Latest News

ഗ്യാന്‍വ്യാപി മസ്ജിദ്: വരാണസി കോടതി ഉത്തരവ് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

രാജ്യത്തെ ഏത് ആരാധനാലയവും തര്‍ക്കത്തിലേക്ക് വലിച്ചഴിക്കാനുള്ള പഴുതാണ് വരാണസി കോടതി കൈകൊണ്ടത്.

ഗ്യാന്‍വ്യാപി മസ്ജിദ്: വരാണസി കോടതി ഉത്തരവ് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍
X
കോഴിക്കോട്: കാശിയിലെ ഗ്യാന്‍വ്യാപി മസ്ജിദിനെ തര്‍ക്കത്തിലേക്ക് വഴിച്ചിഴക്കുന്നവരെ വെള്ളപൂശി അവിടം അളന്ന് പരിശോധിക്കാന്‍ കേന്ദ്ര പുരാവസ്തു ഗവേഷണ വകുപ്പിന് അനുമതി നല്‍കിയ വാരാണാസി കോടതി നിര്‍ദേശം നിയമ വിരുദ്ധമാണെന്നും ഇത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എം.പി. ആരാധനാലയങ്ങളെ തര്‍ക്കങ്ങളിലേക്ക് എടുത്തെറിയാനും രാജ്യത്തിന്റെ മൈത്രിയും സമാധാനവും തകര്‍ക്കാനും ശ്രമിക്കുന്നവര്‍ക്ക് വളംവെച്ചുകൊടുക്കുന്നതാണ് പാര്‍ലെമന്റ് പാസാക്കിയ നിയമത്തെ മുഖവിലക്കെടുക്കാതെയുള്ള കോടതി നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു.


ബാബരി മസ്ജിദിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് കലുഷിതമായ സമയത്ത് ജി.എം ബനാത്തുവാലയുടെ നേതൃത്വത്തില്‍ മുസ്്‌ലിംലീഗ് പാര്‍ലമെന്റില്‍ കൊണ്ടുവന്ന ബില്ലിനെ എല്ലാവരും അംഗീകരിക്കുകയും 1991ല്‍ പ്ലെയിസ് ആന്റ് വേര്‍ഷിപ്പ് നിയമം നിര്‍മ്മിക്കുകയും ചെയ്തത് വലിയ ആശ്വാസമായിരുന്നു. 1947 ആഗസ്റ്റ് 15ന് ആരാധനാലയം ആരുടെ കയ്യിലാണോ അവര്‍ക്ക് അവകാശപ്പെട്ടതാണെന്ന നിയമം അതിനു മുമ്പെ വ്യവഹാരം തുടങ്ങിയ ബാബരി കേസില്‍ ഒഴികെ ബാക്കി എല്ലാവര്‍ക്കും ബാധകമാണ്. ഇതിനെ ലംഘിക്കുന്നതാണ് പള്ളിയങ്കണവും പള്ളിയുമെല്ലാം പരിശോധിക്കാന്‍ അഞ്ചംഗ സര്‍വ്വെ ടീമിനെ നിയോഗിച്ച നടപടി.


ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ ആരാധനാലയങ്ങള്‍ തന്നെ വേണ്ടെന്ന് വാദിക്കുന്നവരെ ഉള്‍ക്കൊള്ളിച്ച് പേരിനൊരു സമിതി റിപ്പോര്‍ട്ടും തട്ടിക്കൂട്ടി കാശിയിലെ ഗ്യാന്‍വ്യാപി മസ്ജിദിലും ബാബരി മോഡല്‍ നടപ്പാക്കാനാണ് ശ്രമമെന്ന് കരുതുന്നവരെ കുറ്റപ്പെടുത്താനാവില്ല. രാജ്യത്തെ ഏത് ആരാധനാലയവും തര്‍ക്കത്തിലേക്ക് വലിച്ചഴിക്കാനുള്ള പഴുതാണ് വരാണസി കോടതി കൈകൊണ്ടത്. ഇതിനെതിരെ നിയമപരമായും രാഷട്രീയമായും മുസ്്‌ലിംലീഗ് നിലയുറപ്പിക്കും.


ഭരണകൂട ഭീകരതക്ക് ഇരയായി മരണമുഖത്തു നിന്ന് രക്ഷപ്പെട്ട് അഭയാര്‍ത്ഥികളായി എത്തിയ റോഹിന്‍ഗ്യരെ തിരിച്ചയക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനം ശരിവെക്കുന്ന സുപ്രീം കോടതി നിരീക്ഷണം നിരാശാ ജനകവും വേദനിപ്പിക്കുന്നതാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. അഭയാര്‍ത്ഥികളെ സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്ത പാരമ്പര്യമാണ് ഇന്ത്യക്കുളളത്. പാവപ്പെട്ടവരെ നരകതുല്ല്യമായ പീഡനങ്ങളിലേക്ക് തിരിച്ചയക്കുന്നത് ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ യശ്ശസിന് കളങ്കമാവും. മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാന്‍ കേന്ദ്ര ഭരണകൂടം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it