Latest News

ജമാല്‍ ഖഷഗ്ജിയെ കൊലപ്പെടുത്തിയതിനു പിന്നിലും വാട്‌സ്ആപ്പ് സ്‌പൈവെയര്‍ പെഗാസസിന് പങ്ക്

സൗദി വിമതനായ അബ്ദുല്‍ അസീസിന്റെ മൊബൈലില്‍ സ്ഥാപിച്ച പെഗാസസ് ചാരസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഖഷഗ്ജിയുടെ നീക്കങ്ങള്‍ ചോര്‍ത്തിയത്. ജമാല്‍ ഖഷഗ്ജിയുമായി അടുത്ത ബന്ധമുള്ള ആളാണ് അബ്ദുല്‍ അസീസ്.

ജമാല്‍ ഖഷഗ്ജിയെ കൊലപ്പെടുത്തിയതിനു പിന്നിലും വാട്‌സ്ആപ്പ് സ്‌പൈവെയര്‍ പെഗാസസിന് പങ്ക്
X

ന്യൂയോര്‍ക്ക്: ഇസ്താംബൂളിലെ എംബസിയില്‍ കൊലചെയ്യപ്പെട്ട സൗദി അറേബ്യന്‍ ഭരണകൂട വിമര്‍ശകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജമാല്‍ ഖഷഗ്ജിയെ നിരീക്ഷിക്കുന്നതിന് ഉപയോഗിച്ചതും എന്‍എസ്ഒ ഗ്രൂപ്പിന്റെ ചാര പ്രോഗ്രാമായ പെഗാസസ്. സൗദി വിമതനായ അബ്ദുല്‍ അസീസിന്റെ മൊബൈലില്‍ സ്ഥാപിച്ച പെഗാസസ് ചാരസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഖഷഗ്ജിയുടെ നീക്കങ്ങള്‍ ചോര്‍ത്തിയത്. ജമാല്‍ ഖഷഗ്ജിയുമായി അടുത്ത ബന്ധമുള്ള ആളാണ് അബ്ദുല്‍ അസീസ്.

ഇസ്രായേലി സൈബര്‍ സെക്യൂരിറ്റി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പാണ് പെഗാസസ് സോഫ്റ്റ്‌വെയറിന്റെ ഉല്‍പാദകര്‍. എന്നാല്‍ തങ്ങളുടെ സോഫ്റ്റ്‌വെയറിന് ഖഷഗ്ജിയുടെ കൊലപാതകവുമായുള്ള ബന്ധം കമ്പനി സിഇഒ ഷാലെവ് ഹുലിഒ നിഷേധിച്ചു.

ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഒരു വസ്തുവിന്റെ വിവരമെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു ടെക്റ്റ് മെസേജിന്റെ രൂപത്തിലാണ് സ്‌പൈവെയര്‍ അബ്ദുല്‍ അസീസിന്റെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടതെന്നാണ് അതിനെ കുറിച്ച് പഠിച്ച വിദഗ്ധര്‍ കരുതുന്നത്. ഫോണിലേക്ക് വന്ന ലിങ്ക് പെഗാസസിന്റെ ഡൊമൈനിലേക്ക് പോകുന്നതായി അവര്‍ മനസ്സിലാക്കി. ഈ സ്‌പൈവെയറിലൂടെയാണ് ഖഷഗ്ജിയുടെ നീക്കം കൊലപാതകികള്‍ മനസ്സിലാക്കിയത്. താന്‍ നിരീക്ഷണത്തിലാണെന്ന കാര്യം ഖഷഗ്ജിയും മനസ്സിലാക്കിയിരുന്നു. അബ്ദുല്‍ അസീസിനുള്ള ഒരു മെസേജില്‍ ഖഷഗ്ജി അത് സൂചിപ്പിച്ചു. ദൈവം നമ്മെ രക്ഷിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തന്റെ വിവാഹവുമായി ബന്ധപ്പെട്ട ഒരു രേഖ ശരിയാക്കുന്നതിനുവേണ്ടി ഇസ്താംബൂളിലെ കോണ്‍സുലേറ്റിലേക്കു പോയ ശേഷം ഖഷഗ്ജിയെ ആരും കണ്ടിട്ടില്ല. സൗദി രാജകുമാരനുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി ബന്ധപ്പെട്ടവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്. കൊലപാതകം ആദ്യം സൗദി നിഷേധിച്ചെങ്കിലും പിന്നീട് അംഗീകരിച്ചു. സൗദി രാജകുടംബത്തിലെ നിരവധി രഹസ്യങ്ങള്‍ അറിയാവുന്ന പത്രപ്രവര്‍ത്തകനായിരുന്നു വാഷിങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റായ ഖഷഗ്ജി.

കൊലപാതകത്തിനുശേഷം എന്‍എസ്ഒ ഗ്രൂപ്പിന്റെ സിഇഒ ഷാലെവ് ഹുലിഒയുമായി ഇസ്രായേല്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ അഭിമുഖത്തില്‍ തങ്ങളുടെ കമ്പനി ഖഷഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടവര്‍ക്ക് സോഫ്റ്റ്‌വെയര്‍ വിറ്റിട്ടില്ലെന്ന് വാദിച്ചു. മാത്രമല്ല, സ്വകാര്യവ്യക്തികള്‍ക്ക് സോഫ്റ്റ്‌വെയര്‍ വില്‍ക്കാറുമില്ല. എന്നാല്‍ സൗദിക്ക് സോഫ്റ്റ്‌വെയര്‍ നല്‍കിയോ എന്ന കാര്യത്തെ കുറിച്ച് അഭിപ്രായം പറയാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ തങ്ങളുടെ സോഫ്റ്റ്‌വെയര്‍ ആരാണ് ഉപയോഗിക്കുന്നതെന്ന കാര്യം തങ്ങള്‍ ട്രാക്ക് ചെയ്യാറുണ്ടെന്നും അതിന് വിപരീതമായി സംഭവിച്ചാല്‍ തങ്ങള്‍ക്കത് മനസ്സിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Next Story

RELATED STORIES

Share it