Latest News

ഓര്‍ഡിനന്‍സില്‍ ഒപ്പിടാതിരുന്ന ഗവര്‍ണറുടെ നടപടി അസാധാരണം; ഭരണഘടനാ ഉത്തരവാദിത്തം നിര്‍വഹിച്ചില്ലെന്നും മന്ത്രി പി രാജീവ്

ഗവര്‍ണറുടെ നടപടിയില്‍ രാഷ്ട്രീയമുണ്ടോ എന്ന് ഇപ്പോള്‍ പറയുന്നില്ല

ഓര്‍ഡിനന്‍സില്‍ ഒപ്പിടാതിരുന്ന ഗവര്‍ണറുടെ നടപടി അസാധാരണം; ഭരണഘടനാ ഉത്തരവാദിത്തം നിര്‍വഹിച്ചില്ലെന്നും മന്ത്രി പി രാജീവ്
X

തിരുവനന്തപുരം: ഓര്‍ഡിനന്‍സില്‍ ഒപ്പിടാതിരുന്ന ഗവര്‍ണറുടെ നടപടി അസാധാരണമെന്ന് മന്ത്രി പി രാജീവ്. ഗവര്‍ണര്‍ ഭരണഘടന ഉത്തരവാദിത്വം നിര്‍വഹിച്ചില്ല. നടപടിയില്‍ രാഷ്ട്രീയമുണ്ടോ എന്ന് ഇപ്പോള്‍ പറയുന്നില്ല. പുതിയ സാഹചര്യത്തെകുറിച്ച് കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഓര്‍ഡിനന്‍സിലൂടെ ഭരണം നടത്തുക എന്ന രീതി ഈ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. അതുകൊണ്ടാണ് കഴിഞ്ഞ തവണ പ്രത്യേകമായി ഒരു സെക്ഷന്‍ നിയമനിര്‍മ്മാണത്തിന് വേണ്ടി മാത്രം നടത്തുകയും കഴിയാവുന്നത്ര ഓര്‍ഡിനന്‍സുകള്‍ നിയമമാക്കി മാറ്റുകയും ചെയ്തു. ഈ വര്‍ഷവും അത്തരമൊരു സമ്മേളനം നടത്തുന്നത് സംബന്ധിച്ച് നേരത്തെ തന്നെ ആലോചന നടന്നിരുന്നു. ഓര്‍ഡിനന്‍സുകള്‍ എല്ലാം തന്നെ ചര്‍ച്ചകളിലൂടെ നിയമമാക്കി മാറ്റണമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ നിയമസഭ കൂടിയ സംസ്ഥാനമാണ് കേരളമാണെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് മന്ത്രിസഭ പാസാക്കിയ 11 ഓര്‍ഡിനന്‍സുകളാണ് റദ്ദായത്. വിവാദമായ ലോകായുക്ത നിയമഭേദഗതി അടക്കമുള്ള ഓര്‍ഡിനന്‍സുകള്‍ പുതുക്കാനാണ് ഗവര്‍ണര്‍ തയ്യാറാകാതിരുന്നത്. നിയമസഭ ചേര്‍ന്നിട്ടും ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാത്തതിലുള്ള അതൃപ്തിയെ തുടര്‍ന്നാണ് ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറാകാതിരുന്നത്. വിസി നിയമനങ്ങളില്‍ ഗവര്‍ണറുടെ അധികാരങ്ങള്‍ കുറയ്ക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ തയ്യാറാക്കുന്നതിലുള്ള അതൃപ്തിയും ഒപ്പിടാതിരിക്കാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.

ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് എടുത്ത് കളഞ്ഞുള്ള ഓര്‍ഡിനന്‍സും റദ്ദാക്കപ്പെട്ടിട്ടുണ്ട്. അതായത് ഇന്ന് മുതല്‍ പുതിയ നിയമം വരുന്നത് വരെ ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് ഉപയോഗിച്ച് ജനപ്രതിനിധിയെ അയോഗ്യരാക്കാനുള്ള ശുപാര്‍ശ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും നല്‍കാന്‍ ലോകായുക്തയ്ക്ക് കഴിയും.

പ്രധാനപ്പെട്ട ഓര്‍ഡിനന്‍സുകള്‍ റദ്ദായ പ്രത്യേക സാഹചര്യം സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നത്. മന്ത്രിസഭയോഗം ചേര്‍ന്ന് ഓര്‍ഡിനന്‍സ് പരിഗണിച്ച് ഗവര്‍ണര്‍ക്ക് വീണ്ടും അയക്കാം. ഇല്ലെങ്കില്‍ നിയമസഭസമ്മേളനം ചേര്‍ന്ന് നിയമമാക്കി മാറ്റണം. ഇതില്‍ ഏത് നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. ചീഫ് സെക്രട്ടറി നേരിട്ട് കണ്ട് ആവശ്യപ്പെട്ടിട്ടും ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ ഗവര്‍ണര്‍ തയ്യാറാകാതിരുന്നതില്‍ സര്‍ക്കാരിന് കടുത്ത അതൃപ്തിയുണ്ട്.

Next Story

RELATED STORIES

Share it