Latest News

ലോക് ഡൗണ്‍: ഇനി ഇന്ത്യയിലെ ഏക ഫോര്‍മുല വണ്‍ സര്‍ക്യൂട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്രയമാകും

കൊവിഡ് 19 ലോക് ഡൗണിനെ തുടര്‍ന്ന് നഗരത്തില്‍ നിന്ന് പലായനം ചെയ്യാനൊരുങ്ങുന്ന തൊഴിലാളികള്‍ക്ക് സ്റ്റേഡിയത്തില്‍ താമസസൗകര്യമൊരുക്കാനാണ് പദ്ധതി.

ലോക് ഡൗണ്‍: ഇനി ഇന്ത്യയിലെ ഏക ഫോര്‍മുല വണ്‍ സര്‍ക്യൂട്ട് ഇതര സംസ്ഥാന  തൊഴിലാളികള്‍ക്ക് ആശ്രയമാകും
X

ന്യൂഡല്‍ഹി: രാജ്യത്തെ ഏക ഫോര്‍മുല വണ്‍ സര്‍ക്യൂട്ടായ ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിക്കാന്‍ തീരുമാനിച്ചു. ദുരന്ത നിര്‍വാഹണ നിയമമനുസരിച്ചുള്ള പ്രത്യേക അധികാരമുപയോഗിച്ച് സ്‌റ്റേഡിയം അടങ്ങുന്ന ജെപി സ്‌പോര്‍ട്‌സ് സിറ്റി ഏറ്റെടുക്കാനുള്ള നടപടികള്‍ക്ക് ഗൗതം ബുദ്ധ നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ബിഎന്‍ സിങ് തുടക്കമിട്ടതോടെയാണ് കുടിയേറ്റത്തൊഴിലാളുടെ പ്രശ്‌നത്തിന് പരിഹരിക്കാനുള്ള സാധ്യത തെളിഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. കൊവിഡ് 19 ലോക് ഡൗണിനെ തുടര്‍ന്ന് നഗരത്തില്‍ നിന്ന് പലായനം ചെയ്യാനൊരുങ്ങുന്ന തൊഴിലാളികള്‍ക്ക് സ്റ്റേഡിയത്തില്‍ താമസസൗകര്യമൊരുക്കാനാണ് പദ്ധതി.


''ജെപി സ്‌പോര്‍ട്‌സ് സിറ്റി, യമുന എക്‌സ്പ്രസ് വേയിലെ കെട്ടിടങ്ങള്‍ തുടങ്ങിയവയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന കുടിയേറ്റത്തൊഴിലാളികളുടെ ചികില്‍സ, ഭക്ഷണം, താമസം തുടങ്ങിയയ്ക്കായി ദുരന്ത നിവാരണ നിയമമനുസരിച്ച് ഏറ്റെടുക്കുക''- ഗൗതം ബുദ്ധ നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

യമുന എക്‌സ്പ്രസ്സ് ഇന്റസ്ട്രിയല്‍ ഡെവലപ്‌മെന്റ് അഥോറിറ്റിയോട് താല്‍ക്കാലിക താമസസൗകര്യങ്ങള്‍ ഒരുക്കാനും ജില്ലാ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു. ഫോര്‍മുല വണ്‍ സര്‍ക്യൂട്ടിലെ പ്രധാന ഭാഗം ഉപയോഗിക്കുകയില്ലെന്നാണ് അറിയുന്നത്.

വെള്ളം, വെളിച്ചം, താമസം തുടങ്ങിയവയ്ക്കുള്ള ഒരുക്കങ്ങള്‍ യമുന എക്‌സ്പ്രസ്സ് ഇന്റസ്ട്രിയല്‍ ഡെവലപ്‌മെന്റ് അഥോറിറ്റി ഉദ്യോഗസ്ഥര്‍ ആരംഭിച്ചിട്ടുണ്ട്. അധികം താമസിയാതെ താമസസൗകര്യവും ഒരുക്കുമെന്ന് അഥോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നവനീത് ഗോയല്‍ പറഞ്ഞു.



ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ആയിരക്കണക്കിനു കുടിയേറ്റത്തൊഴിലാളികളാണ് ഇന്ത്യയിലെ പല നഗരങ്ങളില്‍ നിന്നും സ്വന്തം നാടുകളിലേക്ക് ദേശീയപാതകള്‍ വഴി പലായനംചെയ്തുകൊണ്ടിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് മധ്യപ്രദേശിലേക്ക് കാല്‍നടയായി പോയ ഒരു യുവാവ് വഴിയില്‍ കുഴഞ്ഞുവീണ് മരിച്ചത് വാര്‍ത്തയായിരുന്നു.

കോറോണ വൈറസ് ബാധ നിയന്ത്രണാധീതമായതോടെയാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യമാസകലം 21 ദിവസത്തേക്ക് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. അതോടെ ലക്ഷണക്കണക്കിന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പണവും ഭക്ഷണവും വെള്ളവുമില്ലാതെ പെരുവഴിയിലായി.

Next Story

RELATED STORIES

Share it