Latest News

പരീക്ഷകള്‍ നീട്ടിവയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം വെല്ലുവിളി: എസ് ഐഒ

പരീക്ഷകള്‍ നീട്ടിവയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം വെല്ലുവിളി: എസ് ഐഒ
X
കോഴിക്കോട്: മാര്‍ച്ച് 17ന് തുടങ്ങാനിരിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ നടപടി അനാവശ്യമാണെന്നും വിദ്യാര്‍ത്ഥി-രക്ഷിതാക്കളോടുള്ള വെല്ലുവിളിയാണെും എസ് ഐഒ. അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടാവുമെന്ന കാരണത്താല്‍ ഏപ്രില്‍ ആറിന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പേരില്‍ കൊവിഡ് സാഹചര്യത്തില്‍ പ്രത്യേകമായ ഒരുക്കങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്നു പോയ വിദ്യാര്‍ത്ഥി സമൂഹത്തെ വീണ്ടും ബുദ്ധിമുട്ടിക്കുന്ന നടപടിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് എസ് ഐഒ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സര്‍ക്കാര്‍ നല്‍കിയ ഉറപ്പിലൂടെയാണ് അധ്യാപകര്‍ പാഠ്യപദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുകയും ചെയ്തിരിക്കുന്നത്. കൂടാതെ തിരഞ്ഞെടുപ്പിന് ശേഷം പരീക്ഷകള്‍ നടത്താനുള്ള സാധ്യത ഏപ്രില്‍-മെയ് മാസങ്ങളിലാണ്. ഈ കാലയളവ് ഇസ് ലാം മതവിശ്വാസികള്‍ നോമ്പനുഷ്ടിക്കാറുള്ള റമദാന്‍ മാസം കൂടിയാണ്. കനത്തചൂടും നോമ്പും കൂടി ഒരുമിച്ച് വരുന്ന സന്ദര്‍ഭത്തില്‍ നടക്കുന്ന പൊതുപരീക്ഷകള്‍ നോമ്പെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നതാണ്. വിദ്യാര്‍ത്ഥി സമൂഹത്തിന് മുന്നില്‍ പരീക്ഷയുടെ പേരില്‍ തുടര്‍ച്ചയായി വരുന്ന ഇത്തരം അനിശ്ചിതത്വങ്ങള്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും കടുത്ത മാനസികപ്രയാസങ്ങളിലേക്ക് കൂടി തള്ളിവിടുന്നതാണ്.

ഇടതുപക്ഷ അധ്യാപക സംഘടനാ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി വിദ്യാര്‍ഥികളുടെ ഭാവി കൈയിലെടുക്കാനുള്ള തീരുമാനം കൊവിഡ് തീര്‍ത്ത അനിശ്ചിത്തത്തില്‍ നിന്നു മോചിതരായി പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടുമുള്ള ക്രൂരതയാണ്. അത് കൊണ്ട് സര്‍ക്കാര്‍ കൈകൊണ്ട വിദ്യാര്‍ത്ഥിദ്രോഹപരമായ ഈ നടപടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടുനില്‍ക്കരുതെന്നും അല്ലാത്ത പക്ഷം വിദ്യാര്‍ത്ഥി സമൂഹത്തിനുണ്ടാവുന്ന ശാരീരിക-മാനസിക പ്രയാസങ്ങളുടെ സമ്പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമായിരിക്കുമെന്നും എസ്‌ഐഒ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഇ എം അംജദ് അലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍, സെക്രട്ടിമാരായ തശ്‌രീഫ് കെ പി മമ്പാട്, ഷമീര്‍ ബാബു, സഈദ് കടമേരി, റഷാദ് വി പി, വാഹിദ് ചുള്ളിപ്പാറ, ശറഫുദ്ദീന്‍ നദ് വി സംസാരിച്ചു.

Government's move to postpone exams challenge: SIO

Next Story

RELATED STORIES

Share it