Latest News

തിരുവനന്തപുരത്ത് മലയോര മേഖലയില്‍ കനത്ത മഴ; വിനോദസഞ്ചാരികള്‍ കുടുങ്ങി

തിരുവനന്തപുരത്ത് മലയോര മേഖലയില്‍ കനത്ത മഴ; വിനോദസഞ്ചാരികള്‍ കുടുങ്ങി
X

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലെ മലയോരമേഖലകളില്‍ കനത്ത മഴ തുടരുന്നു. തിരുവനന്തപുരത്തെ മലയോര മേഖലയായ വിതുര, കല്ലാര്‍ മേഖലയില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. കല്ലാര്‍ മീന്‍മുട്ടിയില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങി. നിരവധി സഞ്ചാരികളെ നാട്ടുകാരും അഗ്‌നിശമനസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. ശക്തമായ മഴയെത്തുടര്‍ന്ന് മങ്കിയാര്‍ കരകവിഞ്ഞു. നിരവധി വീടുകളിലും വെള്ളം കയറി. മഴ കനത്തതോടെ നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ 5 സെ.മീ ആയി ഉയര്‍ത്തി. കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ രാത്രി 7.30 ഓടെയാണ് 2.5 സെന്റീമീറ്റര്‍ വീതം നാലുഷട്ടറുകളും ഉയര്‍ത്തിയത്.

നെയ്യാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കല്ലാര്‍ മീന്‍മുട്ടി വെള്ളച്ചാട്ടം കാണുന്നതിനായി പോയ രണ്ട് വണ്ടിയിലായി പോയ ആറ് സ്ത്രീകളും ഒരു കുട്ടിയും അടങ്ങുന്ന ഒമ്പത് അംഗ സംഘമാണ് കല്ലാര്‍ നദിക്ക് അപ്പുറം കുടുങ്ങിയത്. ചപ്പാത്തില്‍ വെള്ളം കുറയുന്നതിന് അനുസൃതമായി ഇവരുടെ വണ്ടി തിരികെ കൊണ്ടുവരാന്‍ കഴിയുമെന്ന് പോലിസ് അറിയിച്ചു. ഇവരെ തല്‍ക്കാലം സമീപത്തെ വീടുകളിലേക്ക് എത്തിച്ചു.

വിതുര വില്ലേജില്‍ കല്ലാറിന് സമീപം എത്തിയ സഞ്ചാരികളായ യുവാക്കള്‍ പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ കുടുങ്ങി. ഇവരെ വിതുര സ്‌റ്റേഷനിലെ പോലിസുകാരെത്തി രക്ഷപ്പെടുത്തി. തിരുവനന്തപുരം ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ പൊന്‍മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ തുറന്നു പ്രവര്‍ത്തിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു.

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി ഉണ്ടാവുന്ന കനത്ത മഴയില്‍ മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തംനതിട്ട, ഇടുക്കി, കോട്ടയം ജില്ലകളുടെ കിഴക്കന്‍ ഭാഗത്ത് കനത്ത മഴയാണ് പെയ്യുന്നത്. പലയിടത്തും ഉരുള്‍പൊട്ടല്‍ റിപോര്‍ട്ട് ചെയ്തു. കോട്ടയത്തും പത്തിനംതിട്ടയിലും കനത്ത മഴ തുടരുകയാണ്.

മേലുകാവില്‍ ഉരുള്‍ പൊട്ടുകയും ടൗണ്‍ വെള്ളത്തിലാവുകയും ചെയ്തു. പത്തനംതിട്ടയില്‍ റാന്നി, സീതത്തോട്, ഗവി, ചിറ്റാര്‍ മേഖലകളിലായി രണ്ട് മണിക്കൂറിലേറെയായി മഴ തുടരുകയാണ്. വെച്ചൂച്ചിറ പഞ്ചായത്തിലെ കുരുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍ കോസ്‌വേകള്‍ മുങ്ങി. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്ക സാധ്യതാ മേഖലകളില്‍ ജില്ലാ ഭരണകൂടം ജാഗ്രത്രാ നിര്‍ദേശം പുറപ്പെടുവിച്ചു. കൊല്ലം കുംഭവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചില്‍ ഒരാള്‍ മരിച്ചിരുന്നു. അഞ്ചുപേരെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നു.

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇതോടനുബന്ധിച്ച് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Next Story

RELATED STORIES

Share it