Latest News

ഹിജാബ്: അരികുവല്‍ക്കരിക്കുന്തോറും ശക്തിനേടുന്ന സമുദായം

ഹിജാബ്: അരികുവല്‍ക്കരിക്കുന്തോറും ശക്തിനേടുന്ന സമുദായം
X

അബ്ദുല്‍ കരീം

പണ്ട് ഐക്യകേരളം രൂപം കൊള്ളുന്നതിനും മുമ്പ്, ദലിത്-പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകള്‍ക്കു മാറുമറക്കാന്‍ അവകാശമില്ലാതിരുന്ന കാലം പിന്നാക്ക സമുദായ നേതാവും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന പ്രമുഖ വ്യക്തിയുടെ സഹധര്‍മിണി ഒരിക്കല്‍ തന്റെ ആഗ്രഹം ഭര്‍ത്താവിനോട് പറഞ്ഞു, 'എനിക്ക് മാറ് മറക്കാന്‍ കൊതിയാവുന്നു.'

അതിന് എന്താണ് തടസ്സമെന്ന് അദ്ദേഹം ആരാഞ്ഞു. 'താങ്കളുടെ അമ്മ സമ്മതിക്കുന്നില്ല. കണ്ട ഉമ്മച്ചിക്കുട്ടികളെപ്പോലെ മാറ് മറച്ചു നടന്നാല്‍ കൈയും കാലും തല്ലിയൊടിക്കും' എന്നാണ് പറയുന്നത്. 'അങ്ങനെയാണെങ്കില്‍ അമ്മയോട് കലഹിക്കേണ്ട. നീ നമ്മുടെ കിടപ്പറയില്‍ ഉറങ്ങാന്‍ വരുമ്പോള്‍ മാറ് മറച്ചു കൊതി തീര്‍ത്തോളൂ' എന്നായിരുന്നു സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ഭര്‍ത്താവിന്റെ പരിഹാര നിര്‍ദേശം. അതെ, പണ്ടുമുതലേ ഉമ്മച്ചിക്കുട്ടികള്‍ പൊളിയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ സജീവസാന്നിധ്യമായിരുന്ന ബീ അമ്മ എന്നറിയപ്പെട്ട അബാദി ബാനു ബീഗത്തെയും (അലി സഹോദരന്മാരുടെ മാതാവ്) സാവിത്രി ഫൂലേയോടൊപ്പംനിന്നു ദലിതരുടെ വിദ്യാഭ്യാസത്തിനു വേണ്ടി പോരടിച്ച ഫാത്തിമാ ശെയ്ഖിനെയും അറിയില്ലേ? അടുത്തകാലത്ത് നടന്ന സിഎഎ വിരുദ്ധ സമരം ഓര്‍മയില്ലേ ജാമിഅ കാംപസില്‍ പോലിസ് മര്‍ദിക്കുന്ന സഹപാഠിയെ ചേര്‍ത്തുപിടിച്ചു പോലിസിനുനേരെ വിരല്‍ ചൂണ്ടിനില്‍ക്കുന്ന രണ്ട് ഉമ്മച്ചിക്കുട്ടികള്‍- ലദീദ ഫര്‍സാന, ആയിശ റെന, സഫൂറാ സര്‍ഗാര്‍, ഗുല്‍ഷിഫാ ഫാത്തിമ... ഇവരൊക്കെ ചെറുത്തുനില്‍പ്പിന്റെ ഉജ്ജ്വല പ്രതീകങ്ങളാണ്. ഇപ്പോള്‍ മുസ്‌കാന്‍ ഖാന്‍ എന്ന പെണ്‍കുട്ടിയും.

അടുക്കളയില്‍ എന്ത് പാചകം ചെയ്യുന്നു എന്നതുമുതല്‍ കിടപ്പറയിലെ സ്ഖലനം വരെ രാഷ്ട്രീയ വിവാദമാവുന്ന ദുര്യോഗം ലോകത്ത് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കു മാത്രമേ ഉണ്ടാവൂ. പ്രണയം മുസ്‌ലിംകളുടെ കാര്യത്തില്‍ ലൗ ജിഹാദാണ്. വിദ്യാഭ്യാസം നേടിയാല്‍ അഡ്മിഷന്‍ ജിഹാദ്. സര്‍ക്കാര്‍ ജോലിക്കു ശ്രമിച്ചാല്‍ അതു യുപിഎസ്‌സി ജിഹാദാവും. മുസ്‌ലിംകള്‍ കഴിക്കുന്ന / വില്‍ക്കുന്ന ഹലാല്‍ ഭക്ഷണം ഇതര മതവിശ്വാസികളുടെമേല്‍ അടിച്ചേല്‍പ്പിച്ച് അവരുടെ വിശ്വാസത്തെ കളങ്കപ്പെടുത്തുന്ന ഭക്ഷണ ജിഹാദാണ്. കുലുക്കി സര്‍ബത്തിലും കുഴിമന്തിയിലും എംഡിഎംഎയും എല്‍എസ്ഡിയും മിക്‌സ്‌ചെയ്തു മുസ്‌ലിം കച്ചവടക്കാര്‍ യുവതീ യുവാക്കളെ ഡ്രഗ് അഡിക്റ്റാക്കുന്നു. ഇതിനു നാര്‍കോട്ടിക് ജിഹാദ് എന്നുപേര്. കെട്ടിയ പെണ്ണുമായി ഒത്തുപോവാതെ വരുമ്പോള്‍ മൊഴിചൊല്ലാമെന്നു വച്ചാല്‍ വിവാഹമോചനം മറ്റു മതവിഭാഗങ്ങളുടെ കാര്യത്തില്‍ സിവില്‍ വ്യവഹാരമാണെങ്കില്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ അതു ക്രിമിനല്‍ കുറ്റമാണ്. ചുരുക്കിപ്പറഞ്ഞാല്‍ വര്‍ത്തമാനകാല ഇന്ത്യയില്‍ മുസ്‌ലിമായി ജീവിക്കുക എന്നത് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിനെക്കാള്‍ പ്രയാസകരമാണ്.

ഇന്ത്യന്‍ ഭരണഘടനയിലെ മൂന്നാം ഭാഗത്തില്‍ 12 മുതല്‍ 35 വരെയുള്ള അനുച്ഛേദങ്ങളിലാണ് മൗലികാവകാശങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളിലൊഴിച്ച് ഈ മൗലികാവകാശങ്ങള്‍ നിഷേധിക്കാനുള്ള അധികാരം ഭരണകൂടത്തിനില്ലെന്നു ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. നിയമത്തിന്റെ ദൃഷ്ടിയില്‍ എല്ലാ പൗരന്മാരും സമന്മാരായിരിക്കും. ചൂഷണമുക്തമായിരിക്കാനുള്ള അവകാശം, ഇഷ്ടമുള്ള മതം സ്വീകരിക്കാനും അതനുസരിച്ചു ജീവിക്കാനും അതു പ്രചരിപ്പിക്കാനുമുള്ള അവകാശം, സംസ്‌കാര സംരക്ഷണത്തിനും വിദ്യാഭ്യാസം നേടുന്നതിനുമുള്ള അവകാശം, ഭരണഘടനാപരമായ നിയമപരിരഷയ്ക്കുള്ള അവകാശം എന്നീ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ കോടതി മുഖേന അതു സംരക്ഷിച്ചുകിട്ടുന്നതിനുള്ള അവകാശം പൗരനുണ്ട്. ഇഷ്ടമുള്ളത് ധരിക്കാനും ഇഷ്ടമുള്ളത് കഴിക്കാനും ഇഷ്ടമതത്തില്‍ വിശ്വസിക്കാനും അതനുസരിച്ചു ജീവിക്കാനും പൗരനുള്ള സ്വാതന്ത്ര്യം മൗലികാവകാശമാണ്. എന്നാല്‍, ഭരണഘടനയെയും അതിലെ മൗലികാവകാശങ്ങളെയും നോക്കുകുത്തിയാക്കി രാജ്യം ഭരിക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ക്രൂരമായ നിയമങ്ങള്‍ നിര്‍മിച്ചു ദലിതരെയും മതന്യൂനപക്ഷങ്ങളെയും അരികുവല്‍ക്കരിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്തെ ദലിത്/മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അടുത്തകാലത്തുണ്ടായ വിദ്യാഭ്യാസപരമായ ഉണര്‍വിനെ തല്ലിക്കെടുത്തുക എന്നതു സംഘപരിവാരത്തിന്റെ പ്രഥമ ലക്ഷ്യമാണ്. ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍, സിഎഎ പ്രക്ഷോഭത്തെ തുടര്‍ന്ന് അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ജാമിഅ മില്ലിയ ഇസ്‌ലാമിയ, ജെഎന്‍യു എന്നിവിടങ്ങളില്‍ നടന്ന പോലിസ് നടപടികള്‍ ഇത്തരം അജണ്ടകളുടെ പ്രയോഗവല്‍ക്കരണമാണ്. ഡല്‍ഹി കലാപത്തിന്റെ മറവില്‍ ഭരണകൂടം തുറുങ്കിലടച്ചവരില്‍ ബഹുഭൂരിപക്ഷവും വിദ്യാസമ്പന്നരായ യുവാക്കളും വിദ്യാര്‍ഥികളുമായിരുന്നു. ഉമര്‍ ഖാലിദ്, ആസിഫ് ഇഖ്ബാല്‍ തന്‍ഹ, ഖാലിദ് സൈഫി, ഷര്‍ജീല്‍ ഇമാം, ഷദാബ് അഹ്മദ്, അക്തര്‍ഖാന്‍, സലിം ഖാന്‍, സലിം മാലിക്, താഹിര്‍ ഹുസയ്ന്‍, തസ്‌ലിം അഹ്മദ്, ഷഫീഉറഹ്മാന്‍, മീരാന്‍ ഹൈദര്‍, സഫൂറാ സര്‍ഗാര്‍, ഗുല്‍ഷിഫാ ഫാത്തിമ, ഇഷ്‌റത്ത് ജഹാന്‍, ദേവാംഗന കലിത, നടഷ നര്‍വാള്‍ തുടങ്ങിയവര്‍ കോടതിയും ജയിലുമായി കഴിയുകയാണ്.

ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന ശിരോവസ്ത്ര നിരോധനം. മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി സമീപഭാവിയില്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്ന ശിരോവസ്ത്ര നിരോധനത്തിലൂടെ ഹിന്ദുത്വര്‍ ലക്ഷ്യംവയ്ക്കുന്നത് പലതാണ്. മുസ്‌ലിംകളുടെ മതവിശ്വാസത്തെ പ്രശ്‌നവല്‍ക്കരിക്കുകയും അതുവഴി മുസ്‌ലിം വിദ്യാര്‍ഥികളെ സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും പിന്നോട്ടടിപ്പിക്കുകയും ചെയ്യുക, അവരുടെ ആത്മവിശ്വാസം തകര്‍ക്കുക, മുസ്‌ലിംകള്‍ പ്രശ്‌നക്കാരാണെന്ന പൊതുബോധം സ്ഥാപിച്ചെടുക്കുക തുടങ്ങിയ ബഹുമുഖ തന്ത്രമാണ് ഫാഷിസ്റ്റുകള്‍ പ്രയോഗിക്കുന്നത്.

ഇത്തരം സാഹചര്യങ്ങളില്‍ കോടതികളാണ് നീതിക്കും തുല്യതയ്ക്കും വേണ്ടിയുള്ള ന്യൂനപക്ഷങ്ങളുടെ പരാതിക്കു പരിഹാരം കാണേണ്ടത്. എന്നാല്‍, ഇന്ത്യന്‍ ഭരണഘടന വ്യാഖ്യാനിച്ചു വിധിപറയേണ്ട ജഡ്ജിമാര്‍ ഋഗ്‌വേദം ഉദ്ധരിച്ചു വിധിപറയുന്ന കാലത്ത് നീതി എത്രമാത്രം അകലെയാണെന്നതു സംബന്ധിച്ച ബോധം മുസ്‌ലിം സമുദായത്തിനു വേണ്ടുവോളമുണ്ട്. ചില ദലിത് വിദ്യാര്‍ഥി സംഘടനകള്‍ ഒഴികെ മറ്റു മുഖ്യധാരാ വിദ്യാര്‍ഥി സംഘടനകള്‍ ഹിജാബ് വിഷയത്തെ വേണ്ടത്ര അളവില്‍ ഉള്‍ക്കൊണ്ടിട്ടില്ല. രാജ്യത്ത് മുസ്‌ലിം പ്രശ്‌നങ്ങളോട് അനുതാപപൂര്‍ണമായ സമീപനം സ്വീകരിച്ചാല്‍ ഉണ്ടായേക്കാവുന്ന നഷ്ടത്തെപ്പറ്റി മുഖ്യധാരയ്ക്കു നല്ലബോധ്യമുണ്ട്. ഇടതുപക്ഷ പാര്‍ട്ടികളാവട്ടെ, ശക്തമായിക്കൊണ്ടിരിക്കുന്ന സംഘപരിവാരത്തിന്റെ ഹിന്ദുത്വ ഫാഷിസത്തെ ഇല്ലാത്ത മുസ്‌ലിം വര്‍ഗീയതയുമായി സമീകരിക്കുന്ന തിരക്കിലാണ്. ബീഫിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ അഖ്‌ലാക്കിനെ വേണം, എന്നാല്‍ അഖ്‌ലാക്കിന്റെ സമുദായത്തെ വേണ്ട, യുഎപിഎ എന്ന കരിനിയമത്തിനെതിരേ പറയുമ്പോള്‍ തന്നെ, അതിന്റെ ഇരകളായ സമുദായത്തെ വേണ്ട എന്ന തരത്തിലാണ് അവരുടെ പ്രവര്‍ത്തനം.

കര്‍ണാടകയിലെ ശിരോവസ്ത്ര നിരോധനത്തിനെതിരേ മിണ്ടുമ്പോള്‍ത്തന്നെ കേരളത്തിലെ സ്റ്റുഡന്റ് പോലിസ് കാഡറ്റുകള്‍ക്കു ശിരോവസ്ത്രം വിലക്കുന്ന മുഖ്യമന്ത്രിയും ഇടതു സര്‍ക്കാരുമാണ് കേരളത്തിലുള്ളത്. സംസ്ഥാനത്തെ പല സിബിഎസ്ഇ സ്‌കൂളുകളിലും നിലനില്‍ക്കുന്ന അപ്രഖ്യാപിത ശിരോവസ്ത്ര വിലക്ക് ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ ഇല്ലാതാക്കാമെങ്കിലും ഒരു സര്‍ക്കാരും നാളിതുവരെ അതിനുവേണ്ടി ശ്രമിച്ചിട്ടില്ല. മുസ്‌ലിംകള്‍ക്കെതിരേ സംഘപരിവാരം ആരോപിക്കുന്ന പല 'ജിഹാദി' ആരോപണങ്ങളെയും സാധൂകരിക്കാന്‍ ഫാഷിസ്റ്റുകള്‍ കൂട്ടുപിടിക്കുന്നത് സിപിഎം നേതാക്കളെയാണ്. രാകേഷ് കുമാര്‍ പാണ്ഡെ എന്ന ഡല്‍ഹി യൂനിവേഴ്‌സിറ്റി പ്രഫസര്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വ്യാപകമായി അഡ്മിഷന്‍ നേടുന്ന മാര്‍ക്ക് ജിഹാദ് എന്ന ആരോപണം ഉന്നയിക്കുന്നതിനു മുമ്പുതന്നെ മുന്‍ മന്ത്രിയും ഇപ്പോള്‍ സിപിഎമ്മിന്റെ രാജ്യസഭാ എംപിയുമായ എളമരം കരീം ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചിരുന്നു. 'കേന്ദ്ര സര്‍വകലാശാലകളിലും ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലും വിദ്യാര്‍ഥികളെ എത്തിക്കാന്‍ ഒരു മതമൗലികവാദി സംഘടന പരിശീലന കേന്ദ്രം സ്ഥാപിച്ചു പ്രവര്‍ത്തിക്കുന്നു' എന്നായിരുന്നു ആരോപണം. ഇടത് വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐക്ക് ഇതുവരെ മുസ്‌ലിം ദലിത് വിദ്യാര്‍ഥികള്‍ക്കെതിരായ സംഘപരിവാര അപരവല്‍ക്കരണ നീക്കങ്ങള്‍ നിലപാടെടുക്കേണ്ട വിഷയമായി തോന്നിയിട്ടില്ല. പി കെ അബ്ദുറബ്ബ് എന്ന മുസ്‌ലിം, വിദ്യാഭ്യാസ മന്ത്രിയായതോടെ മതേതര എസ്എഫ്‌ഐ നടത്തിയ ചില സമരങ്ങള്‍ അത്രവേഗം മറന്നുപോവുന്നതല്ല. അദ്ദേഹത്തിനെതിരേ നടത്തിയ നിലവിളക്ക് സമരവും പച്ച ബോര്‍ഡ്, പച്ച ബ്ലൗസ് വിവാദവും എസ്എസ്എല്‍സിക്ക് വിജയശതമാനം വര്‍ധിച്ചപ്പോഴുള്ള പരിഹാസങ്ങളും ഔദ്യോഗിക വസതിയുടെ ഗംഗ എന്ന പേര് മാറ്റിയപ്പോള്‍ അതും വര്‍ഗീയവല്‍ക്കരിച്ചു നടത്തിയ പ്രതിഷേധങ്ങളും എല്ലാം ഇടതു വിദ്യാര്‍ഥി സംഘടന സംഘപരിവാരത്തിനു വഴിവെട്ടിയതിന്റെ ഉദാഹരണങ്ങളാണ്.

കര്‍ണാടകയില്‍ ശിരോവസ്ത്രം ധരിച്ചു കോളജിലെത്തിയപ്പോള്‍ ജയ് ശ്രീറാം വിളിച്ചു പാഞ്ഞടുത്ത ഹിന്ദുത്വ അക്രമികള്‍ക്കു മുന്നില്‍ നിവര്‍ന്നുനിന്നു മുഷ്ടി ചുരുട്ടി 'അല്ലാഹു അക്ബര്‍' എന്ന ലോകത്തെ ഏറ്റവും ശക്തമായ വിപ്ല വിമോചന മുദ്രാവാക്യം വിളിച്ച മുസ്‌കാന്‍ ഖാന്‍ എന്ന പെണ്‍കുട്ടിയെ വര്‍ഗീയതയുടെ മറുപുറമായിക്കാണാനാണ് ഇടത് വിദ്യാര്‍ഥി സംഘടനകള്‍ക്കു താല്‍പ്പര്യം. മുസ്‌ലിം-ദലിത് വിദ്യാര്‍ഥിസമൂഹം ബൗദ്ധികമായി വളരുന്നതും തങ്ങളുടെ രക്ഷാകര്‍തൃത്വം ഉപേക്ഷിച്ചു സ്വന്തം കാലില്‍ നില്‍ക്കുന്നതും ഇടതുപക്ഷത്തിനു രുചിക്കുന്ന ഒന്നല്ല.

(തേജസ് ദൈ്വവാരികയില്‍ മാര്‍ച്ച് 15-31 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Next Story

RELATED STORIES

Share it