിഞ്ഞു.

Next Story

RELATED STORIES

Share it