Latest News

സാങ്കേതിക തകരാര്‍; ഹൈദരാബാദിലേക്ക് പറന്ന വിമാനം പാകിസ്താനില്‍ ഇറക്കി

സാങ്കേതിക തകരാര്‍; ഹൈദരാബാദിലേക്ക് പറന്ന വിമാനം പാകിസ്താനില്‍ ഇറക്കി
X

കറാച്ചി: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഷാര്‍ജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനം പാകിസ്താനിലെ കറാച്ചിയില്‍ ഇറക്കി. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അറിയിച്ചു. പറക്കുന്നതിനിടെയാണ് പൈലറ്റ് തകരാര്‍ മനസ്സിലാക്കിയത്. ഇതോടെ വിമാനം പാകിസ്താനിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. യാത്രക്കാരെ ഹൈദരാബാദിലേക്ക് എത്തിക്കാന്‍ മറ്റൊരു വിമാനം കറാച്ചിയിലേക്ക് അയക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്. വലത് എന്‍ജിനിലാണ് തകരാര്‍ കണ്ടെത്തിയത്. മുന്‍കരുതല്‍ എന്ന നിലയിലാണ് കറാച്ചിയില്‍ വിമാനമിറക്കിയത്. സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

എമര്‍ജന്‍സി ലാന്‍ഡിങ്ങായിരുന്നില്ലെന്നും സാധാരണ നിലയിലുള്ള ലാന്‍ഡിങ്ങായിരുന്നുവെന്നും വിമാനക്കമ്പനി വക്താവ് വിശദീകരിച്ചു. തകരാര്‍ കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു വിമാനം കറാച്ചിയിലേക്ക് അയച്ചത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും വിമാനക്കമ്പനി വക്താവ് അറിയിച്ചു. കമ്പനിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക അറിയിപ്പ് വന്നതിന് പിന്നാലെയാണ് ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ യാത്രക്കാരെ കറാച്ചി വിമാനത്താവളത്തിലെ ട്രാന്‍സിറ്റ് ലോഞ്ചിലേക്ക് മാറ്റിയിരുന്നു. രണ്ടാഴ്ചയ്ക്കിടെ കറാച്ചിയില്‍ ഇറക്കുന്ന രണ്ടാമത്തെ വിമാനമാണിത്. കഴിഞ്ഞയാഴ്ച ഡല്‍ഹി- ദുബയ് സ്‌പൈസ് ജെറ്റ് വിമാനമാണ് കറാച്ചിയില്‍ ഇറക്കിയത്. കോക്ക്പിറ്റിലെ ഇന്ധന ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് തകരാറിലായതിനെ തുടര്‍ന്നായിരുന്നു ഇത്.

Next Story

RELATED STORIES

Share it