Latest News

ഓരോ സ്‌കൂളിലും ഡോക്ടറുടെ സേവനം ഉറപ്പാക്കും: തിരികെ സ്‌കൂളിലേക്ക്, മാര്‍ഗരേഖ പുറത്തിറക്കി

ഒരു ബെഞ്ചില്‍ രണ്ട് പേര്‍ എന്ന നിലയിലാണ് ക്ലാസുകള്‍ നടത്തുക. മാതാപിതാക്കള്‍ക്ക് എന്തെങ്കിലും ആശങ്കയുണ്ടെങ്കില്‍ കുട്ടികളെ സ്‌കൂളിലേക്ക് അയക്കേണ്ടതില്ല. അനുബന്ധ രോഗങ്ങളുള്ള കുട്ടികളും വീടുകളില്‍ കൊവിഡ് പൊസിറ്റീവായവരോ നിരീക്ഷണത്തിലുള്ളവരോ ഉള്ള കുട്ടികളും സ്‌കൂളില്‍ വരേണ്ടതില്ല.

ഓരോ സ്‌കൂളിലും ഡോക്ടറുടെ സേവനം ഉറപ്പാക്കും: തിരികെ സ്‌കൂളിലേക്ക്, മാര്‍ഗരേഖ പുറത്തിറക്കി
X

തിരുവനന്തപുരം: അടുത്ത മാസം സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് ക്ലാസുകള്‍ നടത്താനും സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാനുമുള്ള വിപുലമായ മാര്‍ഗ്ഗരേഖ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. വിദ്യാഭ്യാസ- ആരോഗ്യമന്ത്രിമാര്‍ സംയുക്തമായാണ് മാര്‍ഗ്ഗരേഖ പുറത്തിറക്കിയത്. 'തിരികെ സ്‌കൂളിലേക്ക്' എന്ന പേരിലാണ് മാര്‍ഗ്ഗരേഖ തയ്യാറാക്കിയിരിക്കുന്നത്.

സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി വിവിധ ബഹുജനസംഘടനകളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും കുട്ടികള്‍ക്ക് സൗകര്യപ്രദമായ ഗതാഗതസൗകര്യമൊരുക്കാന്‍ ഗതാഗതമന്ത്രിയുമായും കൂടിയാലോചന നടത്തിയെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

പൊതു നിര്‍ദേശങ്ങള്‍, ഒരുക്കം, ആരോഗ്യ പരിശോധന, തദ്ദേശ വകുപ്പുകളുടെ സഹകരണം, പ്രചരണം ബോധവല്‍ക്കരണം, കുട്ടികളുടെ ആരോഗ്യം, ഇങ്ങനെ 8 വിഭാഗമായി വിപുലമായ മാര്‍ഗരേഖയാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മാര്‍ഗരേഖ തയ്യാറാക്കും മുന്‍പ് തന്നെ മന്ത്രിമാരുടെ ചര്‍ച്ചകളും യോഗങ്ങളും നടന്നിരുന്നു. ഇനി വിവിധ സാമൂഹ്യരാഷ്ട്രീയ സംഘടനകളുമായി യോഗം ചേരാനുണ്ട്. കരട് രേഖയുടെ അടിസ്ഥാനത്തില്‍ വിപുലമായ യോഗങ്ങള്‍ ഇതിനോടകം നടന്നു. അടുത്ത ഘട്ടത്തില്‍ സ്‌കൂളുകളില്‍ പിടിഎ യോഗങ്ങള്‍ വിളിക്കണം. ക്ലാസ് അടിസ്ഥാനത്തില്‍ പിടിഎ യോഗങ്ങള്‍ ചേരണം. ഒരോ വിദ്യാര്‍ത്ഥിയേയും നേരില്‍ കാണാനും ബോധവത്കരിക്കാനുമുള്ള ശ്രമമുണ്ടാവണം. രക്ഷാകര്‍ത്താക്കളുടെ പൂര്‍ണ സമ്മതത്തോടെ മാത്രം കുട്ടികള്‍ ക്ലാസില്‍ വന്നാല്‍ മതി.

രണ്ട് ഡോസ് വാക്‌സിന്‍ അധ്യാപക അനധ്യാപക ജീവനക്കാര്‍ക്ക് നിര്‍ബന്ധമാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി വിപുലമായ അക്കാദമി കലണ്ടര്‍ ഉടന്‍ പുറത്തിറക്കും. കുട്ടികള്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അധ്യാപകരുടെ മേല്‍നോട്ടവും, നിരീക്ഷണവും ഉറപ്പാക്കും. സ്‌കൂള്‍ ബസുകള്‍ ഇല്ലാത്ത സ്‌കൂളുകളില്‍ നാട്ടുകാരുടെ കൂടെ സഹായത്തോടെ ബസ്സുകള്‍ പുറത്തിറക്കാന്‍ ശ്രമിക്കണം. സ്റ്റുഡന്‍സ് ഒണ്‍ലി ബസുകള്‍ ഓടിക്കാനുള്ള സാധ്യത ഗതാഗതമന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.

സ്‌കൂള്‍ തുറന്നാലും ഡിജിറ്റല്‍ ക്ലാസുകള്‍ തുടരും. കൊവിഡ് പ്രോട്ടോക്കോള്‍ ഫലപ്രദമായി പാലിക്കാന്‍ പ്രത്യേകം ടൈംടേബിള്‍ സജ്ജമാക്കും. ഓട്ടോയില്‍ പരമാവധി കുട്ടികളെ കുത്തിനിറച്ച് കൊണ്ടു പോകരുത്. പരമാവധി മൂന്ന് പേ!ര്‍ മാത്രം മതിയാവും. നവംബര്‍ 15ന് ശേഷം 8,9 ക്ലാസുകള്‍ തുടങ്ങും. ക്ലാസുകള്‍ തുടങ്ങിയ ശേഷം ഏതെങ്കിലും കുട്ടിക്ക് കൊവിഡ് ബാധയുണ്ടായാല്‍ ബയോ ബൈബിള്‍ ഗ്രൂപ്പുകള്‍ ഒന്നാകെ നിരീക്ഷണത്തില്‍ പോകണമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

മാര്‍ഗ്ഗരേഖയിലെ ഓരോ കാര്യവും നടപ്പാക്കി എന്നുറപ്പാക്കാന്‍ പ്രത്യേകം തുടര്‍നടപടികളുണ്ടാവുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. സ്‌കൂള്‍ പരിസരങ്ങളില്‍ കടകളില്‍ ഉള്ളവരുടെ വാക്‌സിനേഷനും ഉറപ്പാക്കണം. ഓരോ ക്ലാസ്സും ഒരോ ബയോബബിളായിരിക്കും. അനുബന്ധ രോഗങ്ങളുള്ള കുട്ടികള്‍ സ്‌കൂളില്‍ വരേണ്ടതില്ല. ഒരു ബെഞ്ചില്‍ രണ്ട് പേര്‍ എന്ന നിലയിലാണ് ക്ലാസുകള്‍ നടത്തുക. മാതാപിതാക്കള്‍ക്ക് എന്തെങ്കിലും ആശങ്കയുണ്ടെങ്കില്‍ കുട്ടികളെ സ്‌കൂളിലേക്ക് അയക്കേണ്ടതില്ല. അനുബന്ധ രോഗങ്ങളുള്ള കുട്ടികളും വീടുകളില്‍ കൊവിഡ് പൊസിറ്റീവായവരോ നിരീക്ഷണത്തിലുള്ളവരോ ഉള്ള കുട്ടികളും സ്‌കൂളില്‍ വരേണ്ടതില്ല. ഓരോ സ്‌കൂളിലും ഡോക്ടറുടെ സേവനവും പോലിസ് മേല്‍നോട്ടവും ഉറപ്പാക്കും. പിടിഎ യോഗങ്ങള്‍ ചേര്‍ന്ന് പ്രദേശത്തെ ആശുപത്രികളുമായി സഹകരിക്കാനുള്ള സാധ്യതയും പരിശോധിക്കും. സ്‌കൂളുകളില്‍ ആരോഗ്യസംരക്ഷണ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.


Next Story

RELATED STORIES

Share it