Latest News

വിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്

വ്യക്തിഗത ഇനത്തില്‍ ഗിന്നസ് നേട്ടം കൈവരിക്കുന്ന അറുപതാമത്തെ മലയാളിയാണ് വിന്‍സന്റ് പല്ലിശേരി

വിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
X

തൃശ്ശൂര്‍ : പത്തടി നീളവും വീതിയും ഉള്ള വൃത്താകൃതിയുള്ള ക്യാന്‍വാസ് ബോര്‍ഡില്‍ 3500 ല്‍ പരം നൂലിഴകള്‍ കൊണ്ട് മദര്‍ തെരേസയുടെ ഛായചിത്രം തീര്‍ത്ത തൃശ്ശൂര്‍ ജില്ലക്കാരനും അനാമോര്‍ഫിക് ആര്‍ട്ടിലൂടെ ശ്രദ്ധേയനുമായ വിന്‍സന്റ് പല്ലിശ്ശേരിക്ക് ലാര്‍ജ്സ്റ്റ് പിന്‍ ആന്റ് ത്രഡ് ആര്‍ട്ട് കാറ്റഗറിയുടെ ഗിന്നസ് വേള്‍ഡ് റെക്കോഡ് ലഭിച്ചു. ഇറാഖ് സ്വദേശിയായ സയ്യിദ് ബാഷൂണിന്റെ പേരിലുണ്ടായിരുന്ന ആറര അടി വലിപ്പമുള്ള ചിത്രത്തിന്റെ റെക്കോര്‍ഡാണ് വിന്‍സന്റ് പത്തടിയുള്ള ക്യാന്‍വാസില്‍ (7.544 m2, 81 ft 29 in) അളവിലുള്ള നൂല്‍ ചിത്രം നിര്‍മ്മിച്ച് മറികടന്നത്.ഓള്‍ ഗിന്നസ് റെക്കോഡ് ഹോള്‍ഡേഴ്‌സ് കേരള (ആഗ്രഹ് ) സംസ്ഥാന പ്രസിഡണ്ട് ഗിന്നസ് സത്താര്‍ ആദൂര്‍ ഗിന്നസ് സര്‍ട്ടിഫിക്കറ്റ് വിന്‍സന്റ് പല്ലിശ്ശേരിക്ക് കൈമാറി.


67 വര്‍ഷത്തെ ഗിന്നസിന്റെ ചരിത്രത്തില്‍ വ്യക്തിഗത ഇനത്തില്‍ ഗിന്നസ് നേട്ടം കൈവരിക്കുന്ന അറുപതാമത്തെ മലയാളിയാണ് വിന്‍സന്റ് പല്ലിശേരിയെന്ന് സത്താര്‍ ആദൂര്‍ അറിയിച്ചു. ജോണ്‍സണ്‍ പല്ലിശ്ശേരി, ജോ ഫ്രാന്‍സിസ്, പോള്‍ ആന്റണി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


2022 സെപ്റ്റംബര്‍ 9 ന് ആഗ്രഹ് സംസ്ഥാന സെക്രട്ടറി ഗിന്നസ് സുനില്‍ ജോസഫ്, ഗിന്നസ് സത്താര്‍ ആദൂര്‍, ജില്ലാ റിട്ട. സര്‍വേ സൂപ്രണ്ട് പി.സി. ഭരതന്‍, എന്നിവരുടെ നിരീക്ഷണത്തില്‍ പല്ലിശ്ശേരി ഭവനത്തില്‍ രാവിലെ 8 ന് ആരംഭിച്ച് ഉച്ചതിരിഞ്ഞ് 3 വരെ നീണ്ടുനിന്ന, തുടര്‍ച്ചയായ ഏഴുമണിക്കൂര്‍ നേരത്തെ കഠിന പരിശ്രമമാണ് വിന്‍സന്റിനെ ഗിന്നസ് നേട്ടത്തില്‍ എത്തിച്ചത് .

പതിനെട്ടോളം ഗിന്നസ് പ്രകടനങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച പീരുമേട് ഷാരോണ്‍ സ്റ്റുഡിയോ അനീഷ് സെബാസ്റ്റ്യന്‍ പകര്‍ത്തിയ വീഡിയോസ് ഒക്ടോബര്‍ രണ്ടാം വാരത്തിലാണ് ഗിന്നസിന്റെ ആസ്ഥാനമായ ലണ്ടനിലേക്ക് അയച്ചുകൊടുത്തത്.

ചിത്രകലയില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള വിന്‍സന്റ് പല്ലിശ്ശേരിക്ക് അനാമോര്‍ഫിക് ആര്‍ട്ടില്‍ 2018 ല്‍ യു.ആര്‍.എഫ്.ഏഷ്യന്‍ റെക്കോര്‍ഡ് ലഭിച്ചിരുന്നു. കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂളിലെ ചിത്രകല അധ്യാപകനായ വിന്‍സന്റ് തൃശ്ശൂര്‍ ജില്ലയിലെ നെടുമ്പാള്‍ പല്ലിശ്ശേരി വീട്ടില്‍ പരേതനായ ലോനപ്പന്റെയും അന്നമ്മയുടെയും മകനാണ്. ഭാര്യ സോഫിയ. മക്കള്‍ ആനി (സെന്റ് തോമസ് കോളേജ്, തൃശ്ശൂര്‍) ആശ ( PVS ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പറപ്പൂക്കര) വിദ്യാര്‍ത്ഥികളാണ്.


Next Story

RELATED STORIES

Share it