Latest News

ബിജെപി നേതാവ് പീഡിപ്പിച്ച പെണ്‍കുട്ടിക്ക് നീതി വേണം; സാംസ്‌കാരിക കേരളം ഉപവസിക്കുന്നു

ബിജെപി നേതാവ് പീഡിപ്പിച്ച പെണ്‍കുട്ടിക്ക് നീതി വേണം; സാംസ്‌കാരിക കേരളം ഉപവസിക്കുന്നു
X

പിസി അബ്ദുല്ല

കോഴിക്കോട്: കണ്ണൂര്‍ പാനൂര്‍ പാലത്തായി ലൈംഗികാതിക്രമ കുറ്റവാളി ബി.ജെ.പി നേതാവ് കുറുങ്ങാട്ട് കുനിയില്‍ പത്മരാജനെ പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കി രക്ഷിക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെ സാംസ്‌കാരിക കേരളം ഉപവസിക്കുന്നു. രാവിലെ അവരവരുടെ ഇടങ്ങളില്‍ ആരംഭിച്ച പ്രതിഷേധ സമരത്തില്‍ വിവിധ തുറകളിലെ പ്രമുഖരടക്കം പങ്കെടുക്കുന്നു.

ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ പ്രതിക്കെതിരെ ചുമത്തിയ പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കി ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ നിസ്സാര വകുപ്പുകള്‍ ചേര്‍ക്കുകയാണ് ഐ.ജി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ചെയ്തത്. ആദ്യഘട്ടം മുതലേ പോലിസ് അന്വേഷണം പക്ഷപാതപരമായിരുന്നു. കേസ് ഏറ്റെടുത്ത് മാസങ്ങളോളമായിട്ടും കുട്ടിയുടെ മൊഴി പോലും രേഖപ്പെടുത്താന്‍ ക്രൈം ബ്രാഞ്ച് തയ്യാറായില്ല. കുട്ടി കോടതിയില്‍ കൊടുത്ത രഹസ്യമൊഴിയും പീഡനം നടന്നു എന്ന വൈദ്യപരിശോധന റിപോര്‍ട്ടും അവഗണിച്ച് കുട്ടിയുടെയും കുടുംബത്തിന്റെയും വിശ്വാസ്യത പരസ്യമായി ചോദ്യം ചെയ്യുന്ന അങ്ങേയറ്റം ഹീനമായ പ്രവര്‍ത്തനം അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന ഐ.ജി നടത്തുകയും ചെയ്തു.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം പൊറുത്തു കൊടുക്കാവുന്ന ഒരു കുറ്റമല്ല. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് തടയിടാനും കുറ്റവാളികള്‍ക്ക് കര്‍ശനശിക്ഷ നല്‍കാനും ഉദ്ദേശിച്ച് പോക്‌സോ നിയമം നിലവില്‍ വന്നത് ദീര്‍ഘകാല സമരങ്ങളിലൂടെയാണ്. നീതിന്യായ സംവിധാനങ്ങളെ ഇരുട്ടില്‍ നിര്‍ത്തി ചില പോലിസധികാരികള്‍ പ്രതികള്‍ക്ക് കുട പിടിക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യാതിരിക്കാന്‍ ആത്മാഭിമാനമുള്ള ഒരു മലയാളിക്കും കഴിയില്ല.

പാലത്തായി ലൈംഗികാതിക്രമ കേസ് അട്ടിമറിക്കാനും പോക്‌സോ നിയമം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളെയും സര്‍വീസ് ചട്ടങ്ങളെയും ലംഘിച്ചു കൊണ്ട്, അതിക്രമത്തിനിരയായ കുട്ടിയെ പൊതുജന മധ്യത്തില്‍ അവഹേളിക്കാനും നേതൃത്വം നല്‍കുന്ന ഐജി ശ്രീജിത്തിനെ സസ്പെന്റ് ചെയ്ത് വിശ്വാസ്യതയുള്ള എഡിജിപി തലത്തിലുള്ള ഒരു വനിതാ പോലിസ് ഉദ്യോഗസ്ഥയുടെ മേല്‍നോട്ടത്തില്‍ കേസ് തുടരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നീതിയുടെ പക്ഷത്ത് നില്‍ക്കുന്ന മലയാളികളാണ് ഇന്ന് വീടുകളില്‍ ഉപവാസസമരം നടത്തുന്നത്. സാംസ്‌കാരിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര ആക്റ്റിവിസ്റ്റും എഴുത്തുകാരിയുമായ എം സുല്‍ഫത്ത് എന്നിവരാണ്‌ സമരം ഏകോപിപ്പിക്കുന്നത്.

കെ അജിത, കെ സച്ചിദാനന്ദന്‍, ബി ആര്‍ പി ഭാസ്‌കര്‍, സാറാ ജോസഫ്, ബി രാജീവന്‍, സി കെ ജാനു, ഡോ പി ഗീത, കല്‍പ്പറ്റ നാരായണന്‍, ഡോ ജെ ദേവിക, സിവിക് ചന്ദ്രന്‍, സി എസ് ചന്ദ്രിക, ഡോ ആസാദ്, എന്‍ സുബ്രമഹ്ണ്യന്‍, ദീദി ദാമോദരന്‍, സി ആര്‍ നീലകണ്ഠന്‍, എം സുല്‍ഫത്ത്, മൃദുലാ ദേവി, ശ്രീജ നെയ്യാറ്റിന്‍കര, ശീതള്‍ ശ്യാം, വിനീത വിജയന്‍, സോണിയ ജോര്‍ജ്ജ്, അംബിക മറുവാക്ക്, ലാലി പി എം തുടങ്ങിയവര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തുണ്ട്.

മഹിളാ കോണ്‍ഗ്രസ്, വിമന്‍ ഇന്‍ഡ്യാ മൂവ്‌മെന്റ്, എം എസ് എഫ്, ആദിവാസി വനിതാ പ്രസ്ഥാനം, ഹരിത, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ദലിത് എംപവര്‍മെന്റ് മൂവ്‌മെന്റ് തുടങ്ങി നിരവധി സംഘടനകളുടേയും രമ്യ ഹരിദാസ് എം പി തുടങ്ങി വി എം സുധീരനടക്കമുള്ള രാഷ്ട്രീയ- സാമൂഹിക - സാംസ്‌കാരിക - മാധ്യമ രംഗത്തെ പ്രമുഖരുടേയും പിന്തുണയുമുണ്ട്. രാവിലെ 10 നാണ് സമരം ആരംഭിച്ചത്.

സമരത്തിന്റെ ദൃശ്യങ്ങള്‍ chiefminister@kerala.gov.in എന്ന വിലാസത്തില്‍ അയക്കണമെന്നാണ് സംഘാടകരുടെ അഭ്യര്‍ഥന

Next Story

RELATED STORIES

Share it