Latest News

ഹജ്ജ് 2025: എയര്‍പോര്‍ട്ട് ഏജന്‍സി യോഗം ചേര്‍ന്നു

ഹജ്ജ് 2025: എയര്‍പോര്‍ട്ട് ഏജന്‍സി യോഗം ചേര്‍ന്നു
X

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടത്തിന് കാലിക്കറ്റ് എമ്പാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും യാത്രയാകുന്ന തീര്‍ത്ഥാടകരുടെ യാത്ര സൗകര്യങ്ങളും മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നേൃത്വത്തില്‍ വിവിധ ഏജന്‍സികളുടെ പ്രാഥമിക യോഗം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്നു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി വി രവീന്ദ്രന്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.

31 വിമാനങ്ങളിലായി 5,361 തീര്‍ത്ഥാടകാരാണ് കരിപ്പൂര്‍ വിമാനത്താവളം മുഖേന യാത്ര പുറപ്പെടുന്നത്. ഒന്നാമത്തെ വിമാനം മെയ് പത്താം തീയതി പുലര്‍ച്ചെ 1.10ന് പുറപ്പെടും. മെയ് 22നാണ് കരിപ്പൂരില്‍ നിന്നുള്ള അവസാന വിമാനം. തീര്‍ത്ഥാടകരുടെ യാത്രയ്ക്കായി വിപുലമായ ഒരുക്കങ്ങളാണ് തയ്യാറാകുന്നത്. ലഗേജ് സ്വീകരിക്കുന്നതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ വിമാനത്തിന്റെയും ലഗേജുകള്‍ കൈമാറുന്നത് വരെ അതാത് തീര്‍ത്ഥാടകരുടെ താല്‍ക്കാലിക വിശ്രമത്തിന് പ്രത്യേക ഇരിപ്പിടവും സജ്ജമാക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളിലെ പോലെ ഈവര്‍ഷവും കൂടുതല്‍ കാര്യക്ഷമമായി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഹാജിമാരുടെ സുഗമമായ യാത്ര ഉറപ്പുവരുത്തുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

എയര്‍പോര്‍ട്ട് അതോറിറ്റി, കസ്റ്റംസ്, എയര്‍ലൈന്‍സ്, സിഐഎസ്എഫ്, എമിഗ്രേഷന്‍ തുടങ്ങി എയര്‍പോര്‍ട്ടിലെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു. യോഗത്തില്‍ ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ജാഫര്‍ കക്കൂത്ത്, പി കെ അസ്സയിന്‍ (ഹജ്ജ്കമ്മിറ്റി), സിഐഎസ്എഫ് കമാന്‍ഡന്റ് ശങ്കരരാവു ബൈറെഡ്ഡി, എയര്‍പോര്‍ട്ട് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുനിത വര്‍ഗീസ്, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ.ആഷിഫ്, ജയചന്ദ്രന്‍ (എഫ്ആര്‍ആര്‍ഒ), മുഹമ്മദ് ജലാലുദ്ധീന്‍ (എപിഎച്ച്ഒ), സുജിത് ജോസഫ് (എയര്‍ലൈന്‍സ്), അന്‍വര്‍ സാദത്ത്, എ യാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Next Story

RELATED STORIES

Share it