Latest News

ഹൈഡ്രോക്‌സിക്ലൊറോക്വിന്‍ ഉല്‍പാദനം പൊതുമേഖലയില്‍ നടത്തണം; കേന്ദ്രത്തിന് എളമരം കരീം എംപിയുടെ കത്ത്

ഹൈഡ്രോക്‌സിക്ലൊറോക്വിന്‍ ഉല്‍പാദനം പൊതുമേഖലയില്‍ നടത്തണം; കേന്ദ്രത്തിന് എളമരം കരീം എംപിയുടെ കത്ത്
X

കോഴിക്കോട്: പൊതുമേഖലാമരുന്ന് നിര്‍മാണ കമ്പനിയായ ബംഗാള്‍ കെമിക്കല്‍സ് & ഫാര്‍മസ്യുട്ടിക്കല്‍സിനെ തടഞ്ഞു സ്വകാര്യ കമ്പനികളായ മുംബൈയിലെ ഐപിസിഎ ലബോറട്ടറി, അഹമ്മദാബാദിലെ സിഡസ് കാഡിലാ എന്നിവയ്ക്ക് മാത്രം ഹൈഡ്രോക്‌സിക്ലൊറോക്വിന്‍ നിര്‍മാണ കരാര്‍ നല്‍കിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്ക് എളമരം കരീം എംപി കത്തുനല്‍കി.

ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ അവശ്യക്കാരുള്ള മരുന്നുകളില്‍ ഒന്നാണ് ഹൈഡ്രോക്‌സിക്ലൊറോക്വിന്‍. കൊറോണ വൈറസിനെ ചെറുത്തുനിര്‍ത്താന്‍ ഒരു പരിധിവരെയെങ്കിലും ഫലപ്രദമെന്നു ലോകം മുഴുവന്‍ അംഗീകരിച്ച ഈ മരുന്നിന്റെ ഏറ്റവും വലിയ ഉല്‍പാദകരാണ് നമ്മുടെ രാജ്യം. ലോകത്തെ ആകെ ഉല്‍പാദനത്തിന്റെ 70 ശതമാവും ഇന്ത്യയിലാണ്. ഈ അടിയന്തിര സാഹചര്യം സ്വകാര്യ കുത്തക കമ്പനികളുടെ കീശവീര്‍പ്പിക്കാനുള്ള അവസരമാക്കിമാറ്റാതെ പൊതുമേഖലയില്‍ മരുന്ന് ഉല്‍പാദിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം. ലോകം ഇന്ന് ഉറ്റുനോക്കുന്ന ഹൈഡ്രോക്‌സിക്ലൊറോക്വിന്‍ എന്ന മരുന്ന് സ്വകാര്യ മരുന്ന് കമ്പനികളെക്കാള്‍ വില കുറച്ചു ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള സ്ഥാപനമാണ് ഇന്ത്യയിലെ ആദ്യത്തെ പൊതുമേഖലാമരുന്ന് നിര്‍മാണ കമ്പനിയായ ബംഗാള്‍ കെമിക്കല്‍സ് & ഫാര്‍മസ്യുട്ടിക്കല്‍സ്. ഇതിന്റെ കൊല്‍ക്കത്ത, കാണ്‍പൂര്‍ പ്ലാന്റുകള്‍ ഹൈഡ്രോക്‌സിക്ലൊറോക്വിന്‍ ഉല്‍പാദനത്തിന് സജ്ജവുമാണ്. രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി കൊവിഡ് എന്ന മഹാമാരിക്കെതിരേ പോരാടുമ്പോള്‍ ആ ഒരുമയുടെ സന്ദേശത്തിന് വിഘാതമായ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്നും ബംഗാള്‍ കെമിക്കല്‍സ് & ഫാര്‍മസ്യുട്ടിക്കല്‍സിന് അടിയന്തിരമായി ഹൈഡ്രോക്‌സിക്ലൊറോക്വിന്‍ നിര്‍മാണക്കരാര്‍ നല്‍കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it