Latest News

മലപ്പുറം ജില്ലയില്‍ നിന്ന് രാജസ്ഥാനിലേക്കുള്ള കുടിയേറ്റ തൊഴിലാളികളുടെ സംഘം ഇന്ന് യാത്ര തിരിക്കും; പ്രത്യേക തീവണ്ടി രാത്രി ഒമ്പതിന് തിരൂരില്‍ നിന്ന്

മലപ്പുറം ജില്ലയില്‍ നിന്ന് രാജസ്ഥാനിലേക്കുള്ള കുടിയേറ്റ തൊഴിലാളികളുടെ സംഘം ഇന്ന് യാത്ര തിരിക്കും; പ്രത്യേക തീവണ്ടി രാത്രി ഒമ്പതിന് തിരൂരില്‍ നിന്ന്
X

തിരൂര്‍: ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ പോകാനാകാതെ ജില്ലയില്‍ കഴിഞ്ഞിരുന്ന രാജസ്ഥാനില്‍ നിന്നുള്ള അതിഥി തൊഴിലാളികളുടെ സംഘം ഇന്ന് നാട്ടിലേയ്ക്ക് മടങ്ങും. തിരൂരില്‍ നിന്ന് രാത്രി ഒമ്പതിന് പുറപ്പെടുന്ന പ്രത്യേക തീവണ്ടിയില്‍ 1,452 പേരാണുള്ളത്. ഇവരെ ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി റെയ്ല്‍വെ സ്‌റ്റേഷനില്‍ എത്തിച്ചു.

പൊലിസിന്റെ നേതൃത്വത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമുള്ള തൊഴിലാളികളുടെ പട്ടിക തയ്യാറാക്കി ജില്ലാ ഭരണകൂടമാണ് ഇവര്‍ക്കുള്ള യാത്രാനുമതി നല്‍കിയത്. പെരിന്തല്‍മണ്ണ താലൂക്കില്‍ നിന്ന് 256 പേരും ഏറനാട് താലൂക്കില്‍ നിന്ന് 417 പേരും നിലമ്പൂര്‍ താലൂക്കില്‍ നിന്ന് 151 പേരും തിരൂരങ്ങാടി താലൂക്കില്‍ നിന്ന് 251 പേരും കൊണ്ടോട്ടി താലൂക്കില്‍ നിന്ന് 377 പേരുമാണ് തിരിച്ചു പോകുന്നത്. പെരിന്തല്‍മണ്ണ താലൂക്കിലുള്ളവര്‍ക്ക് മൗലാനാ ആശുപത്രിയ്ക്കു സമീപമുള്ള സെന്‍ട്രല്‍ ജി.എം.എല്‍.പി സ്‌കൂളിലും ഏറനാട് താലൂക്കിലുള്ളവര്‍ക്ക് മഞ്ചേരി നഗരസഭാ ടൗണ്‍ ഹാളിലും തിരൂരങ്ങാടി താലൂക്കില്‍ ചേളാരി ഗവ. ഹൈസ്‌ക്കൂളിലും കൊണ്ടോട്ടി താലൂക്കില്‍ മേലങ്ങാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ആരോഗ്യ പരിശോധന നടത്തി. നിലമ്പൂര്‍ താലൂക്കിലുള്ളവര്‍ക്ക് ചെട്ടിയങ്ങാടി ജി.എം.യു.പി സ്‌കൂള്‍, നിലമ്പൂര്‍ ജില്ലാ ആശുപത്രി എന്നീ രണ്ട് കേന്ദ്രങ്ങളിലായിരുന്നു ആരോഗ്യ പരിശോധന.

പരിശോധന പൂര്‍ത്തിയാക്കിയവരെ ഈ കേന്ദ്രങ്ങളില്‍ നിന്നും ആരോഗ്യജാഗ്രത ഉറപ്പാക്കി പ്രത്യേകം ഏര്‍പ്പെടുത്തിയ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ തിരൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ എത്തിച്ചു. തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്ത് യാത്രയാക്കാനുള്ള നടപടികള്‍ റെയില്‍വെ സ്‌റ്റേഷനില്‍ പുരോഗമിക്കുകയാണ്.

Next Story

RELATED STORIES

Share it