Latest News

പത്മരാജന്റെ ജാമ്യം നീതിനിഷേധമെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, ജിദ്ദ

പത്മരാജന്റെ ജാമ്യം നീതിനിഷേധമെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, ജിദ്ദ
X

ജിദ്ദ: സ്ത്രീകള്‍ക്കും കൊച്ചു കുട്ടികള്‍ക്കും സുരക്ഷയോടെ പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അരക്ഷിതാവസ്ഥയിലേക്കാണ് പാലത്തായി പീഡനകേസ് പ്രതി അധ്യാപകനും ബിജെപി ജില്ലാ നേതാവ് കൂടിയായ പത്മരാജന്റെ ജാമ്യത്തിലൂടെ പിണറായി സര്‍ക്കാര്‍ നാടിനെ എത്തിച്ചതെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, ജിദ്ദ കേരള ഘടകം അഭിപ്രായപ്പെട്ടു.

തുടക്കം മുതല്‍ പ്രതിയും പോലിസും തമ്മിലുള്ള ഒത്തുകളി ജനങ്ങള്‍ മനസ്സിലാക്കിയതാണ്. പ്രതി കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് മുങ്ങി എന്ന് പോലിസും വനിതാ മന്ത്രിയും പറയുമ്പോള്‍ തന്നെയാണ് പ്രതിയെ സ്വന്തം നാട്ടില്‍ ഒളിവില്‍ കഴിയവെ പിടിക്കുന്നത്.

പത്മരാജനെതിരെ കുറ്റപത്രം സമര്‍പ്പിച്ചതില്‍ പോക്‌സോ ഒഴിവാക്കിയത് നിയമോപദേശം മറികടന്നാണെന്നുള്ള മാധ്യമ വാര്‍ത്ത ഏറെ ഞെട്ടലുളവാക്കുന്നു. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പോക്‌സോയോ മറ്റ് വകുപ്പുകളോ ചുമത്തുന്നതില്‍ തെറ്റില്ലെന്നായിരുന്നു നിയമോപദേശം. എന്നാല്‍ കേസില്‍ കുറ്റപത്രം വൈകുന്നതിനെതിരെ പല ഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ റിമാന്റ് കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തി കുറ്റപത്രം തയ്യാറാക്കി പ്രതിക്ക് ജാമ്യം കിട്ടാനുള്ള സാഹചര്യം ഒരുക്കിയത്.

നിയമം കയ്യാളുന്ന പോലിസും മൗനം പൂണ്ടിരിക്കുന്ന ഭരണകര്‍ത്താക്കളും നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നതിനുള്ള മറുപടിയാണ് ദുര്‍ബ്ബലമായ കുറ്റപത്രവും പ്രതിക്ക് അനുവദിച്ച ജാമ്യവും. മനുഷ്യത്വം മരവിച്ച ഇത്തരം സംവിധാനങ്ങള്‍ക്കെതിരെ കേരളം ഒറ്റകെട്ടായി ശക്തമായ പ്രതിഷേധം ഉയര്‍ത്തിയേ മതിയാവൂ. ബാല്യത്തില്‍ തന്നെ ചവിട്ടിയരക്കപ്പെട്ട ആ കുരുന്നിന് നീതി ലഭിച്ചേ തീരൂ. കോടതിയിലും ഭരണകൂടത്തിലും വിശ്വാസമര്‍പ്പിക്കുന്നവര്‍ക്ക് നീതിനിഷേധം ഒരു തുടര്‍ക്കഥയായിക്കൊണ്ടിരിക്കുകയാണെന്ന് ഫ്രറ്റേണിറ്റി ഫോറം അഭിപ്രായപ്പെട്ടു.

ഓണ്‍ലൈന്‍ യോഗത്തില്‍ ജിദ്ദ കേരള ചാപ്റ്റര്‍ പ്രസിഡന്റ് മുഹമ്മദ് സാദിഖ് വഴിപ്പാറ, സെക്രട്ടറി മുഹമ്മദലി വെങ്ങാട് എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it