Latest News

ഗോശ്രീ ദ്വീപുകളുടെ വികസനത്തിന് വേഗംകൂട്ടി ഗോശ്രീ ഐലന്‍ഡ്‌സ് ഡെവല്പ്‌മെന്റ് അതോറിറ്റി; പദ്ധതികള്‍ പുരോഗമിക്കുന്നു

ഗോശ്രീ ദ്വീപുകളുടെ വികസനത്തിന് വേഗംകൂട്ടി ഗോശ്രീ ഐലന്‍ഡ്‌സ് ഡെവല്പ്‌മെന്റ് അതോറിറ്റി; പദ്ധതികള്‍ പുരോഗമിക്കുന്നു
X

കൊച്ചി: ഗോശ്രീ ദ്വീപുകളുടെ അതിവേഗ വികസനത്തിനായി നിര്‍ണായക പദ്ധതികളുമായി മുന്നോട്ടുപോകുകയാണ് ഗോശ്രീ ഐലന്‍ഡ്‌സ് ഡെവല്പ്‌മെന്റ് അതോറിറ്റി അഥവാ ജിഡ. കഴിഞ്ഞ വര്‍ഷം നിരവധി പദ്ധതികള്‍ക്ക് അനുമതി ലഭിക്കുകയും ചിലത് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

കൊച്ചിയിലെ ഗോശ്രീ ദ്വീപുകളുടെ വികസന പ്രവര്‍ത്തനങ്ങളുടെ ചുമതലയാണ് ജിഡയ്ക്കുള്ളത്. ജിഡ നിര്‍മാണച്ചെലവ് വഹിക്കുന്ന ഞാറക്കല്‍ താലൂക്ക് ആശുപത്രിയിലെ പുതിയ ഒ.പി ബ്ലോക്കിന്റെ നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായി. പൊതുമരാമത്ത് വകുപ്പിനാണ് 5 കോടി 95 ലക്ഷം രൂപയുടെ പ്രോജക്ടിന്റെ നിര്‍മാണച്ചുമതല. ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തിലാണു നിര്‍മാണം പുരോഗമിക്കുന്നത്. രണ്ടുനില കെട്ടിടത്തില്‍ ഒ.പി റൂം, മേജര്‍ ഓപ്പറേഷന്‍ തീയേറ്റര്‍, മൈനര്‍ ഓപ്പറേഷന്‍ തീയേറ്റര്‍, ഫാര്‍മസി, സ്‌റ്റോര്‍ റൂം, ചില്‍ഡ്രന്‍സ് വാര്‍ഡ്, കാഷ്വാലിറ്റി എന്നിവ ഉള്‍പ്പെടും.

മുളവുകാട് റോഡിനു വീതികൂട്ടുന്നത് പുരോഗമിക്കുകയാണ്. മൂന്നു മീറ്ററില്‍ നിന്ന് ഏഴ് മീറ്ററായാണു വീതി വര്‍ധിപ്പിക്കുന്നത്. ആകെയുള്ള അഞ്ചര കിലോമീറ്ററില്‍ നാല് കിലോമീറ്റര്‍ പാതയുടെ പണി പൂര്‍ത്തിയായിട്ടുണ്ട്. 7 കോടി 23 ലക്ഷം രൂപ ചെലവിലാണു പദ്ധതി നടപ്പാക്കുന്നത്.

കടമക്കുടി ചാത്തനാട് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിനായി 75 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ മൂലമ്പിള്ളിപിഴല പാലത്തിനു സമീപം പിഴലയിലേക്കുള്ള അനുബന്ധ റോഡ് നിര്‍മാണത്തിനു 2 കോടി 70 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ചെറിയംതുരുത്ത്‌ചേന്നൂര്‍ പാലത്തിന് 20.5 കോടി രൂപ, പിഴലചേന്നൂര്‍ പാലത്തിന് 19.5 കോടി രൂപ, കോതാട്‌ചേന്നൂര്‍ പാലത്തിന് 36 കോടി രൂപ എന്നിങ്ങനെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണം ഉടന്‍തന്നെ ആരംഭിക്കും. ഈ പദ്ധതികള്‍ക്കായി ആകെ 166.88 കോടിയാണു ചെലവ്.

കൊച്ചി കായലിന്റെ വടക്കുഭാഗത്തായി വ്യാപിച്ചുകിടക്കുന്ന ദ്വീപുകളുടെ സംയോജിത വികസനത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞു സംസ്ഥാന സര്‍ക്കാര്‍ 1994ലാണ് ജിഡ എന്ന അതോറിറ്റി രൂപീകരിച്ചത്. ജി.സി.ഡി.എയ്‌ക്കൊപ്പം കൊച്ചി നഗരമേഖലയുടെ വികസനത്തിനായുള്ള രണ്ട് സര്‍ക്കാര്‍ ഏജന്‍സികളില്‍ ഒന്നാണിത്. ജിഡയുടെ പ്രധാന ലക്ഷ്യം, പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കൊച്ചി നഗരത്തിലും പരിസരത്തുമായി ചിതറിക്കിടക്കുന്ന ദ്വീപുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്നതാണ്. വൈപ്പിന്‍ ദ്വീപ്, വല്ലാര്‍പാടം, ബോള്‍ഗാട്ടിമുളവുകാട് ദ്വീപ്, താന്തോന്നിത്തുരുത്ത്, കടമക്കുടി എന്നിവയും വേമ്പനാട് കായലിലെ ഒരു കൂട്ടം ചെറുദ്വീപുകളും ജിഡയുടെ പരിധിയില്‍പ്പെടും.

Next Story

RELATED STORIES

Share it