Latest News

കശ്മീരില്‍ ഇത് ചെറിപ്പഴത്തിന്റെ കാലം; ഇറ്റാലിയന്‍ ഇനങ്ങളിലൂടെ കര്‍ഷകര്‍ക്ക് അധിക നേട്ടം

പഴങ്ങള്‍ പറിച്ചെടുക്കുകയും തരംതിരിച്ച് പാക്ക് ചെയ്ത രാജ്യത്തെ വിവിധയിടങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്ന തിരക്കിലാണ് കശ്മീരിലെ കര്‍ഷകര്‍.

കശ്മീരില്‍ ഇത് ചെറിപ്പഴത്തിന്റെ കാലം; ഇറ്റാലിയന്‍ ഇനങ്ങളിലൂടെ കര്‍ഷകര്‍ക്ക് അധിക നേട്ടം
X

ഷോപിയാന്‍: കശ്മീര്‍ താഴ്‌വരയില്‍ ചെറിപ്പഴങ്ങളുടെ കാലമായി. കടുംചുവപ്പ് നിറങ്ങളില്‍ പഴുത്തു തുടുത്ത ചെറിപ്പഴങ്ങള്‍ നിറഞ്ഞ തോട്ടങ്ങള്‍ താഴ്‌വരയില്‍ മനോഹര ദൃശ്യങ്ങള്‍ തീര്‍ക്കുകയാണ്. ഇറക്കുമതി ചെയ്ത ഇറ്റാലിയന്‍ ഇനങ്ങളാണ് ഈ വര്‍ഷം കൂടുതലായി വിളവെടുക്കുന്നത്.

കഴിഞ്ഞ ദശകത്തില്‍ അര ഡസനോളം ചെറി ഇനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കശ്മീരിലേക്ക് ഇറക്കുമതി ചെയ്തത്. ഇതിലധികവും ഇറ്റലിയില്‍ നിന്നാണ്. ഇവയാണ് ഇപ്പോള്‍ വിളവെടുപ്പിന് പാകമായത്. ഇറ്റാലിയന്‍ ഇനങ്ങള്‍ പരമ്പരാഗത ചെറിയില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ വരുമാനം നല്‍കുന്നതായി കര്‍ഷകര്‍ പറയുന്നു.

നിറം, കറുമുറുപ്പ്, പോഷകമൂല്യം എന്നിവയില്‍ പരമ്പരാഗത ഇനങ്ങളാണ് മികച്ചത്. എന്നാല്‍ മഴയത്ത് ഇവ വേഗം ചീഞ്ഞുപോകുന്നത് പലപ്പോഴും നഷ്ടംവരുത്താറുണ്ടെന്ന് നൂറോളം ചെറി വൃക്ഷങ്ങളുള്ള കര്‍ഷകനായ സയാര്‍ അഹമ്മദ് ലോണ്‍ പറയുന്നു. ഇറക്കുമതി ചെയ്യുന്ന പുതിയ ഇനങ്ങള്‍ മഴയെ പ്രതിരോധിക്കുമെന്നും ലോണ്‍ പറഞ്ഞു. സീസണിന്റെ വ്യത്യസ്ത സമയങ്ങളിലാണ് ഇറക്കുമതി ഇനങ്ങള്‍ പാകമാകുന്നത്. ഇത് കൂടുതല്‍ കാലം വിപണനം നടത്താന്‍ അവസരം നല്‍കുന്നു.

ചെറിപ്പഴങ്ങള്‍ ഏറ്റവുമധികം പാകമാകുന്നത് ജൂണ്‍ മാസത്തിലാണ്. പഴങ്ങള്‍ പറിച്ചെടുക്കുകയും തരംതിരിച്ച് പാക്ക് ചെയ്ത രാജ്യത്തെ വിവിധയിടങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്ന തിരക്കിലാണ് കശ്മീരിലെ കര്‍ഷകര്‍. കശ്മീരില്‍ പ്രതിവര്‍ഷം ശരാശരി 15,000 മെട്രിക് ടണ്‍ ചെറിപ്പഴങ്ങളാണ് വിളവെടുക്കുന്നത്. തെക്കന്‍ കശ്മീരിലെ ഷോപിയാന്‍, മധ്യ കശ്മീരിലെ ഗന്ദര്‍ബാല്‍, ശ്രീനഗര്‍ എന്നിവിടങ്ങളിലാണ് ചെറി ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നത്. 40-45 രൂപയാണ് ഒരു കിലോഗ്രാം ചെറിപ്പഴത്തിന് കര്‍ഷകര്‍ക്ക് ലഭിക്കുന്ന വില.

Next Story

RELATED STORIES

Share it