Big stories

ബിബിസിക്ക് പിന്നാലെ മുസ്‌ലിം വിദ്വേഷം പടര്‍ത്തുന്ന ഹിന്ദുത്വ പോപ് ഗായകര്‍ക്കെതിരേ റിപോര്‍ട്ട് പുറത്തുവിട്ട് ജര്‍മന്‍ മാധ്യമം

ബിബിസിക്ക് പിന്നാലെ മുസ്‌ലിം വിദ്വേഷം പടര്‍ത്തുന്ന ഹിന്ദുത്വ പോപ് ഗായകര്‍ക്കെതിരേ റിപോര്‍ട്ട് പുറത്തുവിട്ട് ജര്‍മന്‍ മാധ്യമം
X

ന്യൂഡല്‍ഹി: 2002 ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററിക്ക് പിന്നാലെ മുസ്‌ലിം വിദ്വേഷം പടര്‍ത്തുന്ന ഹിന്ദുത്വ പോപ് ഗായകര്‍ക്കെതിരേ റിപോര്‍ട്ട് പുറത്തുവിട്ട് ജര്‍മന്‍ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ രംഗത്ത്. ജര്‍മന്‍ മാധ്യമമായ ഡച്ച് വെല്ല (Deutsche Welle / DW) ആണ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 'ഇന്ത്യ സൗണ്ട്ട്രാക്ക് ഓഫ് ഹേറ്റ്' എന്ന പേരിലാണ് ഡിഡബ്ല്യു റിപോര്‍ട്ട്. ഹിന്ദുത്വ പോപ് ഗാനങ്ങളുടെ വളര്‍ച്ച രാജ്യത്തുണ്ടാക്കുന്ന മുസ്‌ലിം വിരുദ്ധ നീക്കങ്ങളെയാണ് സൂചിപ്പിക്കുന്നതെന്നും ഇത്തരം ഗാനങ്ങള്‍ രാജ്യത്ത് ഹിന്ദു- മുസ്‌ലിം ഭിന്നത വര്‍ധിപ്പിച്ചുവെന്നും റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

'ഞങ്ങളുടെ മതത്തിന് ദുഷിച്ച തരത്തില്‍ കണ്ണേറുണ്ടാക്കുന്നവരെ വെടിവച്ചുകൊല്ലും', 'ഇന്ത്യ ഹിന്ദുക്കള്‍ക്കുള്ളതാണ്, മുല്ലകള്‍ പാകിസ്താനിലേക്ക് പോവുക' തുടങ്ങിയ ഹിന്ദി വിദ്വേഷഗാനങ്ങളോടെയാണ് റിപോര്‍ട്ട് ആരംഭിക്കുന്നത്. എന്നാല്‍, വിദ്വേഷ ഗായകരും ബിജെപിയും തമ്മില്‍ ബന്ധമില്ലെന്നും ഇത്തരക്കാരെ ശ്രദ്ധയില്‍പ്പെട്ടാല്‍ പാര്‍ട്ടിയെ ചോദ്യം ചെയ്യുന്നതിന് പകരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് ബിജെപി വക്താവായ അനിലാ സിങ് റിപോര്‍ട്ടിനോട് പ്രതികരിച്ചത്.

'വിദ്വേഷത്തിനോ വെറുപ്പിനോ ബിജെപിയില്‍ ഇടമില്ല. അത്തരം കാര്യങ്ങളെ പാര്‍ട്ടി ഒരുതരത്തിലും അനുകൂലിക്കുന്നുമില്ല. ചില ഗായകര്‍ വിദ്വേഷ ഗാനം പാടുന്നതിന് പാര്‍ട്ടിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. വിദ്വേഷ ഗാനങ്ങള്‍ കേട്ട് അതെല്ലാം ശരിയാണെന്ന് വിശ്വസിക്കുന്ന ജനതയുണ്ടാവുന്നത് പാര്‍ട്ടിയുടെ പ്രശ്‌നമല്ല. ഇത്തരം ഗാനങ്ങള്‍ കേട്ട് അത് രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കോ ഐക്യത്തിനോ കോട്ടം വരുത്തുമെന്ന് തോന്നുന്നവരുണ്ടെങ്കില്‍ ഗായകര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യൂ'- അനിലാ സിങ് കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശില്‍ വലിയ രീതിയില്‍ ജനശ്രദ്ധയാകര്‍ഷിക്കുന്ന പരിപാടിയായി ഇത്തരം വിദ്വേഷ ഗാനങ്ങള്‍ മാറിയതായും റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. വലിയ ജനക്കൂട്ടം ഇത്തരം ഗാനങ്ങള്‍ ആസ്വദിക്കുന്നു. വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്ന വിദ്വേഷ വാര്‍ത്തകളേക്കാള്‍ വേഗത്തില്‍ സാധാരണക്കാരായ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ വിദ്വേഷ ഗാനങ്ങള്‍ക്ക് സാധിക്കും. വിദ്യാഭ്യാസത്തില്‍ മികച്ചതെങ്കിലും തൊഴില്‍രഹിതരായ യുവാക്കളാണ് വിദ്വേഷരാഷ്ട്രീയത്തിലേക്ക് കൂടുതല്‍ ആകൃഷ്ടരാവുന്നതെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു.

അയോധ്യയിലെ രാകേഷ് എന്നു പേരുള്ള ഒരു കടയിലെ ജീവനക്കാരന്‍ ഹിന്ദുത്വ പോപ്പ് ഗാനത്തിന്റെ തീവ്രമായ ആകര്‍ഷണം വിശദീകരിക്കുന്നു. ഒരു ഹിന്ദുത്വ പാട്ട് കേള്‍ക്കുമ്പോള്‍ പുതിയ ഊര്‍ജവും ആവേശവും തങ്ങള്‍ക്ക് ലഭിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. 2022ല്‍ മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ ഹിന്ദു മുസ്‌ലിം സംഘര്‍ഷമുണ്ടാകുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ആക്രമണം നടക്കുന്നതിന് മുമ്പ് രാമനവമിയോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടികളില്‍ മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷഗാനങ്ങള്‍ പാടിയിരുന്നതായും റിപോര്‍ട്ടില്‍ പറയുന്നു.

ഹിന്ദുത്വ പോപ് ഗായകരായ സന്ദീപ് ആചാര്യ, പ്രേം കൃഷ്ണവന്‍ഷി എന്നിവരുമായും ഡിഡബ്ല്യു അഭിമുഖം നടത്തിയിരുന്നു. ലക്ഷക്കണക്കിന് ആരാധകരാണ് സന്ദീപ് ആചാര്യയുടെ വിദ്വേഷ ഗാനങ്ങള്‍ക്കുള്ളത്. യൂ ട്യൂബിലൂടെ പങ്കുവയ്ക്കുന്ന പല ഗാനങ്ങളും ബ്ലോക്ക് ചെയ്യപ്പെടാറുണ്ടെന്നും തന്റെ യൂട്യൂബ് ചാനല്‍ ബ്ലോക്ക് ചെയ്യപ്പെട്ടാല്‍ മറ്റൊരു ചാനല്‍ ആരംഭിച്ച് ഗാനങ്ങള്‍ വീണ്ടും പ്രസിദ്ധീകരിക്കുമെന്നുമാണ് സന്ദീപിന്റെ പ്രതികരണം. മുസ്‌ലിം വിരുദ്ധത തങ്ങളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നെന്നും സന്ദീപ് പറയുന്നു.

Next Story

RELATED STORIES

Share it