Latest News

പിടിതരാതെ സ്വര്‍ണ വില;പവന് 39,840 രൂപ

യുക്രെയ്ന്‍ റഷ്യ യുദ്ധസാഹചര്യത്തിലാണ് സ്വര്‍ണ വില കുതിച്ചുയരുന്നത്

പിടിതരാതെ സ്വര്‍ണ വില;പവന് 39,840 രൂപ
X

കോഴിക്കോട്:സംസ്ഥാനത്ത് പിടി തരാതെ സ്വര്‍ണ വില.രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,560 രൂപയായിരുന്നത് കുറഞ്ഞ് 39,840 രൂപയിലേക്ക് എത്തി നില്‍ക്കുന്നു.4980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.യുക്രെയ്ന്‍ റഷ്യ യുദ്ധസാഹചര്യത്തിലാണ് സ്വര്‍ണ വില കുതിച്ചുയരുന്നത്..

സ്വര്‍ണത്തോടൊപ്പം വെള്ളിവിലയിലും വര്‍ധനയുണ്ട്. വെള്ളിവില ഗ്രാമിന് 2 രൂപ കൂടി 77 രൂപയായി. 925 ഹാള്‍മാര്‍ക്ക്ഡ് വെള്ളിയുടെ വില ഗ്രാമിന് 100 രൂപയാണു വില.

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വന്‍കിട നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വന്‍തോതില്‍ വാങ്ങിക്കൂട്ടുന്നത് ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തുന്നതാണു വില കൂടാന്‍ കാരണമാകുന്നത്. ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ.800-900 ടണ്‍ സ്വര്‍ണം ഇന്ത്യ പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണു കണക്ക്.കൊവിഡ് പ്രതിസന്ധി കാലത്താണ് കേരളത്തില്‍ സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയിരുന്നത്. 2020 ഓഗസ്റ്റ് 7 ന് ഗ്രാമിന് 5200 രൂപയും പവന് 42000 രൂപയുമായിരുന്നു വില. കൊവിഡ് ലോക്ഡൗണിനെത്തുടര്‍ന്ന് ആഗോള വിപണിയിലുണ്ടായ മാന്ദ്യമാണ് അന്ന് സ്വര്‍ണവില കൂടാന്‍ കാരണമായത്. ഓഹരി, നാണ്യ വിപണികള്‍ക്കു വലിയ തകര്‍ച്ച നേരിട്ടതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണം വാങ്ങുകയായിരുന്നു. അന്ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 2076 ഡോളറായും ഉയര്‍ന്നിരുന്നു.

പിന്നീട് സ്വര്‍ണവില പടിപടിയായി കുറഞ്ഞിരുന്നു. കേരളത്തില്‍ 32000 രൂപയുടെ താഴെ ഒരു പവന്റെ വില എത്തുകയും ചെയ്തു. രാജ്യാന്തര വിപണിയില്‍ ഏതാണ്ട് 1600 ഡോളറിലേക്ക് സ്വര്‍ണവില സ്ഥിരപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ റഷ്യ യുക്രെയ്ന്‍ യുദ്ധം നിക്ഷേപകരെ വീണ്ടും സ്വര്‍ണത്തിലേക്കു തിരികെയെത്തിക്കുകയാണ്. പ്രതിസന്ധി കാലത്ത് ഏറ്റവും സുരക്ഷിതം, സ്വര്‍ണത്തില്‍ നിക്ഷേപിക്കുകയാണെന്ന ചിന്തയാണിതിനു പിന്നില്‍. ഡോളറിനെതിരെ രൂപ കൂടുതല്‍ ദുര്‍ബലമാകുന്നതും സ്വര്‍ണത്തിന്റെ വില കൂടാന്‍ കാരണമാകുന്നുണ്ട്.ഡോളറിനെതിരെ രൂപയുടെ മൂല്യം 76.82 നിലവാരത്തിലാണ്. രൂപയുടെ മൂല്യം കൂടി കണക്കിലെടുത്താണ് കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്.യുദ്ധം എന്നവസാനിക്കുമെന്നതു സംബന്ധിച്ചുള്ള സൂചനകള്‍ ഇനിയുമില്ലാത്തതിനാല്‍ സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്തു മുന്നേറാനാണു സാധ്യത.

ഉയര്‍ന്ന ഊര്‍ജവില ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കു വലിയ ഭീഷണിയാണ്. എണ്ണ, ഗോതമ്പ് അടക്കമുള്ള ധാന്യങ്ങള്‍, പല്ലേഡിയം, നിക്കല്‍ പോലുള്ള ലോഹങ്ങളുടെ വിലക്കയറ്റം തുടങ്ങിയവ ലോകത്തെ വലിയ പണപ്പെരുപ്പത്തിലേക്കു തള്ളിവിടുമെന്ന സൂചനയാണു നല്‍കുന്നത്. പണപ്പെരുപ്പ ഭീഷണി ഓഹരി വിപണികളെ കൂടുതല്‍ തളര്‍ത്തുമെന്ന വിശ്വാസത്തിലാണ് സ്വര്‍ണത്തില്‍ വലിയ നിക്ഷേപം നടത്താന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്.

Next Story

RELATED STORIES

Share it