Latest News

ഷവര്‍മ പരിശോധന കര്‍ശനമാക്കി ആരോഗ്യവകുപ്പ്; രണ്ടുമാസത്തിനിടെ നടത്തിയത് 942 പരിശോധനകള്‍

ഷവര്‍മ പരിശോധന കര്‍ശനമാക്കി ആരോഗ്യവകുപ്പ്; രണ്ടുമാസത്തിനിടെ നടത്തിയത് 942 പരിശോധനകള്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കുന്നു. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലായി 942 പരിശോധനകള്‍ നടത്തി. നിലവാരം ഉയര്‍ത്തുന്നതിനായി 284 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്ത 168 സ്ഥാപനങ്ങള്‍ക്ക് ഫൈന്‍ അടക്കുന്നതിന് നോട്ടിസ് നല്‍കുകയും 3.43 ലക്ഷം രൂപ ഫൈന്‍ ആയി ഈടാക്കുകയും ചെയ്തു. ഷവര്‍മ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണം. അല്ലാത്തവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

പരിശോധനകള്‍ വരും ദിവസങ്ങളിലും ശക്തമായി തുടരുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ ഷവര്‍മ പാകം ചെയ്യുവാനോ വില്‍ക്കാനോ പാടില്ല. ഷവര്‍മ തയ്യാറാക്കുന്ന സ്ഥലം, ഷവര്‍മയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം, വ്യക്തി ശുചിത്വം, ഷവര്‍മ തയ്യാറാക്കല്‍ എന്നിവ സംബന്ധിച്ചുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്. എഫ്എസ്എസ് ആക്ട് പ്രകാരം ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ ഒരു വ്യക്തിയും ഏതെങ്കിലും ഭക്ഷ്യ ബിസിനസ് ആരംഭിക്കുകയോ കൊണ്ടുപോവുകയോ ചെയ്യരുത്. നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

Next Story

RELATED STORIES

Share it