Latest News

സവര്‍ണസംവരണം റദ്ദാക്കി സുപ്രിംകോടതി വിധി നടപ്പിലാക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

സവര്‍ണസംവരണം റദ്ദാക്കി സുപ്രിംകോടതി വിധി നടപ്പിലാക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

ജിദ്ദ: ഭരണഘടനാപരമായി അനുവദിച്ചിട്ടുള്ള സംവരണ പരിധിക്കു പുറമെ അധിക സംവരണം നടപ്പാക്കാന്‍ പാടില്ലെന്ന സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള സവര്‍ണ്ണ സംവരണം റദ്ദാക്കി പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ അര്‍ഹമായ അവസരങ്ങള്‍ സംരക്ഷിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു. സവര്‍ണവിഭാഗങ്ങള്‍ക്ക് പത്തു ശതമാനം അധിക സംവരണം ഏര്‍പ്പെടുത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം വന്നപാടെ ജനറല്‍ കാറ്റഗറിക്കു പുറമെ സംസ്ഥാന സര്‍ക്കാര്‍ അമിതാവേശത്തോടെ സവര്‍ണ പ്രീണനം ലക്ഷ്യമിട്ടു ഉന്നത വിദ്യാഭ്യാസ രംഗത്തും ഉദ്യോഗ രംഗത്തും പത്തു ശതമാനം അധിക സംവരണം നടപ്പാക്കിയത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതല്‍ പിന്നോട്ട് നയിക്കുന്ന തരത്തിലുള്ളതാണ്. അമ്പത് ശതമാനം സംവരണമെന്ന പരിധി മറികടന്നുള്ള സംവരണത്തെ നീതീകരിക്കാന്‍ കഴിയില്ലെന്ന വിധിയിലൂടെ സുപ്രിംകോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു താക്കീത് നല്‍കിയിരിക്കുകയാണ്. പരമോന്നത കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ 10 ശതമാനം സവര്‍ണ സംവരണം പിന്‍വലിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര സര്‍ക്കാര്‍ നടപ്പാക്കിയ മറാത്ത സംവരണം 50 ശതമാനം സംവരണ പരിധി മറികടന്നാണെന്ന് സുപ്രിംകോടതി നിരീക്ഷിക്കുകയായിരുന്നു. ജനറല്‍ കാറ്റഗറിക്കു പുറമെയുള്ള സവര്‍ണ സംവരണം സാമൂഹിക നീതി അട്ടിമറിക്കുന്നതാണ്. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ വിദ്യാഭ്യാസ ഉദ്യോഗ തലങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ഭരണഘടനാപരമായി വിഭാവനം ചെയ്തിട്ടുള്ള 50 ശതമാനം സംവരണത്തെ മറികടന്ന് മുന്നാക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കിയതോടെ സംസ്ഥാനത്തും സംവരണ പരിധി 60 ശതമാനമായിരിക്കുകയാണ്. സര്‍ക്കാരിന്റെ സവര്‍ണ പ്രീണന നയത്തിനെതിരെയുള്ള വിധിയാണ് സംവരണ നിരക്ക് മറികടക്കാന്‍ പാടില്ലെന്ന സുപ്രിംകോടതിയുടെ വിധി. സര്‍ക്കാര്‍ ഉദ്യോഗത്തിലും വിദ്യാഭ്യാസ രംഗത്തും മുന്നാക്ക വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സംവരണം വേണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ വിചിത്ര വാദവും ഇതോടെ അപ്രസക്തമായിരിക്കുകയാണ്.

സ്വതന്ത്ര ഭാരതത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ എല്ലാ മേഖലയിലും ഇപ്പോഴും പിന്നാക്കം നില്‍ക്കുമ്പോള്‍ അധികാരത്തിന്റെ സകല മേഖലകളും കയ്യടക്കി വെച്ചിട്ടുള്ള സവര്‍ണ്ണ മേധാവിത്വത്തിന് ബാക്കിയുള്ള സ്ഥാനങ്ങളും തീറെഴുതിക്കൊടുക്കാനുള്ള പദ്ധതിയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊണ്ടിട്ടുള്ളത്.

അധികമായി നടപ്പിലാക്കിയ സവര്‍ണ്ണ സംവരണം സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ റദ്ദാക്കി ജനസംഖ്യാനുപാതിക സംവരണം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് സോഷ്യല്‍ ഫോറം സൗദി നാഷണല്‍ പ്രസിഡന്റ് അഷ്റഫ് മൊറയൂര്‍, വിവിധ റീജിയന്‍ ഭാരവാഹികളായ, ബഷീര്‍ കാരന്തുര്‍ (റിയാദ്), ഇ. എം. അബ്ദുല്ല ( (ജിദ്ദ), നമീര്‍ ചെറുവാടി, അബ്ദുല്‍ നാസര്‍ ഒടുങ്ങാട് (ദമ്മാം), മുഹമ്മദ് കോയ ചേലേബ്ര (അബഹ) എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it