Latest News

കോട്ടയം ജില്ലയില്‍ ആറുമാസത്തിനിടയില്‍ ചൈല്‍ഡ് ലൈനില്‍ ലഭിച്ചത് 171 പരാതികള്‍; ബാലവേല പാരതികള്‍ കുറഞ്ഞു

കോട്ടയം ജില്ലയില്‍ ആറുമാസത്തിനിടയില്‍ ചൈല്‍ഡ് ലൈനില്‍ ലഭിച്ചത് 171 പരാതികള്‍; ബാലവേല പാരതികള്‍ കുറഞ്ഞു
X

കോട്ടയം: ജില്ലയില്‍ ആറു മാസത്തിനിടെ ചൈല്‍ഡ് ലൈനില്‍ ലഭിച്ചത് 171 പരാതി. പൊലിസിലും ശിശുസംരക്ഷണ യൂനിറ്റിലും ലഭിച്ച പരാതികള്‍ക്കു പുറമേ ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പരിലൂടെയാണ് പരാതികള്‍ ലഭിച്ചത്. മാസങ്ങളായി വീടുകളില്‍ കഴിഞ്ഞിരുന്ന കുട്ടികള്‍ അടുത്ത മാസം മുതല്‍ സ്‌കൂളുകളില്‍ എത്തുന്ന സാഹചര്യത്തില്‍ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് പ്രത്യേക കര്‍മപരിപാടി സമിതി ആവിഷ്‌ക്കരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചൈല്‍ഡ് ലൈന്‍ ഉപദേശക സമിതി യോഗം തീരുമാനിച്ചു.

കൊവിഡ് സാഹചര്യത്തില്‍ കുട്ടികള്‍ നേരിടുന്ന ശാരീരികമാനസികലൈംഗിക ആക്രമണങ്ങള്‍ വര്‍ധിക്കുകയാണെന്ന് യോഗം വിലയിരുത്തി. സ്‌കൂളുകളില്‍ കുട്ടികളുടെ സംരക്ഷണത്തിന് സ്വീകരിക്കേണ്ട നടപടികളും പോക്‌സോ നിയമം സംബന്ധിച്ചും സബ് ജില്ലാതലത്തില്‍ ഹെഡ്മാസ്റ്റര്‍മാര്‍, അധ്യാപകര്‍, പി.ടി.എ. ഭാരവാഹികള്‍, സ്‌കൂള്‍ ലീഡര്‍മാര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും പരിശീലനം നല്‍കും. ഹയര്‍ സെക്കന്‍ഡറി തലത്തിലുള്ള സൗഹൃദ ക്ലബ്ബുകളും പഞ്ചായത്തുതല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളും ശാക്തീകരിച്ച് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും.

ബാലവേലയുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലയില്‍ കുറവാണെങ്കിലും ബാലവേല വിമുക്ത കോട്ടയത്തിനായി തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ചൈല്‍ഡ് ലേബര്‍ സ്‌ക്വാഡ് പരിശോധന നടത്തും. പട്ടികജാതിവര്‍ഗ കോളനികളില്‍ താമസിക്കുന്ന കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്നത്തിന് എസ്.സിഎസ്.ടി. പ്രൊമോട്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.

കുട്ടികളുടെ സംരക്ഷണത്തിനായി ബന്ധപ്പെടാവുന്ന ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും ഫോണ്‍ നമ്പരുകള്‍ രേഖപ്പെടുത്തിയ വിസിബിലിറ്റി ബോര്‍ഡ് കളക്ട്രേറ്റിലും കുട്ടികളുടെ പാര്‍ക്കുകളിലും സ്ഥാപിക്കാനും യോഗം തീരുമാനിച്ചു

ഓണ്‍ലൈന്‍ യോഗത്തില്‍ ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജസ്റ്റിന്‍ മൈക്കിള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചൈല്‍ഡ്‌ലൈന്‍ നോഡല്‍ ഡയറക്ടര്‍ ഡോ. ഐപ്പ് വര്‍ഗീസ്, ചൈല്‍ഡ്‌ലൈന്‍ കൊളാബ് ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ മെച്ചേരില്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it