Latest News

പ്രണയ സാഫല്യത്തിനായി വരന്റെ പേര് മറച്ചുവച്ച് ഹിന്ദു യുവതി; 'ലൗ ജിഹാദ്' കേസില്‍ കുടുങ്ങിയത് മുസ്‌ലിം യുവാവ്

പ്രണയ സാഫല്യത്തിനായി വരന്റെ പേര് മറച്ചുവച്ച് ഹിന്ദു യുവതി; ലൗ ജിഹാദ് കേസില്‍ കുടുങ്ങിയത് മുസ്‌ലിം യുവാവ്
X

കന്നൗജ്: വധൂവരന്മാരുടെ പരസ്പര ധാരണപ്രകാരം പേര് മറച്ചുവച്ച് വിവാഹം കഴിച്ച മുസ്‌ലിം യുവാവ് ലൗ ജിഹാദ് നിയമക്കുരുക്കില്‍. യുപി കന്നൗജില്‍ ഗുര്‍സഹൈഗഞ്ചിലെ ഐഎഎസ് പരീശീലന വിദ്യാര്‍ത്ഥിയായ തൗഫീക്കാണ് ലൗ ജിഹാദ് നിയമപ്രകാരം ജയിലിലായത്.

അധ്യാപികയും സിവില്‍ സര്‍വീസ് പരിശീലന വിദ്യാര്‍ത്ഥിയുമായ പ്രിയ വര്‍മയും അതേ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ തൗഫീക്കും പ്രണയത്തിലായിരുന്നു. എന്നാല്‍ പ്രിയയുടെ മാതാപിതാക്കള്‍ യാഥാസ്ഥിതികരായതിനാല്‍ മുസ് ലിമിനെ വിവാഹം കഴിക്കാന്‍ അനുവദിക്കുമായിരുന്നില്ല. അവര്‍ പരസ്പര സമ്മതപ്രകാരം പേര് രാഹുല്‍ വര്‍മയാണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു. അവര്‍ ഇരുവരും ലഖ്‌നോവില്‍ വച്ച് ഡിസംബര്‍ 10ാം തിയ്യതി വിവാഹം കഴിച്ചു. വിവാഹശേഷമോ മുമ്പോ യുവതിയെ തൗഫീക്ക് മതംമാറാന്‍ നിര്‍ബന്ധിച്ചില്ലെന്നു മാത്രമല്ല, ഹിന്ദുവാകാന്‍ തൗഫീക്ക് തയ്യാറുമായിരുന്നു.

വിവാഹം നടന്ന സന്തോഷത്തില്‍ ഇരുവരുടെയും ഫോട്ടോ സഹോദരന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഫോട്ടോ കണ്ട ചിലര്‍ തയ്യല്‍ക്കാരനായ പ്രിയയുടെ പിതാവ് ശുക്ലയെ സമീപിച്ച് മകളുടെ ഭര്‍ത്താവിന്റെ പേര് തൗഫീക്കാണെന്ന് അറിയിച്ചു. മാത്രമല്ല, തൗഫീക്ക് താമസിക്കുന്നത് ഏതാനും കിലോമീറ്റര്‍ അകലെയാണെന്നും പറഞ്ഞു.

വിവരം പരസ്യമായതോടെ പ്രാദേശിക ബിജെപി നേതാവ് വിഷയത്തില്‍ ഇടപെട്ടു. ഇതൊരു ലൗ ജിഹാദ് കേസാണെന്ന് അയാള്‍ കുടുംബത്തെ ബോധ്യപ്പെടുത്തി. പിതാവിനെക്കൊണ്ട് പരാതിയും കൊടുപ്പിച്ചു.

ആ സമയത്ത് പ്രിയ അവരുടെ ബന്ധുവിന്റെ വീട്ടിലായിരുന്നു.

കുടുംബത്തിന്റെ പരാതിയില്‍ പോലിസ് തൗഫീക്കിനെ അറസ്റ്റ് ചെയ്തു. വഞ്ചന, ആള്‍മാറാട്ടം, മതംമാറ്റനിരോധന നിയമത്തിന്റെ സെക്ഷന്‍ 3, 6 തുടങ്ങിയ വകുപ്പുകളും ചുമത്തി.

മതം മാറാന്‍ വ്യക്തികളെ പ്രേരിപ്പിക്കുന്നത് കുറ്റകരമാക്കുന്ന വകുപ്പാണ് സെക്ഷന്‍ 3. സെക്ഷന്‍ 6 മതംമാറ്റാന്‍ വേണ്ടി മാത്രം നടത്തുന്ന വിവാഹം റദ്ദു ചെയ്യുന്നു.

പ്രിയയ്ക്ക് തൗഫീക്ക് മുസ്‌ലിം ആണെന്ന് അറിയാമെന്ന കാര്യം പോലിസ് സമ്മതിക്കുന്നുണ്ട്. അതേസമയം ഇക്കാര്യത്തില്‍ യുവതിയുടെ മൊഴിയുണ്ടെന്നാണ് പോലിസ് പറയുന്നത്. തൗഫീക്കിനെതിരേ മൊഴി കൊടുക്കാന്‍ കുടുംബം നിര്‍ബന്ധിക്കുന്നതായി പ്രിയ പറയുന്നു. മാത്രമല്ല, മറ്റൊരു വിവാഹത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു.

Next Story

RELATED STORIES

Share it