Latest News

ജസ്‌നയുടെ തിരോധാനം; സിബിഐയുടെ റിപ്പോര്‍ട്ട് തള്ളണമെന്ന പിതാവിന്റെ ഹരജി കോടതി ഇന്ന് പരിഗണിക്കും

ജസ്‌നയുടെ തിരോധാനം; സിബിഐയുടെ റിപ്പോര്‍ട്ട് തള്ളണമെന്ന പിതാവിന്റെ ഹരജി കോടതി ഇന്ന് പരിഗണിക്കും
X

തിരുവനന്തപുരം: ജസ്‌നയുടെ തിരോധാന കേസില്‍ സിബിഐ സമര്‍പ്പിച്ച അന്തിമ റിപോര്‍ട്ട് തള്ളി തുടരന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടുള്ള ജസ്‌നയുടെ പിതാവിന്റെ ഹരജി തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും. ഹരജിയില്‍ സിബിഐ ഇന്ന് വിശദീകരണം സമര്‍പ്പിക്കും. കോടതി സിബിഐയ്ക്ക് അനുവദിച്ച രണ്ടാഴ്ചത്തെ സമയപരിധി ഇന്നവസാനിക്കും.

ജസ്‌നയുടെ തിരോധാനവുമായി ബന്ധപെട്ട് പല കാര്യങ്ങളും സിബിഐ അന്വേഷിച്ചിട്ടില്ലെന്നാണ് ഹരജിയിലെ പരാതി. ജസ്‌നയെ കാണാതായ സ്ഥലത്തോ, ജസ്‌നയുടെ സുഹൃത്തിനെ പറ്റിയോ, അന്വേഷണം നടത്തിയില്ലെന്നാണ് പരാതി. എന്നാല്‍ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് സിബിഐ വാദം. തിരോധാനത്തിന് പിന്നില്‍ തീവ്രവാദ സംഘങ്ങള്‍ക്ക് പങ്കുണ്ടെന്നതിനോ മതപരിവര്‍ത്തനം നടത്തിയതിനോ തെളിവില്ല. ജസ്‌ന മരിച്ചെന്നും കണ്ടെത്താനായിട്ടില്ല എന്നും സിബിഐ റിപോര്‍ട്ടിലുണ്ട്. അതിനാല്‍ ജസ്‌നയെ കണ്ടെത്താനായില്ല എന്ന നിഗമനത്തില്‍ സിബിഐ നല്‍കുന്ന വിശദീകരണ റിപോര്‍ട്ട് കേസില്‍ നിര്‍ണായകമാണ്.

അഞ്ച് വര്‍ഷം മുമ്പ് മാര്‍ച്ച് 23 മുതല്‍ കേരളം ചര്‍ച്ച ചെയ്യുന്ന പേരാണ് ജസ്‌ന മരിയെ ജെയിംസ്. കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥിയായിരിക്കുകയാണ് കൊല്ലമുള സന്തോഷ് കവലയില്‍ കുന്നത്ത് വീട്ടില്‍ ജസ്‌നയെ പെട്ടെന്നൊരു ദിവസം കാണാതാവുന്നത്. തുടക്കം മുതല്‍ ഒരു തുമ്പും തെളിവും കിട്ടാതെ അന്വേഷിച്ച് സംഘത്തെ വലച്ച അപൂര്‍വമായ തിരോധാന കേസ്. മുണ്ടക്കയം പുഞ്ചവയലിലെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോവുന്നു എന്ന് പറഞ്ഞാണ് ജസ്‌ന 2018 മാര്‍ച്ച് 22ന് വീട്ടില്‍ നിന്നിറങ്ങിയത്.

എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയെന്ന് സാക്ഷി മൊഴിയുണ്ട്. പിന്നീട് ആരും കണ്ടിട്ടില്ല. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ജസ്‌ന ഫോണ്‍ എടുത്തിരുന്നില്ല. ഇത് മനപ്പൂര്‍വമാണോ? മറന്നതാണോ? ചോദ്യങ്ങള്‍ ഒരുപാട് ബാക്കിയാണ്. വീട്ടിലുണ്ടായിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും കിട്ടിയില്ല. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ലക്ഷത്തോളം ഫോണ്‍ നമ്പറുകളാണ് ശേഖരിച്ചത്. 4,000 നമ്പറുകള്‍ സൂക്ഷ്മ പരിശോധന നടത്തി.

പെണ്‍കുട്ടിയെ കാണാതായ ദിവസം 16 തവണ വിളിച്ച ആണ്‍ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല. കേരളത്തിന് പുറത്ത് കുടകിലും ബെംഗളൂരുവിലും ചെന്നെയിലും ഒക്കെ അന്വേഷണസംഘം നേരിട്ട് ചെന്ന് അന്വേഷിച്ചു. ഇതിനിടെ പലതവണ പലയിടങ്ങളിലും ജസ്‌നയെ കണ്ടു എന്ന് സന്ദേശങ്ങള്‍ വന്നു. അന്വേഷണത്തില്‍ കാര്യമൊന്നുമുണ്ടായില്ല. തുടക്കത്തില്‍ കുറേനാള്‍ അന്വേഷണം ജസ്‌നയുടെ വീട് തന്നെ കേന്ദ്രീകരിച്ചായിരുന്നു. പിതാവ് ജെയിംസ് അടക്കം അടുത്ത ബന്ധുക്കളെ പലതവണ ചോദ്യം ചെയ്തു. സമീപകാലത്തൊന്നും ഒരു തിരോധാനക്കേസില്‍ പോകാത്ത അന്വേഷണ വഴികളിലൂടെയെല്ലാം വിവിധ അന്വേഷണ ഏജന്‍സികള്‍ നടന്നു.

വിവിധ പരീക്ഷണങ്ങള്‍, വനപ്രദേശങ്ങളില്‍ അടക്കം പരിശോധനകള്‍, അതിനിടെ ജസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന് കേരള പോലിസ് പറഞ്ഞെങ്കിലും തെളിവുകള്‍ നിരത്താനോ പെണ്‍കുട്ടിയെ കണ്ടെത്താനോ നാളിതുവരെയും കഴിഞ്ഞിട്ടില്ല. തിരോധാനത്തിന് പിന്നിലെ അന്തര്‍സംസ്ഥാന, രാജ്യാന്തര ബന്ധമടക്കം പരിശോധിച്ച ശേഷം സിബിഐയും മുട്ടുമടക്കി. പക്ഷേ ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കിയാണ്.

Next Story

RELATED STORIES

Share it