Latest News

ചെങ്കടലില്‍ യുഎസ് സൈനിക കപ്പലുകളെ ആക്രമിച്ച് ഹൂത്തികള്‍; ഇത് നാലാം ആക്രമണം

ചെങ്കടലില്‍ യുഎസ് സൈനിക കപ്പലുകളെ ആക്രമിച്ച് ഹൂത്തികള്‍; ഇത് നാലാം ആക്രമണം
X

സന്‍ആ: ചെങ്കടലില്‍ യുഎസിന്റെ ഹാരി എസ് ട്രൂമാന്‍ പടക്കപ്പലിനെയും മറ്റു സൈനിക കപ്പലുകളെയും വീണ്ടും ആക്രമിച്ചെന്ന് യെമനിലെ ഹൂത്തികള്‍ അറിയിച്ചു. കഴിഞ്ഞ 72 മണിക്കൂറില്‍ നടക്കുന്ന നാലാം ആക്രമണമാണിത്. ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ഹൂത്തികളുടെ സൈനികവക്താവായ യഹ്‌യാ സാരി അറിയിച്ചു. യുഎസിന്റെ ആക്രമണങ്ങള്‍ കൊണ്ട് ഗസയ്ക്കുള്ള യെമന്റെ പിന്തുണ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും യഹ്‌യാ സാരി പറഞ്ഞു.

ഇന്നലെ രാത്രി ഇസ്രായേലിലേക്ക് ഹൂത്തികള്‍ മിസൈലുകള്‍ അയച്ചിരുന്നു. നെവാറ്റിം വ്യോമസേന താവളത്തെ 'ഫലസ്തീന്‍-2' ഹൈപ്പര്‍സോണിക് മിസൈല്‍ ഉപയോഗിച്ചാണ് ആക്രമിച്ചത്. ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന ജനുവരിക്ക് ശേഷമുള്ള ആദ്യ ആക്രമണമായിരുന്നു ഇത്.

ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ കുറ്റകൃത്യങ്ങള്‍ക്കെതിരായ സമരമാണ് ഇതെന്ന് ഹൂത്തികളുടെ പരമോന്നത നേതാവായ അബ്ദുള്‍മാലിക് അല്‍ഹൂത്തി പറഞ്ഞു. ഇനിയും ആക്രമണത്തിന്റെ തോത് വര്‍ധിപ്പിക്കും. ഇസ്രായേലികളെ നേരിടുന്നതിനും ചെറുക്കുന്നതിനും ബദല്‍ മാര്‍ഗങ്ങളില്ല. ഫലസ്തീനെ ഇല്ലാതാക്കാന്‍ ഇസ്രായേലിനെ അനുവദിച്ചാല്‍ അവര്‍ മറ്റുരാജ്യങ്ങളെയും ആക്രമിക്കും. ഫലസ്തീന്‍ ജനത ഒറ്റയ്ക്കല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുഎസ് സൈന്യം യെമന്റെ വിവിധഭാഗങ്ങളില്‍ വ്യോമാക്രമണം നടത്തി.


Next Story

RELATED STORIES

Share it